കോഴിക്കോട്: പ്രകൃതിയുടെ വിധിയെ തടുക്കാനാവില്ല എന്നൊക്കെയുള്ള വിവരക്കേടുകള്‍ ഇടതുപക്ഷ നിലപാടായി അവതരിപ്പിക്കുന്ന ഇടതുപക്ഷ എം.എല്‍.എമാരില്‍ നിന്ന് ഇടതുപക്ഷത്തിനും മോചനം നേടാനാകണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ ഇളയിടം. പരിസ്ഥിതി ലോല മേഖലയെന്നത് മാധവ് ഗാഡ്ഗിലിന്റെ ഭാവനയല്ല എന്നു കൂടിയാണ് ഈ പ്രളയകാലം നമ്മെ പഠിപ്പിച്ചതെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ടത്തിലുടനീളം പാറമടകള്‍ തീര്‍ത്തും വനഭൂമി കയ്യേറിയുമുള്ള വികസനം ഇനിയെങ്കിലും അവസാനിപ്പിക്കാനാകണമെന്നും തണ്ണീര്‍ത്തടങ്ങളെയും വയല്‍ നിലങ്ങളെയും ഭൂമാഫിയകള്‍ക് മണ്ണിട്ട് തൂര്‍ക്കാന്‍ വിട്ടു കൊടുത്ത വികസന പരിപ്രേക്ഷ്യം കൂടിയാണ് ഈ പ്രളയത്തെ ഇത്രമേല്‍ മാരകമാക്കിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
“പുഴകളുടെയും നീര്‍ച്ചാലുകളുടെയും സ്വാഭാവികമായ ഒഴുക്കുവഴികളുടെ സംരക്ഷണം. മഹാപ്രളയങ്ങള്‍ എപ്പോഴുമുണ്ടാകില്ല എന്നതിനര്‍ത്ഥം നദീതടങ്ങള്‍ കയ്യേറി കെട്ടിടം പണിയാം എന്നല്ല. കുന്നിടിച്ചും പാറപൊട്ടിച്ചും മണലൂറ്റിയും അനിയന്ത്രതമായി നടക്കുന്ന പാര്‍പ്പിട സമുച്ചയങ്ങളുടെയും ഫ്‌ലാറ്റ് – വില്ല നിര്‍മ്മാണങ്ങളെയും നിയന്ത്രിക്കണം .കേരളത്തിന്റെ പാര്‍പ്പിടാവശ്യവും ഇവിടെ നടക്കുന്ന പാര്‍പ്പിടനിര്‍മ്മാണവും തമ്മില്‍ ബന്ധമുണ്ടെന്ന് ഉറപ്പാക്കാനാവണം” ഇളയിടം പറഞ്ഞു.
“ഇത്തരം കാര്യങ്ങള്‍ കൂടി ഉറപ്പാക്കിയാലേ കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്ന ആശയത്തിന് അര്‍ത്ഥമുണ്ടാവൂ. അതേക്കുറിച്ചുള്ള ആലോചനകള്‍ ഗൗരവപൂര്‍വ്വം നടക്കേണ്ട വേദികളില്‍ “പാറമടയുള്ളതുകൊണ്ടാണോ കാടിനുള്ളില്‍ ഉരുള്‍ പൊട്ടിയത്?” എന്നും
“പ്രകൃതിയുടെ വിധിയെ തടുക്കാനാവില്ല “എന്നുമൊക്കെയുള്ള വിവരക്കേടുകള്‍ ഇടതുപക്ഷ നിലപാടായി അവതരിപ്പിക്കുന്ന “ഇടതുപക്ഷ ” എം.എല്‍. എ. മാരില്‍ നിന്ന് ഇടതുപക്ഷത്തിനും മോചനം നേടാനാകണം” ഇളയിടം കൂട്ടിച്ചേര്‍ത്തു.