കേന്ദ്രം 65,000 ടണ്‍ മരുന്നെത്തിച്ചെന്ന് 'തള്ളല്‍' വാര്‍ത്ത: സോഷ്യല്‍ മീഡിയയില്‍ നാണംകെട്ട് ജന്മഭൂമി
Kerala Flood
കേന്ദ്രം 65,000 ടണ്‍ മരുന്നെത്തിച്ചെന്ന് 'തള്ളല്‍' വാര്‍ത്ത: സോഷ്യല്‍ മീഡിയയില്‍ നാണംകെട്ട് ജന്മഭൂമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd August 2018, 4:04 pm

കോഴിക്കോട്: കേരളത്തിലെ ദുരിതബാധിതര്‍ക്കായി കേന്ദ്ര ആരോഗ്യ വകുപ്പ് 65000 ടണ്‍ മരുന്നയച്ചെന്ന ബി.ജെ.പി മുഖപത്രമായ ജന്മഭൂമി വാര്‍ത്ത വസ്തുതാവിരുദ്ധം. ദുരിതബാധിതരുടെ കണക്കും വാര്‍ത്തയിലെ മരുന്നിന്റെ കണക്കും തമ്മിലുള്ള വൈരുദ്ധ്യം തന്നെ റിപ്പോര്‍ട്ടിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ്.

പത്തുലക്ഷം പേര്‍ പ്രളയദുരിത ബാധിതരാണെന്നാണ് കണക്ക്. വാര്‍ത്തയില്‍ അവകാശപ്പെടുന്നതുപോലെ 65,000 ടണ്‍ മരുന്ന് അതായത് 65000000 കിലോ മരുന്ന് എത്തിച്ചിട്ടുണ്ടെങ്കില്‍ ഒരാള്‍ക്ക് 65 കിലോ മരുന്ന് കിട്ടും. മാധ്യമങ്ങള്‍ പാലിക്കേണ്ട അടിസ്ഥാനപരമായ വസ്തുതാ പരിശോധന പോലും നടത്താതെയാണ് ജന്മഭൂമി ഈ അബദ്ധവാര്‍ത്ത നല്‍കിയത് എന്നത് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്.

ജന്മഭൂമി റിപ്പോര്‍ട്ടിനെ പരിഹസിച്ച് സഞ്ജീവനി അടക്കമുള്ള ട്രോള്‍ പേജുകള്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്.


മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം; ചെറുതോണി ഒഴികെ എവിടേയും ജാഗ്രത നല്‍കിയില്ല: പിണറായിക്കെതിരെ വീണ്ടും ചെന്നിത്തല


“കേന്ദ്രം കേരളത്തിന് അയച്ചത് പ്രധാനമായും ബാബ രാംദേവ്ജിയുടെ പതഞ്ജലി നീലഫ്രിങ്ങാതി കഷണ്ടി നിവാരണ മരുന്നും പതഞ്ജലിയുടെ തന്നെ നൂറ് ശതമാനം ആയുര്‍വേദിക്ക് ക്രീമുകളും ആണ്. കേരളത്തില്‍ ആകെ 10 ലക്ഷം പ്രളയ ബാധിതനാണ് ഉള്ളത്. അവര്‍ക്ക് 65000 ടണ്‍ എന്ന് പറയുമ്പോള്‍ മൊത്തം 65000 ഃ 1000 കിലോഗ്രാം മരുന്നുകള്‍ വരും. അതായത് ഒരാള്‍ക്ക് 65 കിലോ മരുന്ന്. ഇത്രയുമൊക്കെ ചെയ്ത സര്‍ക്കാരിനെ ആണ് നിങ്ങള്‍ അപമാനിക്കുന്നത് എന്നോര്‍ക്കണം!
ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന മരുന്നുകള്‍ കഞ്ഞിയുടെ ഒപ്പം പൊടിച്ച് കര്‍ക്കിട ഔഷധ കഞ്ഞിയായി ഉപയോഗിക്കാവുന്നതുമാണ് എന്ന് വൃത്തങ്ങള്‍ അറിയിച്ചു. കേഴുക കേരളമേ കരുണാമയനായ ആ ഭരണാധികാരിയുടെ പാദാരവിന്ദന്ങ്ങളില്‍. ഉറക്കെ വിളിക്കാം ഇനി നമുക്ക് – ഭാരത് മാതാ കി ജയ്!” എന്ന കുറിപ്പോടെയാണ് സഞ്ജീവനി ജന്മഭൂമി വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്.

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്ന വിമര്‍ശനം കേരള ജനത ഒന്നടങ്കം ഉന്നയിക്കുന്നുണ്ട്. 20000 കോടി രൂപയുടെ നഷ്ടമുണ്ടായ സംഭവത്തില്‍ വെറും 600 കോടി മാത്രമാണ് കേന്ദ്രം സഹായമായി ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളുള്‍പ്പെടെ കേരളത്തിന് വാഗ്ദാനം ചെയ്തിരുന്ന സഹായം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജന്മഭൂമി ഇത്തമൊരു വ്യാജ പ്രചരണം നടത്തുന്നത്.