| Sunday, 11th August 2019, 11:01 am

മഴ കുറയുന്നു; ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വടക്കന്‍ ജില്ലകളില്‍ ജാഗ്രത തുടരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ കുറയുന്നതായി റിപ്പോര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. വടക്കന്‍ ജില്ലകളില്‍ ജാഗ്രത തുടരണം.

മലയോര ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ചൊവ്വാഴ്ച വരെ തീരദേശ ജില്ലകളില്‍ മഴ തുടരും. പൊതുവെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലാണ് ഇന്നും റെഡ് അലെര്‍ട്ട് തുടരുന്നത്.

അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്താതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു മുന്നറിയിപ്പ് നല്‍കി. ഏഷ്യാനെറ്റ് ന്യൂസാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വാഹനങ്ങള്‍ വിട്ടുനല്‍കാത്ത ജില്ലയിലെ 14 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കളക്ടര്‍ നടപടി സ്വീകരിച്ചിരുന്നു. ദുരന്തനിവാരണ വകുപ്പ് പ്രകാരമായിരുന്നു നടപടി.

മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിട്ടും വാഹനങ്ങള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ നടപടി സ്വീകരിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനമായി സര്‍ക്കാര്‍തലത്തില്‍ തീരുമാനം ഉണ്ടായിട്ടും ഈ ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. ഈ ഓഫീസുകളില്‍ പലതും സിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്.

We use cookies to give you the best possible experience. Learn more