| Saturday, 18th August 2018, 9:22 am

ഈ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലെ റിയല്‍ ഹീറോസ് ഇവരാണ്, ഈ മത്സ്യതൊഴിലാളികള്‍.. ഇവരില്ലായിരുന്നു എങ്കില്‍...

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിഖില്‍ രവീന്ദ്രന്‍

ഇന്നലെ റോഡിന് മുകളിലൂടെയാണ് ബോട്ട് ഓടിക്കേണ്ടിയിരുന്നത് എങ്കില്‍ ഇന്ന് വീടിന് മുകളില്‍ക്കൂടിയാണ് ബോട്ട് ഓടിക്കേണ്ടി വരുന്നത്. വിഴിഞ്ഞം, അഴീക്കല്‍ എന്നിങ്ങനെ പല തീരദേശ ഭാഗങ്ങളിലുള്ളവര്‍ ബോട്ടുമായി വരുന്നുണ്ട് ഏതോ മൂലക്ക് കിടക്കുന്ന മനുഷ്യരൊക്കെ ആരുടെയും കാര്യമായ നിര്‍ദേശം പോലും ഇല്ലാതെ കിട്ടുന്ന നാഷണല്‍ പെര്‍മിറ്റ് വണ്ടികളിലൊക്കെ ബോട്ട് കയറ്റി വരികയാണ്. തമിഴ്‌നാട് രജിസ്‌ട്രെഷന്‍ വണ്ടികള്‍ പോലും ധാരാളമുണ്ട്.

വരുന്നവര്‍ ഷെയറിട്ട് ഡീസലും പെട്രോളുമൊക്കെ അടിച്ചാണ് എത്തുന്നത്.. അവരുടെ അവസ്ഥയും കഷ്ട്മാണ്.. പലരും ആഹാരം പോലും മര്യാദക്ക് കിട്ടാതെ രാപ്പകല്‍ പണിയെടുക്കുന്നു, മറ്റ് പലരുടെയും ബോട്ടുകള്‍ സ്വന്തം റിസ്‌കില്‍ എടുത്തുകൊണ്ടാണ് വന്നിരിക്കുന്നത്, ഒരുപാട് ബോട്ടുകള്‍ ഇടിച്ചും തട്ടിയും തകര്‍ന്ന് തിരികെ കൊണ്ടുപോകുന്നു.

കുറച്ച് മുന്‍പ് ഒരു ബോട്ട് മുങ്ങിയെന്നും കേട്ടു. നല്ല ഒഴുക്കുള്ള സ്ഥലങ്ങളില്‍ ബോട്ട് ഇറക്കാനും പാടാണ്. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആവശ്യത്തിന് വെളിച്ചം പോലും ഇല്ല. കടലില്‍ പോകുന്ന വലിയ ബോട്ടുകള്‍ ഒഴിച്ച് ബാക്കി ഇവിടെ ഉപയോഗിക്കാന്‍ കഴിയുന്നവയെല്ലാം സ്ഥലത്തെക്ക് കൊണ്ടുവരുന്നു.

അഴീക്കലില്‍ നിന്ന് വന്ന ചിലരോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് മൂന്ന് ദിവസമായി വീടിന് പുറത്താണ്, ഒരാളുടെ കല്യാണം കഴിഞ്ഞാഴ്ച്ചയാണ് നടന്നത്. പച്ചവിറക് ഊതി കത്തിച്ച് പകുതി വെന്ത ചോര്‍ കഴിച്ചാണ് ഇന്നലെ കഴിച്ചുകൂട്ടിയത് എന്ന്. മുഴുവന്‍ സമയവും നനഞ്ഞ തുണിയാണ് ദേഹത്ത്. അവരുടെ നാട്ടില്‍ ഇപ്പോള്‍ സ്ത്രീകള്‍ മാത്രമാണുള്ളതെന്ന്, മിക്കവാറും വീടുകളിലെ പുരുഷന്മാര്‍ എല്ലാം ദുരന്തമുഖത്തുണ്ട്.

അടുത്തുള്ള അമ്പലങ്ങളില്‍ നിന്നോ പള്ളികളില്‍ നിന്നോ ഒക്കെ കിട്ടിയ വിവരമനുസരിച്ച് ഒന്നുമാലോചിക്കാതെ ഇറങ്ങി പുറപ്പെട്ടവരാണ്, എന്ത് വന്നാലും ചാകുന്നതിന് മുന്‍പ് ഒരുത്തനെ എങ്കിലും വലിച്ച് കരക്ക് കയറ്റുക എന്നത് മാത്രമാണ് ഭായ് ലക്ഷ്യം എന്നൊരുത്തന്‍ എന്നോട് പറഞ്ഞു.

ഏതോ കോണില്‍ താരതമ്യേന സുരക്ഷിതരായി കിടക്കുന്നവര്‍ ഇത്രയധികം ബുദ്ധിമുട്ടി, കുടുംബവും വേണ്ടപ്പെട്ടവരെയും ഉപേക്ഷിച്ച് തങ്ങളുടെ ജീവനോപാധി വരെ പണയം വച്ച് ഇവിടെ വന്നതെന്തിനാണെന്ന് ചോദിച്ചാല്‍, “വെറും മനുഷ്വത്വം” എന്നാണ് ഉത്തരം. ഒരു കാലത്ത് സുനാമി, ജീവിതം നശിപ്പിച്ച അവരേക്കാള്‍, വെള്ളത്തിനു നടുവിലകപ്പെട്ടവന്റെ നിസ്സഹായത മനസിലാക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക. അത്യാവശ്യം സ്‌നാക്‌സും വെള്ളവും അവരെ ഏല്‍പ്പിച്ചു, അതിനവര്‍ എത്ര നന്ദി പറഞ്ഞു എന്നോര്‍മ്മയില്ല. നമ്മള്‍ വീണ്ടും ചെറുതായി പോയപോലെ..

ഈ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലെ റിയല്‍ ഹീറോസ് ഇവരാണ് , ഈ മല്‍സ്യതൊഴിലാളികള്‍. ഇവരില്ലായിരുന്നു എങ്കില്‍….. നന്ദി പറഞ്ഞ് നികത്താനാവാത്ത കടം. കേരളം എന്നും ഈ മനുഷ്യരെ ഓര്‍ത്തിരിക്കണം, കടപ്പെട്ടിരിക്കണം.

We use cookies to give you the best possible experience. Learn more