| Saturday, 25th August 2018, 12:26 pm

കന്നിമൂലയും കക്കൂസും..

സുരേഷ് സി പിള്ള

വളരെ പ്രശസ്തനായ ഒരു വാസ്തു/ ജ്യോതിഷ പണ്ഡിതന്‍ താന്‍ പ്രവചിച്ച മഴയെക്കുറിച്ചുള്ള വിഷു ഫലത്തില്‍ പറഞ്ഞിരുന്നത് ” ജൂലൈ 17 മുതല് ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല് 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്വ്വതങ്ങളില് കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല.” എന്നാണ്.

എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റായിരുന്നു എന്നും, കേരളത്തില്‍ വന്‍ പ്രളയം ഉണ്ടായി എന്നതും ചരിത്രത്തിന്റെ ഭാഗമായി.

“തെറ്റിയത് തനിക്കാണ്, ജ്യോതിഷത്തിനല്ല” എന്ന് അദ്ദേഹത്തിന്റെ പത്രക്കുറിപ്പും വന്നു.

എന്നാല്‍ എന്റെ അഭിപ്രായത്തില്‍ തെറ്റിയത്, അദ്ദേഹത്തിനല്ല, ജ്യോതിഷത്തിനാണ്. അദ്ദേഹത്തിന് തെറ്റാന്‍ സാധ്യത കുറവല്ലേ? വളരെ വര്‍ഷങ്ങളായുള്ള അറിവും, പ്രവര്‍ത്തി പരിചയവും, പരിജ്ഞാനവും ഉള്ള അദ്ദേഹത്തിന് തെറ്റില്ല.

പക്ഷേ, അദ്ദേഹം വിശ്വസിക്കുന്ന ശാസ്ത്രം തട്ടിപ്പാണ്, അതു കൊണ്ടാണ്, അതു കൊണ്ട് മാത്രമാണ് തെറ്റിയത്.

ഇത് തട്ടിപ്പു ശാസ്ത്രമാണ് എന്ന് ഒരു മാസം മുന്‍പേ, ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ജ്യോതിഷ വിശ്വാസികള്‍ “തെളിവ് എവിടെ?” എന്ന് മുറവിളി കൂട്ടിയേനെ.

ഇപ്പോള്‍ ദാ “തെളിവ്, തെങ്ങും തടി പോലെ മുന്നില്‍ കിടക്കുന്നു.”

അപ്പോള്‍ അദ്ദേഹം പറയുന്നത് “ലഗ്‌നത്തില്‍ വിഗ്‌നവും വ്യാഴം നീചസ്ഥാനത്തും ” നിന്ന സമയത്തു ഗണിച്ചതിനാലാണ് തെറ്റ് പറ്റിയതെന്നാണ്.

അപ്പോള്‍ ഈ “ലഗ്‌നത്തില്‍ വിഗ്‌നം” വന്ന സമയങ്ങളില്‍ ഗണിച്ചു ചേര്‍ത്ത “ഒരിക്കലും ചേരാത്ത” ആയിരക്കണക്കിന് വിവാഹപ്പൊരുത്തങ്ങള്‍ക്ക് ആര് ഉത്തരം പറയും?

“വ്യാഴം നീചസ്ഥാനത്തു” നിന്നപ്പോള്‍ ഗണിച്ചുണ്ടാക്കിയ “സ്ഥാനം തെറ്റിയ” പതിനായിരക്കണക്കിന് വീടുകള്‍ക്ക് ആര് ഉത്തരം പറയും?

ജ്യോതിഷത്തിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍ കബളിപ്പിക്കാന്‍ എളുപ്പമാണ്, പക്ഷെ അത് തെളിയിക്കാന്‍ ഒരിക്കലും സാധ്യം ആവുകയും ഇല്ലായിരുന്നു.

മിക്കവാറും ജ്യോതിഷ പ്രവചനങ്ങള്‍ “വ്യക്ത്യാധിഷ്ഠിതമാണ്” ശരി ആയാല്‍ മാത്രം പലരും പുറത്തു പറയുകയും, തെറ്റിയാല്‍ മിണ്ടാതെ ഇരിക്കുകയും ചെയ്യും.

അന്‍പത്തി അഞ്ചില്‍ മരിക്കും എന്നു പറഞ്ഞ പലരും എണ്‍പത്തിലും, തൊണ്ണൂറിലും ഒക്കെ ആരോഗ്യത്തോടെ നടക്കുന്നത് പലര്‍ക്കും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. ഇങ്ങനെയുള്ള കേസുകളില്‍ “മരിക്കാത്തവര്‍ക്ക് ഒരിക്കലും പരാതി ഉണ്ടാവാറില്ല.” എണ്‍പത്തില്‍ മരിക്കും എന്ന് പറഞ്ഞവര്‍ അന്‍പതില്‍ മരിച്ചാല്‍, ചോദിക്കാന്‍ പിന്നെ, ആളെ ഇല്ലല്ലോ?

ഇപ്പോള്‍ ദാ മീഡിയയില്‍ കൂടി നടത്തിയ “കാലാവസ്ഥ പ്രവചനം” തെളിവുള്‍പ്പെടെ പുറത്തു വന്നപ്പോള്‍ ജ്യോതിഷ ശാസ്ത്രം “വീണിതല്ലോ, കിടക്കുന്നു ധരിണിയില്‍…………” എന്ന രീതിയില്‍ ആയത്.

അതേപോലെയുള്ള മറ്റൊരു വലിയ തട്ടിപ്പാണ്, വാസ്തു.

പമ്പാ, അച്ചന്‍കോവില്‍, മുല്ലപ്പെരിയാര്‍ തീരങ്ങളില്‍ ഉള്ള വീടുകള്‍ നോക്കിയാല്‍ അറിയാം, പലതും വാസ്തു പ്രകാരം രൂപകല്‍പ്പന ചെയ്തതായിരിക്കും എന്ന്.

കോടികള്‍ മുടക്കി വാങ്ങിയ “വാസ്തു ഗ്രാമം” വില്ലകളും ഇതില്‍ ഉണ്ടാവാം.

ആര്‍ത്തുലച്ചു വരുന്ന പ്രളയജലം, വാസ്തു കൊണ്ട് നിര്‍മ്മിച്ചതാണോ അല്ലയോ എന്ന് നോക്കിയല്ല അതില്‍ കൂടി ഒഴുകുന്നത്.

വലിയ ഒരു തമാശ എന്താണെന്നു വച്ചാല്‍ പല സിവില്‍ എന്‍ജിനീയറന്‍ മാരും, വാസ്തു കണ്‍സല്‍ട്ടണ്ടുകള്‍ കൂടിയാണ്.

അല്ലാത്തവര്‍ക്ക് പണിയില്ലാത്ത അവസ്ഥയാണ്.

ഇത് ഒരു മാതിരി “മോഡേണ്‍ മെഡിസിന്‍” പഠിച്ച ഡോക്ടര്‍മാര്‍ “കൂടോത്രം” കണ്‍സല്‍ട്ടണ്ട് കൂടി ആകുന്ന പോലെ ആണ്.

ഇപ്പോള്‍ തമാശ ആയി തോന്നുമെങ്കിലും മിക്കവാറും ഉടനെ തന്നെ ഇതും കൂടി കാണേണ്ടി വരുന്ന ലക്ഷണങ്ങള്‍ ആണ് കാണുന്നത്.

ചിരിക്കാന്‍ വരട്ടെ, മുഹൂര്‍ത്തം നോക്കി, ഓപ്പറേഷന്‍ നടത്തുന്ന ഒരു ഡോക്ടറെ ക്കുറിച്ചു ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അതേപോലെ, നല്ല നക്ഷത്രം നോക്കി സിസേറിയന്‍ നടത്താന്‍ നിര്‍ബന്ധിതരായ ഗൈനക്കോളജിസ്റ്റ് മാരെയും നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അടുത്ത സ്റ്റേജ് കൂടോത്രമാണ്, അത്രേ, ഉള്ളൂ.

തിരുവന്തപുരത്തേക്ക് വന്നാല്‍, ജ്യോതിഷം നോക്കി ഫലം പറയുന്ന “സ്‌പേസ് സയന്റിസ്റ്റുകളെ” കാണാം. അപ്പോള്‍ ഡോക്ടര്‍മാര്‍ “കൂടോത്രം” കണ്‍സല്‍ട്ടണ്ട് കൂടി ആകാനുള്ള സാധ്യത ഇല്ലാതില്ല.

കക്കൂസ് പണിയാന്‍, കന്നിമൂല നോക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യം, ഇതൊക്കെ താളിയോലയില്‍ എഴുതിയപ്പോള്‍ “കക്കൂസ്” എന്നൊരു ആശയമേ ഉണ്ടായിക്കാണില്ല.

അന്നൊക്കെ, കുറ്റിക്കാട്, പാറയുടെ മറവ് ഒക്കെ ആയിരുന്നു കക്കൂസ്. പ്രകൃതിയുടെ വിളി വരുമ്പോള്‍, കന്നിമൂല അല്ല, നല്ല മറവുള്ള സ്ഥലം ആയിരിക്കണം “വാസ്തുശാത്രം” എഴുതിയ മഹര്‍ഷിമാരും നോക്കിയിരുന്നത്.

ഒരു നാല്പത്തഞ്ച് അന്‍പത് വയസ്സുള്ളവരോട് ചോദിച്ചാല്‍ അറിയാം, എന്നാണ് വീട്ടില്‍ കക്കൂസ് പണിതത് എന്ന്. എന്റെ വീട്ടില്‍ കക്കൂസ് പണിതത് എനിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ ആണ്. അതും വീടിനു പുറത്ത്. പല ബന്ധു വീടുകളിലും കക്കൂസ് വന്നത് പിന്നീട് ഒരു പത്തു വര്‍ഷം കൂടി കഴിഞ്ഞതാണ്.

കറുകച്ചാല്‍ ഗവണ്മെന്റ് L.P സ്‌കൂളില്‍ പഠിക്കുമ്പോള്‍, എന്റെ സഹപാഠികളില്‍ ഭൂരിഭാഗം പേര്‍ക്കും വീട്ടില്‍ കക്കൂസ് ഇല്ലായിരുന്നു. ഞങ്ങള്‍ ഒക്കെ ബാല്യ കാലം, കക്കൂസ് ഒരു ആഡംബരം ആയിരുന്ന കാലത്താണ്.

വീടിനകത്ത് കക്കൂസ് എന്ന രീതി വ്യാപകം ആയി വന്നിട്ട് ഏകദേശം മുപ്പത് വര്‍ഷമേ ആയിക്കാണൂ. വാസ്തു ഒക്കെ വ്യാപകം ആയത് ഏകദേശം പതിനഞ്ചു വര്‍ഷമേ ആയിക്കാണൂ.

പറഞ്ഞു വന്നത്, വാസ്തു പുരുഷന്റെ കിടപ്പ് അനുസരിച്ചല്ല വീട് പണിയേണ്ടത്, മറിച്ച്, പുഴയുടെ കിടപ്പ്, സ്ഥലത്തിന്റെ ഉറപ്പ്, ചരിവ്, മലയുടെ കിടപ്പ് ഇവയൊക്കെ നോക്കി ആവണം. വീട് പണിയുന്നതിന് മുന്‍പേ, വാസ്തു വിദഗ്ദനെ അല്ല കാണേണ്ടത്. സ്ഥലം വാങ്ങുന്നതിനും മുന്‍പേ, നല്ല ഒരു സ്ട്രക്ക്ച്ചറല്‍/ സിവില്‍ എഞ്ചിനീയറെ കാണിച്ചു വീട് പണിയാന്‍ പറ്റിയ സ്ഥലം ആണോ എന്ന് ഉറപ്പു വരുത്തുക. വീട് പണിയുമ്പോളും സമര്‍ത്ഥനായ ഒരു സ്ട്രക്ക്ച്ചറല്‍/ സിവില്‍ എന്‍ജിനീയറുടെ ഉപദേശ പ്രകാരമേ വീട് ഉണ്ടാക്കാവൂ.

2018 ലെ പ്രളയം നമുക്ക് പല പാഠങ്ങള്‍ പഠിപ്പിച്ചു. അതില്‍ പ്രധാനമാണ് ജ്യോതിഷം, വാസ്തു ഇവയൊക്കെ തട്ടിപ്പാണെന്നത് തെളിവു സഹിതം കാണിച്ചു തന്നത്.

സുരേഷ് സി പിള്ള

Latest Stories

We use cookies to give you the best possible experience. Learn more