ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് പുറത്തിറക്കി; എതിര്‍പ്പുള്ളവര്‍ സമ്മതമല്ലെന്ന് ഒപ്പിട്ട് നല്‍കണം
Kerala Flood
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് പുറത്തിറക്കി; എതിര്‍പ്പുള്ളവര്‍ സമ്മതമല്ലെന്ന് ഒപ്പിട്ട് നല്‍കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th September 2018, 7:41 am

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ചൊവ്വാഴ്ച്ച രാത്രി പുറത്തിറക്കിയ സര്‍ക്കുലറില്‍ ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ ഒപ്പിട്ടുനല്‍കേണ്ട ഒറ്റവരി പ്രസ്താവനയുമുണ്ട്.

പ്രതിപക്ഷ അധ്യാപക സര്‍വീസ് സംഘടനകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശമ്പളം പിടിക്കാനുള്ള സമ്മതപത്രം വേണമെന്ന വ്യവസ്ഥ അംഗീകരിച്ചിട്ടില്ല. എന്നാല്‍, പി.എഫ്., ആര്‍ജിതാവധി എന്നീ ഇനത്തില്‍നിന്ന് വിഹിതം നല്‍കാം എന്നതുള്‍പ്പെടെ ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ പറഞ്ഞിരുന്നതുപോലെ പരമാവധി പത്ത് ഗഡുക്കളായിട്ടായിരിക്കും ശമ്പളം ഈടാക്കുക. സെപ്റ്റംബറിലെ ശമ്പളംമുതല്‍ വിഹിതം പിടിക്കും.


Read Also : എ.ബി.വി.പിയ്ക്ക് അടിതെറ്റി; രാജസ്ഥാനില്‍ ചരിത്രം കുറിച്ച് എസ്.എഫ്.ഐ


 

നല്‍കുന്ന തുകയുടെ ഗഡുക്കളുടെ എണ്ണം കൂട്ടിയിട്ടില്ല. ശമ്പളപരിഷ്‌കരണത്തിലെ കുടിശ്ശികത്തുക നിധിയിലേക്ക് ഈടാക്കും. ഈ സെപ്റ്റംബറിലെ ഗ്രോസ് സാലറി അടിസ്ഥാനമാക്കിയാണ് ഒരുമാസത്തെ ശമ്പളത്തുക കണക്കാക്കുക. ഇങ്ങനെ ഒരുമാസത്തെ ആകെ ശമ്പളത്തിന് തത്തുല്യമായ തുകയായിരിക്കും പത്ത് ഗഡുക്കളായി ഈടാക്കുക.

നേരത്തേ സംഭാവന ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒരുമാസത്തെ ശമ്പളത്തുകയില്‍നിന്ന് കുറവുചെയ്യും. ഇതിന് സംഭാവന നല്‍കിയതിന്റെ രസീത് സഹിതം ഡി.ഡി.ഒ.മാര്‍ക്ക് അപേക്ഷ നല്‍കണം. ശമ്പളം നല്‍കാന്‍ വിമുഖതയുള്ളവര്‍ വിസമ്മത പ്രസ്താവന 22-നകം നല്‍കണം.

സംഭാവന നല്‍കാന്‍ സമ്മതമല്ല എന്ന പ്രസ്താവന സമര്‍പ്പിച്ച ജീവനക്കാര്‍ ഒഴികെയുള്ളവരുടെ വിഹിതം സ്പാര്‍ക്ക് മുഖേനയാണ് ഈടാക്കുന്നത്. ഇന്‍കം ടാക്സ് ഇളവിനര്‍ഹരായവര്‍ക്ക് അതതു സാമ്പത്തികവര്‍ഷം തന്നെ ലഭിക്കും.

എതിര്‍പ്പുള്ളവര്‍, പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്റെ ഒരുമാസത്തെ ശമ്പളത്തിന് തുല്യമായ തുക നല്‍കുന്നതിന് സമ്മതല്ലെന്ന് അറിയിക്കുന്നു എന്ന് ഒപ്പിട്ടുനല്‍ണം.