കോഴിക്കോട്: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ ക്ഷീരമേഖലയ്ക്ക് ഏറ്റത് കനത്ത ആഘാതം. നഷ്ടത്തെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമായി വരുന്നേയുള്ളൂവെന്നും വാര്‍ഷിക പദ്ധതിയില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി ഈ പ്രതിസന്ധി മറികടക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും ക്ഷീര വികസനവകുപ്പ് ഡയറക്ടര്‍ അബ്രഹാം.ടി. ജോസഫ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
“”കര്‍ഷകര്‍ക്ക് സഹായങ്ങള്‍ നല്‍കാനും അടിയന്തര സഹായം എന്ന നിലയില്‍ കാലിത്തീറ്റയും പച്ചപ്പുല്ലും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്. വയനാട്, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലൊക്കെ വലിയ നഷ്ടമുണ്ടായിട്ടുണ്ട്. ജില്ലാതല നഷ്ടങ്ങള്‍ ശേഖരിച്ചുവരുന്നേയുള്ളൂ.””- അദ്ദേഹം പറഞ്ഞു.
വിവിധ പദ്ധതികളിലൂടെ ചെലവഴിക്കുന്ന തുകയില്‍ ക്രമീകരണം നടത്തി ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ക്ഷീര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമീണ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും ഉപദേശക സര്‍വീസുകളും പദ്ധതിയിലെ കണ്ടിജന്‍സി ധനസഹായം, ക്ഷീരകര്‍ഷകരുടെ ദേശീയ പഠനയാത്ര എന്നീ ഇനങ്ങളില്‍ നിന്നായി ഒരു തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
ബ്ലോക്കുതല ക്ഷീരസംഗമം നടത്തുകയോ മുന്നൊരുക്കങ്ങള്‍ക്കായി ചിലവഴിച്ചതോ ആയ തുക ഒഴിച്ച് ബാക്കിയുള്ളതും ഇതോടൊപ്പം ചേര്‍ക്കും.
ക്ഷീരമേഖലയില്‍ മൊത്തത്തില്‍ സംഭവിച്ച നഷ്ടങ്ങള്‍ എത്രയെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും മലബാര്‍ മേഖലയില്‍ വയനാട്, പാലക്കാട്, കോഴിക്കോടിന്റെയും കണ്ണൂരിന്റേയും കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നായര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
“” കൃത്യമായ നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല. എങ്കിലും ധാരാളം പശുക്കളെ നഷ്ടമായതായിട്ടും കാര്‍ഷിക വൃത്തി നഷ്ടപ്പെട്ടതായും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പാലുല്‍പ്പാദനത്തിന്റെ കാര്യം നോക്കുകയാണെങ്കില്‍ 50000 ലിറ്ററോളം പാലുല്‍പ്പാദനം കുറഞ്ഞിട്ടുണ്ട്.
എങ്കിലും ഇത് മറികടക്കാന്‍ പറ്റുമെന്ന പ്രതീക്ഷ തങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറയുന്നു.”” കാലാവസ്ഥാ ദുരിതം പേറേണ്ടി വന്ന ഈ സാഹചര്യങ്ങള്‍ ഞങ്ങള്‍ ഇന്ന് ബോര്‍ഡ് മീറ്റിങ് ചേര്‍ന്നിരുന്നു. ക്ഷീരകര്‍ഷകനെ സഹായിക്കാനായി മലബാര്‍ മേഖലയില്‍ രണ്ടേകാല്‍ കോടി രൂപയുടെ സഹായം നല്‍കാനാണ് തീരുമാനം. കാലിത്തീറ്റയായും പച്ചപ്പുല്ലായും കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നഷ്ടത്തിന്റെ മൊത്തമായ കണക്ക് അതാത് പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ചുവരുന്നതേയുള്ളൂ. നഷ്ടത്തെ കുറിച്ച് ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റില്ല. പ്രാദേശികമായി സംഘം പ്രസിഡന്റുമാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പോയി കണ്ട് അവസ്ഥ മനസിലാക്കാതെ ഒന്നും പറയാന്‍ പറ്റില്ല. പക്ഷേ വലിയ രീതിയില്‍ കാലി സമ്പത്ത് നഷ്ടമായി എന്നത് യാഥാര്‍ഥ്യമാണ്. അതിനെ കുറിച്ച് വലിയ കാഴ്ചപ്പാട് ഇല്ലെങ്കില്‍ പാലുത്പ്പാദനത്തെ അത് വലിയ തോതില്‍ ബാധിക്കും””- സുരേന്ദ്രന്‍ നായര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
ക്ഷീരമേഖലയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചിരിക്കുന്ന ജില്ലയില്‍ മറ്റൊന്ന് വയനാടാണ്. പാലുല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല കൂടിയാണ് വയനാട്. 2.30 ലക്ഷം ലിറ്ററാണ് പ്രതിദിന ഉത്പാദനം. ഇതില്‍ 40000 ലിറ്റര്‍ ഉത്പ്പാദനം കുറഞ്ഞിട്ടുണ്ട്.
പ്രളയത്തിന് പിന്നാലെ വലിയ നഷ്ടമാണ് തങ്ങള്‍ക്ക് സംഭവിച്ചതെന്ന് വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. “”ഉരുക്കള്‍ ചത്തുപോകുക, വെള്ളത്തില്‍ ഒലിച്ചുപോകുക, കാലിത്തൊഴുത്ത് നിലംപൊത്തുക, സംഭരിച്ച കാലിത്തീറ്റ നശിച്ചുപോകുക എന്നിങ്ങനെയുള്ള നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
പശുക്കള്‍ ചത്തും, തൊഴുത്തുകള്‍ തകര്‍ന്നും, ക്ഷീരസംഘങ്ങളില്‍ വെള്ളം കയറിയും, തീറ്റപ്പുല്‍ കൃഷി നശിച്ചുമാണ് ഇത്രയധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നൂറിലധികം പശുക്കളാണ് കാലവര്‍ഷക്കെടുതിയില്‍ ചത്തത്. 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള പശുക്കളാണ് ചത്തത്. നൂറ് കണക്കിന് കന്നുകാലികള്‍ വെള്ളത്തില്‍ മുങ്ങി രോഗബാധിതരായി. 250 ലധികം തൊഴുത്തുകള്‍ പൂര്‍ണ്ണമായും അഞ്ഞൂറിലധികം തൊഴുത്തുകള്‍ ഭാഗികമായും നശിച്ചെന്നും കര്‍ഷകര്‍ പറയുന്നു.
വയലുകളിലെ മുഴുവന്‍ തീറ്റപ്പുല്‍ കൃഷിയും നശിച്ചെന്നും ക്ഷീര സംഘങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയും പാല്‍ സംഭരണ – ശീതികരണ പ്ലാന്റുകളിലും വെള്ളം കയറി പാല്‍ സംഭരണം മുടങ്ങുകയും ചെയ്‌തെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതിന് പുറമെ റോഡ് സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ പാല്‍സംഘത്തിന് പാല്‍ സംഭരിക്കാനോ വിപണിയിലെത്തിക്കാനോ സാധിക്കാത്ത അവസ്ഥയുമുണ്ട്.
കാലവര്‍ഷക്കെടുതിയില്‍ ഉരുക്കള്‍ ചത്തുപോകുക, ഒഴുക്കില്‍പ്പെട്ട് കാണാതാവുക, കാലിത്തൊഴുത്തിനുണ്ടായ നാശം എന്നിവയ്ക്കുള്ള നഷ്ടപരിഹാരമായി ക്ഷീരകര്‍ഷകര്‍ക്ക് കണ്ടിജന്‍സി ധനസഹായം നല്‍കുമെന്നും ക്ഷീരവികസന വകുപ്പ് വ്യക്തമാക്കുന്നു
ക്ഷീരസംഘങ്ങള്‍ മുഖേന പച്ചപ്പുല്‍, വൈക്കോല്‍ വിതരണം ചെയ്യുന്നതിന് മൂന്ന് കോടി രൂപയ്ക്ക് അനുമതി ലഭിച്ചിരുന്നു. മറ്റ് ഫണ്ടുകള്‍ കൂടി ചേര്‍ത്ത് 4.50 കോടിയാക്കി ഉയര്‍ത്തും. അതോടൊപ്പം ഡിബിറ്റി കാലിത്തീറ്റ പദ്ധതിയിലെ 80 ലക്ഷവും ചേര്‍ത്ത് ആകെ 5.66 കോടി ക്ഷീര വികസന വകുപ്പില്‍ പ്രളയദുരിതം നേരിട്ട ക്ഷീരകര്‍ഷകര്‍ക്ക് അനുവദിക്കാനുമാണ് തീരുമാനം.
പാലുല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള വയനാട്ടില്‍ പ്രതിദിനം 2.30 ലക്ഷം ലിറ്റര്‍ പാലാണ് കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത്. ഇത് കഴിഞ്ഞ രണ്ട് ദിവസമായി പകുതിയായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കെടുതികളില്‍ ആശ്വാസം പകരാന്‍ ക്ഷീരവികസന വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങള്‍, മില്‍മ എന്നിവര്‍ ചേര്‍ന്ന് ക്ഷീരമേഖല ദുരന്ത നിവാരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവരുടെ നിയന്ത്രണത്തില്‍ മില്‍മയുടെ നിയന്ത്രണത്തിലുള്ള പാലക്കാട് എം.ആര്‍.ഡി.എഫില്‍ നിന്നും വൈക്കോലും പച്ചപ്പുല്ലും എത്തിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു.