പ്രളയം കവര്‍ന്ന മത്സ്യകൃഷി
Agrarian crisis
പ്രളയം കവര്‍ന്ന മത്സ്യകൃഷി
ജിതിന്‍ ടി പി
Friday, 24th August 2018, 1:38 pm

ര്‍വ്വനാശം വിതച്ച പ്രളയം കേരളത്തിലെ മത്സ്യകൃഷി മേഖലയ്ക്ക് സമ്മാനിച്ചത് കനത്ത നഷ്ടം. കോടികളുടെ മത്സ്യസമ്പത്താണ് വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയത്. ഈ മേഖലയിലെ കര്‍ഷകരും പ്രതിസന്ധിയിലാണെന്ന് കൊച്ചി കൃഷി വിജ്ഞാന്‍ കേന്ദ്രയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

സംസ്ഥാനത്തെ കുളങ്ങളിലും വെള്ളക്കെട്ടുകളിലുമായി കൃഷി ചെയ്ത 10 കോടി രൂപയുടെ ചെമ്മീന്‍ കൃഷി മാത്രം നഷ്ടത്തിലായിട്ടുണ്ട്. കരിമീന്‍, തിലാപ്പിയ, പൂമീന്‍, തിരുത എന്നീ മത്സ്യങ്ങളുടെ കൃഷിയിലും വ്യാപകമായ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കൊച്ചി കൃഷി വിജ്ഞാന്‍ കേന്ദ്രയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

 

മാത്രമല്ല കൂടുകൃഷി മേഖലയിലും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പുഴകളിലും കായലുകളിലുമായി ചെയ്തിരുന്ന കൂടുമത്സ്യ കൃഷി മുഴുവനായും നശിച്ചിട്ടുണ്ട്. ഈ മേഖലയില്‍ മാത്രം 7.5 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വ്യക്തികളും സംഘങ്ങളുമടക്കം സ്ഥാപിച്ചിരുന്ന 500 ല്‍ അധികം മത്സ്യക്കൂടുകളാണ് നശിച്ചത്.

ഇവയില്‍ പലതും ഓണവും ബക്രീദും ക്രിസ്മസും ലക്ഷ്യമിട്ട് കൃഷി ചെയ്തതാണ്. കൂടുകളിലുണ്ടായിരുന്ന 10 ലക്ഷത്തോളം കാളാഞ്ചിയും മൂന്നു ലക്ഷത്തോളം കരിമീനും 5 ലക്ഷത്തോളം തിലാപ്പിയയും നഷ്ടമായി. കൂടു സ്ഥാപിക്കുന്നതിനുമാത്രം ചെലവിട്ടത് 2.5 കോടി രൂപയാണ്.

മത്സ്യസമ്പത്തിനൊപ്പം കൃഷി ചെയ്യുന്ന കൂടുകളടക്കമുള്ള സാധനസാമഗ്രികളും നഷ്ടമായിട്ടുണ്ട്. കൂടുകളിലുണ്ടായിരുന്ന മത്സ്യത്തിന് 5 കോടി രൂപയുടെ മൂല്യവും കണക്കാക്കുന്നു. കൂടുകള്‍ പലതും ഒഴുകിപ്പോയപ്പോള്‍ നിരവധിയെണ്ണം തകര്‍ന്ന് കരകളിലടിഞ്ഞിരുന്നു.

എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും കൂടുമത്സ്യകൃഷിയുണ്ടായിരുന്നത്. പെരിയാറില്‍ നിരവധി കൂടുകള്‍ സ്ഥാപിച്ച് കൃഷി ചെയ്തിരുന്നു. എന്നാല്‍ ഈ പ്രദേശങ്ങളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.

കൃത്രിമ കുളങ്ങള്‍ സ്ഥാപിച്ച് മത്സ്യകൃഷി നടത്തിയ 600 ഓളം കര്‍ഷകരെയും പ്രളയം ബാധിച്ചു. മത്സ്യവും കുളങ്ങളും പ്രളയത്തില്‍ നശിച്ചു. ഈ മേഖലയില്‍ മാത്രം എട്ടുകോടി രൂപയുടെ നഷ്ടമുണ്ടായി. 250 ഹെക്ടറിലെ പൊക്കാളി കൃഷി പൂര്‍ണമായും നശിച്ചു.

2.5 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീരമേഖലയിലെ 500 ഹെക്ടര്‍ കെട്ടുകളില്‍ കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ഒഴുകിപ്പോയി. ചെമ്മീന്‍, പൂമീന്‍, തിരുത, കരിമീന്‍, തിലാപ്പിയ എന്നിവയാണ് ഒഴുകിപ്പോയത്. ശുദ്ധജല മത്സ്യകൃഷിയിടങ്ങളിലെ 5 ലക്ഷം കിലോ കാര്‍പ്പ്, വാള, തിലാപ്പിയ മല്‍സ്യങ്ങളും നഷ്ടമായി.

നശിച്ച കൂടുകള്‍ പൂര്‍ണ്ണമായും മാറ്റുക എന്നതാണ് ഇനി വേണ്ടിവരിക. ഇതിനായി പുതിയ കൂടുകള്‍ സ്ഥാപിക്കേണ്ടിവരും. നശിച്ച 600 കുളങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുകയെന്ന ജോലിയും ശ്രമകരമായിരിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിനായി ആര്‍.എ.എസ് സംവിധാനം (റീസര്‍ക്കുലേറ്റിംഗ് അക്വാ കള്‍ച്ചര്‍ സിസ്റ്റം) പുന:സ്ഥാപിക്കാന്‍ 10 കോടി രൂപ വകയിരുത്തേണ്ടി വരുമെന്ന് കൊച്ചി കൃഷി വിജ്ഞാന്‍ കേന്ദ്രയിലെ ശാസ്ത്രജ്ഞന്‍ ഡോ. പി.എ വികാസ് പറയുന്നു.

“കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ഐ.സി.എ.ആര്‍, സി.ഐ.ബി.ഐ, ആര്‍.ജി.സി.എ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേന്ദ്രീകൃത രീതിയില്‍ കാളാഞ്ചി മത്സ്യക്കുഞ്ഞുങ്ങളെ കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്യേണ്ടിവരും. മാത്രമല്ല വിരല്‍ വലുപ്പമെത്തിയ 25 ലക്ഷം കാളാഞ്ചി മത്സ്യങ്ങള്‍ സൗജന്യമായി നല്‍കുന്നതിന് ഒരു കോടി രൂപ വകയിരുത്തണം.”

ദുരന്തനിവാരണത്തിനായി മത്സ്യകര്‍മ സേന രൂപീകരിക്കണമെന്ന ആവശ്യവും വികാസ് മുന്നോട്ടുവെക്കുന്നു. അതേസമയം മത്സ്യകൃഷി പോലെ കോഴി,താറാവ്, കാട കൃഷികള്‍ക്കും വലിയ നഷ്ടമാണ് നേരിടുന്നത്.

കോടികളുടെ നഷ്ടമാണ് ഈ മേഖലയിലും ഉണ്ടായിരിക്കുന്നത്. ഈ മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പോലെ കോഴിമുട്ടയ്ക്കും മറ്റും വിലക്കയറ്റം രൂക്ഷമാക്കാനും ഇത് കാരണമാകുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.