| Tuesday, 21st August 2018, 10:36 am

കുട്ടനാട് വെള്ളക്കെട്ടില്‍ തന്നെ; പതിനായിരം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: പ്രളയക്കെടുതി കൂടുതല്‍ ബാധിച്ച കുട്ടനാട്ടില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. ഇനിയും പതിനായിരം ആളുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ ആരും തന്നെ അപകടാവസ്ഥയിലല്ല.

നാലായിരത്തോളം പേര്‍ എടത്വാ കോളെജിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ഹൗസ്‌ബോട്ടുകളില്‍ അഭയം തേടിയവരുമുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കുട്ടനാട്ടില്‍ നിന്ന് മാത്രം 180000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

Read:  ഒരു മഹാദുരന്തത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്, അത് ദേശീയ ദുരന്തമായി കാണണം എന്ന ആവശ്യം സ്വാഭാവികം: പിണറായി വിജയന്‍

അതേസമയം കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമാകുന്നത് കുട്ടനാടിനെ ആശങ്കയിലാക്കുന്നുണ്ട്. ഇന്നലെ ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നു. 200 ഹൗസ് ബോട്ടുകള്‍, 100 മോട്ടോര്‍ ബോട്ടുകള്‍, 50 സ്പീഡ് ബോട്ടുകള്‍ നാല് ജങ്കാര്‍, ബാര്‍ജ്, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍, ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പത്തനംതിട്ട ജില്ലയിലെ അപ്പര്‍ കുട്ടനാട് മേഖലയിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. കുറച്ചു പേരെ മാത്രമേ ഇനി രക്ഷപ്പെടുത്താന്‍ ഉള്ളൂ എന്നും അത് ഇന്നത്തോടെ പൂര്‍ത്തിയാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വൈദ്യുതി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുനസ്ഥാപിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളും നടക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more