തിരുവനന്തപുരം: സംസ്ഥാനം നേരിട്ട സമാനതകളില്ലാത്ത പ്രളയത്തില്‍ തകര്‍ന്നത് 522 പൊതുവിദ്യാലയങ്ങള്‍. വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള കൈറ്റ് കൈകാര്യം ചെയ്യുന്ന സമ്പൂര്‍ണ പോര്‍ട്ടലിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാനത്ത് 522 സ്‌കൂള്‍ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നതായി കണക്ക് സൂചിപ്പിക്കുന്നു.
ഒരേ ക്യാമ്പസില്‍ പ്രൈമറിയും ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുമെല്ലാം ഉള്‍പ്പെടെയുള്ള കണക്കാണിത്. ക്ലാസ് മുറി, ഓഫീസ് റൂം, ലാബ് ഉള്‍പ്പടെ 271 മുറികളാണ് പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന് പോയത്. 585 മുറിക്ക് സാരമായ കേടുപാട് സംഭവിച്ചു. 506 മുറിക്ക് നിസ്സാര കേടുപാടുകള്‍ ഉണ്ടായെന്നും കണക്കില്‍ പറയുന്നു.
സ്‌കൂളുകളില്‍ സംഭവിച്ച നാശത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ വിവര വ്യൂഹമാണ് തുടര്‍ ഇടപെടലുകള്‍ക്ക് സഹായകമാകുംവിധം സമ്പൂര്‍ണ പോര്‍ട്ടലിലൂടെ കൈറ്റ് ശേഖരിച്ചതെന്ന് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
പലതരത്തിലാണ് സ്‌കൂളുകളിലെ നാശനഷ്ടം. ചില സ്‌കൂളുകളുടെ താഴത്തെ നില പൂര്‍ണമായി തകര്‍ന്നു. ചില സ്‌കൂളുകളില്‍ കംപ്യൂട്ടര്‍, ലാബ്, ലൈബ്രറി, ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ നശിച്ചു. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളും നശിച്ചിട്ടുണ്ട്.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലൊന്നായ കുട്ടനാട്ടില്‍ നൂറിലേറെ സ്‌കൂളുകള്‍ക്ക് തകരാറുണ്ടായി. ഇവയെ പുനരുദ്ധരിക്കാന്‍ പ്രത്യേക പാക്കേജ് വേണ്ടിവരും. പുതുക്കിപ്പണിയുമ്പോള്‍ ഭാവിയില്‍ വെള്ളം കയറാനുള്ള സാധ്യത പരമാവധി കുറയുന്ന തരത്തിലുള്ള നിര്‍മാണത്തെക്കുറിച്ചും നേരത്തെ സര്‍ക്കാര്‍ തലത്തില്‍ ആലോചനയുണ്ടായിരുന്നു.
ALSO READ: പ്രളയക്കെടുതിയില്‍ മുതുക് ചവിട്ടുപടിയാക്കിയ ജൈസലിന് വീടൊരുങ്ങുന്നു
പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള പ്ലാന്‍ ഫണ്ടില്‍നിന്ന് ഇതിന് പണം കണ്ടെത്തുക പ്രായോഗികമല്ല. 300 കോടിയോളം രൂപയാണ് പദ്ധതിയിനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിക്കുന്നത്. ഇവ ഓരോ പദ്ധതിക്കായി വിനിയോഗിച്ച് വരുന്നു. പലതിനും ഭരണാനുമതിയായി. ചിലത് മുന്‍വര്‍ഷത്തേതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ്. അതുകൊണ്ടുതന്നെ പ്രളയം മൂലമുള്ള നാശനഷ്ടം നികത്താന്‍ കിഫ്ബി വഴി സര്‍ക്കാരിന്റെ പുനരുദ്ധാരണ പാക്കേജിനെ ആശ്രയിക്കേണ്ടിവരും.
പല സ്‌കൂളുകളുടെയും ആകെ 16.29 കിലോമീറ്റര്‍ ചുറ്റുമതിലുകള്‍ പൂര്‍ണമായും തകര്‍ന്നു. 7.1 കിലോമീറ്റര്‍ നീളത്തില്‍ സാരമായതും 2.2 കിലോമീറ്റര്‍ നിസ്സാരമായതുമായ നാശനഷ്ടങ്ങള്‍ ചുറ്റുമതിലുകള്‍ക്ക് സംഭവിച്ചു. 506 ശൗചാലയവും 92 ജൈവവൈവിധ്യ ഉദ്യാനവും നശിച്ചു. 74 കിണര്‍, 101 വാട്ടര്‍ ടാങ്ക്, 16 കുഴല്‍ക്കിണര്‍ എന്നിവ ഉപയോഗശൂന്യമായി.
എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലുണ്ടായ പ്രളയത്തിലാണ് കൂടുതല്‍ നഷ്ടം. ഇവിടങ്ങളിലെ സ്‌കൂളുകളിലെ ഐ.ടി സംവിധാനങ്ങള്‍ പാടെ നശിച്ചു. ഹൈടെക് പദ്ധതിയില്‍ അടുത്തിടെ നല്‍കിയ 235 ലാപ്ടോപ് ഉള്‍പ്പെടെ 567 ലാപ്ടോപ് നശിച്ചു. 46 പ്രൊജക്ടര്‍ ഉള്‍പ്പെടെ 148 പ്രൊജക്ടര്‍ തകരാറിലായി. ഇവ ജില്ലാ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. സാമൂഹ്യ പ്രതിബദ്ധതാ സ്‌കീമില്‍ ഉള്‍പ്പെടുത്തി തകരാറ് മാറ്റുകയോ പുതിയത് നല്‍കുകയോ ചെയ്യാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
981 ഡെസ്‌ക്ടോപ് കംപ്യൂട്ടറാണ് നശിച്ചത്. ഇവ സ്‌കൂള്‍തലത്തില്‍ കെല്‍ട്രോണുമായി ചേര്‍ന്ന് നടത്തുന്ന ഹാര്‍ഡ്വെയര്‍ ക്ലിനിക്കില്‍ പരിശോധിച്ചുവരുന്നു. 175 പ്രിന്ററും 113 യു.പി.എസും നശിച്ചു.
ഇവയുടെയെല്ലാം പുനരുദ്ധാരണത്തിന് കോടിക്കണക്കിന് രൂപ ചെലവ് വരും. ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരം വലിയ സ്‌കൂളുകള്‍ക്ക് ഈ ഫണ്ടില്‍നിന്ന് പണം കണ്ടെത്താന്‍ കഴിയും.
എയ്ഡഡ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ചാലഞ്ച് ഫണ്ട് തുണയാകും. ഓരോ സ്‌കൂളും എത്ര തുക അടിസ്ഥാനസൗകര്യ വികസനത്തിനായി കണ്ടെത്തുന്നോ അത്രയും തുക സര്‍ക്കാരും നല്‍കുന്നതാണ് ചാലഞ്ച് ഫണ്ട്. പരമാവധി 50 ലക്ഷം രൂപ സര്‍ക്കാരില്‍നിന്ന് ചാലഞ്ച് ഫണ്ട് ഇനത്തില്‍ ഒരു സ്‌കൂളിന് ലഭിക്കും.
അതേസമയം എയ്ഡഡ് സ്‌കൂളുകള്‍ക്ക് പ്രത്യേകമായി നഷ്ടപരിഹാരം അനുവദിക്കണോ എന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല.
WACTH THIS VIDEO: