റാന്നി: കനത്ത മഴ ഏറെ നാശം വിതച്ച പത്തനംതിട്ടയില്‍ പ്രളയത്തിന് നേരിയ ശമനം. റാന്നി മുതല്‍ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ വെള്ളം താഴ്ന്നു തുടങ്ങുന്നുണ്ട്.
ആറന്മുള അടക്കമുള്ള ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. നീണ്ടകരയില്‍ നിന്നും നൂറോളം ബോട്ടുകളും വിഴിഞ്ഞത്ത് നിന്ന് 50 ബോട്ടുകളും പത്തനംതിട്ടയില്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
23 ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. രണ്ടു ദിവസമായി ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ആയിരക്കണക്കിന് ജനങ്ങളാണ് പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്.
റാന്നി, കോഴഞ്ചേരി, മാരാമണ്‍, ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.