| Sunday, 1st March 2020, 5:14 pm

ഇറാനില്‍ കുടുങ്ങി കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍; കോവിഡ് ജാഗ്രതാ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പുറത്തിറങ്ങാന്‍പോലും കഴിയുന്നില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍നിന്നു പോയ മത്സ്യബന്ധനത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോര്‍ട്ട്. കോവിഡ്-19 ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.

23പേരാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍നിന്നു പോയ മത്സ്യത്തൊഴിലാളികളാണ് ഇവര്‍. നാലുമാസം മുമ്പാണ് ഇവര്‍ ഇറാനിലേക്ക് പോയത്.

മുറിയില്‍ ആഹാരം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് വിവരം. സ്‌പോണ്‍സര്‍മാരുമായും ബന്ധപ്പെടാന്‍ കഴിയുന്നില്ല. കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more