കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെച്ച് തുടര്‍ച്ചയായി കൊലചെയ്യപ്പെടുകയാണ്. ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ചൂടണയും മുമ്പാണ് കൊല്ലം തീരത്ത് വെച്ച് തന്നെ അജ്ഞാത കപ്പല്‍ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. അപകടമുണ്ടാക്കിയ കപ്പല്‍ ഇതുവരെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.
അരക്ഷിതമായ സാഹചര്യത്തിലാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് കരയില്‍ ജീവിക്കുന്നത്. അതിനേക്കാള്‍ അരക്ഷിതവും ഭീതിതവുമായ സഹചര്യമാണ് അവര്‍ക്കിപ്പോള്‍ കടലില്‍ നേരിടേണ്ടി വരുന്നത്. വിദേശ കപ്പലുകളില്‍ നിന്നുള്ള തുടര്‍ച്ചയായി ഉണ്ടാവുന്ന അക്രമങ്ങളെക്കുറിച്ച് അവര്‍ ഏറെക്കാലമായി സര്‍ക്കാറിന് മുന്നില്‍ ഉന്നയിച്ച് കൊണ്ടിരിക്കയാണ്. ഇപ്പോഴിതാ വിദേശക്കപ്പലുകള്‍ അവരുടെ ജീവനെടുക്കുകയും ചെയ്യുന്നു. കടലില്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കോസ്റ്റ് ഗാര്‍ഡിന്റെയും സര്‍ക്കാറിന്റെയും നിലപാടിനെക്കുറിച്ചും സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ്ടി.പീറ്റര്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ആര്യയുമായിസംസാരിക്കുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കടലില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്. തുടര്‍ച്ചയായി മത്സ്യത്തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു. എന്താണ് പറയാനുള്ളത്?
ഉപജീവനത്തിനായി മീന്‍പിടിക്കാന്‍ പോകുന്നവരാണ് ഞങ്ങള്‍. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി കേരളത്തില്‍ സംവിധാനങ്ങള്‍ ഇല്ലെന്നതിന്റെ തെളിവാണ് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ദുരന്തങ്ങള്‍. ഇന്നലെ പുലര്‍ച്ചെയാണ് നീണ്ടകരയില്‍ നിന്നും പോയവര്‍ അപകടത്തില്‍ പെടുന്നത്. സമയം ഇത്രയായിട്ടും ആ ബോട്ടപകടത്തിന് ഉത്തരവാദിയായ കപ്പലിനെ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്നു പറയുന്നതു തന്നെ രാജ്യത്തിന് നാണക്കേടാണ്. സമയവും സ്ഥലവും വരെ അറിയിച്ചിട്ടും കോസ്റ്റ് ഗാര്‍ഡിനോ നേവിയ്്‌ക്കോ ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.
അപകടത്തില്‍ മൂന്ന് പേരെ കാണാതായിട്ടുണ്ട്. അവരെയും ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. ഇതെല്ലാം വളരെ ദു:ഖകരമായ കാര്യമാണ്. യഥാര്‍ത്ഥത്തില്‍ ഞങ്ങളെ പോലുള്ള മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം ഇപ്പോള്‍ പുറം കടലില്‍ തന്നെ ചെല്ലാന്‍ ഭയമായിക്കൊണ്ടിരിക്കുകയാണ്. ഭരണാധികാരികളും കോസ്റ്റ് ഗാര്‍ഡുകളുടേയും പിടിപ്പുകേടുതന്നെയാണ് ഇത്.
കടലില്‍വെച്ച് നടക്കുന്ന അപകടങ്ങള്‍ക്ക് കോസ്റ്റ്ഗാര്‍ഡിന്റേയും നാവികസേനയുടേയും ഇടപെടല്‍ കൃത്യമായി ലഭിക്കാറുണ്ടോ?
ഇല്ല. പുറംകടലില്‍ വെച്ച് ഏതെങ്കിലും ബോട്ടിന് അപകടം പറ്റിയാലോ അതിലുള്ളവര്‍ക്ക് പരിക്കുപറ്റിയാലോ തിരിച്ച് അവരെ കരയിലെത്തിക്കുന്നത് പുറം കടലില്‍ മത്സ്യബന്ധനത്തിനായി പോയ മറ്റ് ബോട്ടിലുള്ളവരാണ്. അത്രപോലും കോസ്റ്റ് ഗാര്‍ഡിന്റെ സഹായങ്ങള്‍ ലഭിക്കാറില്ല. ഇന്ന് തന്നെ അപകടത്തില്‍ പെട്ട് കരയിലെത്തിച്ച രണ്ടുപേരില്‍ ഒരാള്‍ക്ക് ജീവനുണ്ടായിരുന്നു. അയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയിലാണ് മരണപ്പെടുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ സഹായം യഥാസമയം ലഭിച്ചിരുന്നെങ്കില്‍ ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നു. അവരെല്ലാം പേരിന് മാത്രം ഉള്ളവരാണ്.
കടലിലുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ എങ്ങനെ ഒഴിവാക്കാമെന്നാണ് കരുതുന്നത്?
ഇപ്പോള്‍ പല കപ്പലുകളും കപ്പല്‍ ചാലുകളിലൂടെയല്ല പോകുന്നത്. അത്തരത്തില്‍ ചാല്‍ ലംഘിക്കുന്ന നിരവധി വിദേശകപ്പലുകള്‍ ഉണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇവിടെ ആരുമില്ല. കപ്പല്‍ചാല്‍ ലംഘിക്കുന്ന കപ്പലുകളെ നിരീക്ഷിക്കാന്‍ കൂടിയാണ് കോസ്റ്റ്ഗാര്‍ഡ്. എന്നാല്‍ അവര്‍ അതുചെയ്യുന്നില്ലെന്നുമാത്രമല്ല. വലിയ കപ്പലുകള്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കുകയുമാണ് ചെയ്യുന്നത്.
അതുകൂടാതെ പകല്‍സമയത്തല്ലാതെ രാത്രിയും കടലുകളില്‍ പട്രോളിംഗ് ശക്തമാക്കേണ്ടതായുണ്ട്. അതൊന്നും ഇപ്പോള്‍ വേണ്ട വിധത്തില്‍ നടക്കുന്നില്ല. ഇതേകുറിച്ചെല്ലാം ഞങ്ങള്‍ നിരന്തരം പരാതിപ്പെടാറുണ്ട്. പക്ഷേ അതുകൊണ്ടും കാര്യമില്ല.
കോസ്റ്റ് ഗാര്‍ഡിന്റേയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
കോസ്റ്റ്ഗാര്‍ഡെന്നും മറൈന്‍ എന്‍ഫോഴ്്‌സ്‌മെന്റ് എന്നുമൊക്കെ പറയാന്‍ മാത്രമേ കഴിയുള്ളു. കാരണം അത്രപോലും അവരുടേയൊന്നും സേവനങ്ങള്‍ ഞങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. വലിയകപ്പലുകളിലെ ജീവനക്കാരും കോസ്റ്റ്ഗാര്‍ഡ് ജീവനക്കാരും തമ്മില്‍ നല്ലബന്ധമാണ്. അവിടെ സാധാരണ മത്സ്യത്തൊഴിലാളികള്‍ അവഗണിക്കപ്പെടുകയാണ്. അവരുടെ ബുദ്ധിമുട്ട്് ആരും മനസ്സിലാക്കുന്നില്ല. കപ്പല്‍ചാല്‍ ലംഘിച്ച് ഏതെങ്കിലും കപ്പല്‍ സമുദ്രാതിര്‍ത്തി കടക്കുന്നുണ്ടോ എന്ന് നോക്കാന്‍ കോസ്റ്റ്്ഗാര്‍ഡിന് ഒരു ബൈനോക്കുലറിന്റെ ആവശ്യം മാത്രമേ ഉള്ളു. എന്നാല്‍ അത്രപോലും അവര്‍ കാര്യശേഷിയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.
വലിയ വലിയ വിദേശകപ്പലുകളൊക്കെ വന്ന് മത്സ്യത്തൊഴിലാളികളുടെ വലപൊട്ടിക്കുകയും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് കേട്ടു. എന്താണ് അതിനെ കുറിച്ച് പറയാനുള്ളത് ?
വലിയ കപ്പലുകളൊക്കെ പുറപ്പെടുമ്പോള്‍ തന്നെ അത് ഏത് വഴിയൊക്കെയാണ് സഞ്ചരിക്കേണ്ടതെന്ന് മുന്നിലിരിക്കുന്ന കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി വെച്ചാല്‍ പിന്നെ അതിന്റെ വഴിക്ക് നടക്കും. ക്യാപ്റ്റന് പിന്നെ വലിയ റോളൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അവര്‍ക്ക് പിന്നെ അവരുടെ മറ്റുകാര്യങ്ങള്‍ നോക്കിയിരിക്കാം. ഉറങ്ങിയും വെറുതേ ഇരുന്നുമെല്ലാം സമയം പോക്കാം. നമ്മുടെ കടലുകളില്‍ മഞ്ഞുമലയോ പാറ കെട്ടുകളോ ഇല്ല. അതുകൊണ്ടുതന്നെ ഇവരൊന്നും കപ്പലിന്റെ മുന്‍ നിരയില്‍ ഇരിക്കുന്നില്ല. മഞ്ഞുമലയിലോ പാറക്കെട്ടിലോ കപ്പല്‍ ഇടിക്കുന്നുണ്ടോ എന്ന് നോക്കാന്‍ മാത്രമല്ല ക്യാപ്റ്റന്‍, എതിരെ വരുന്ന ചെറിയ ബോട്ടുകളെയും നിരീക്ഷിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട്. അവര്‍ക്ക് മുന്നില്‍ പെട്ടുപോകുന്ന ചെറിയ ബോട്ടുകളെ കുറിച്ചൊന്നും അവര്‍ ചിന്തിക്കുന്നില്ല. എങ്ങാനും ഒരു ബോട്ട് കപ്പലിനു മുന്നില്‍ പെട്ടുപോയാല്‍ കപ്പല്‍ അവരെ ഇടിച്ചിട്ട് മുന്നോട്ട് പോകുമെന്നല്ലാതെ കപ്പലിനെ നിയന്ത്രിക്കാനോ അതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനോ അവര്‍ തയ്യാറാകുന്നില്ല.
ഓരോ തീരത്തുനിന്നും 200 നോട്ടിക്കല്‍ മൈല്‍ വരെ സഞ്ചരിക്കാന്‍ രാജ്യത്ത് അവകാശമുണ്ട്. അതിന് അപ്പുറത്ത് കടന്നാല്‍ മാത്രമേ അത് അതിര്‍ത്തി ലംഘനമാകുന്നുള്ളു. എന്നാല്‍ മത്സ്യത്തൊഴിലാളികളെക്കാള്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് വരുന്നത് വിദേശകപ്പലുകളാണ്. വിദേശകപ്പലുകള്‍ ഞങ്ങളുടെ ചാലിലേക്ക് വരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. തീരക്കടലുകളില്‍ മത്സ്യം കുറവാണ്. അതുകൊണ്ട് തന്നെ പുറം കടലില്‍ പോയി മത്സ്്യബന്ധനം നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്.
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയാണ് ഞങ്ങളെ പോലുള്ള മത്സ്യത്തൊഴിലാളികള്‍ പുറം കടലില്‍ പോകുന്നത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക്് അതിനും പറ്റാത്ത അവസ്ഥയാണ്. ഇന്ത്യയില്‍ വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാന പങ്ക് മത്സ്യത്തൊഴിലാളികള്‍ക്കാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ ഭീതിയിലാക്കാതെ ഞങ്ങള്‍ക്കുള്ള സംരക്ഷണം നല്‍കാന്‍ അധികാരപ്പെട്ടവര്‍ തയ്യാറാകണം.
വിദേശകപ്പലുകള്‍ നിരന്തരമായി കപ്പല്‍ചാലുകള്‍ ലംഘിക്കുകയും സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി നില്‍ക്കുകയും ചെയ്യുന്നു, ഇതിനെതിരെ നിങ്ങളുടെ ഭാഗത്തുനിന്നും എന്ത് നടപടിയാണ് സ്വീകരിച്ചത്.
ഈ വിഷയം ഞങ്ങള്‍ കാലകാലങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. ആ സമയത്ത് വിദേശകപ്പലുകളുടെ കടന്നുകയറ്റത്തില്‍ കുറവ് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയപടിയായി. ഞങ്ങള്‍ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിനെ വീണ്ടും സമീപിച്ചിട്ടുണ്ട്. അവരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ തന്നെ ബോട്ടില്‍ കപ്പലിടിച്ചു മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കേണ്ടത് സംബന്ധിച്ച് ഞങ്ങള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആ കുടുംബങ്ങള്‍ക്ക് അത് ലഭിക്കുമെന്നു തന്നെയാണ് കരുതുന്നത്.
ഇറ്റാലിയന്‍ കപ്പല്‍ വെടിവെപ്പ് പുറം ലോകത്തെ അറിയിച്ച ജസ്റ്റിനാണ് ഇന്ന് കൊല്ലപ്പെട്ടത്, അതേ കുറിച്ച് എന്തെങ്കിലും രീതിയിലുള്ള സംശയം ഉണ്ടോ ?
അങ്ങനെയൊന്നും കരുതുന്നില്ല. വ്യാഖ്യാനങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും നടത്താം. പക്ഷേ അങ്ങനെയൊരു നിലപാടൊന്നും ഇല്ല. ജസ്റ്റിന്‍ അന്നത്തെ കൊലപാതകത്തെ കുറിച്ച് കോസ്റ്റ്ഗാര്‍ഡിന് വിവരം നല്‍കാന്‍ തോന്നിയതാണ് ആ കേസിന് തുമ്പുണ്ടാക്കിക്കൊടുത്തത്. എന്നാല്‍ അതേ അവസ്ഥയില്‍ അദ്ദേഹത്തിനും മരണത്തിന് കീഴടങ്ങേണ്ടിവന്നു. അത് അയാളുടെ വിധിയായി മാത്രമേ കണക്കാക്കാന്‍ പറ്റുള്ളു.
മത്സ്യത്തൊഴിലാളികളെ വെടിവെച്ച ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ ശിക്ഷിക്കപ്പെടുമെന്ന് തോന്നുന്നുണ്ടോ?
തീര്‍ച്ചയായും അവര്‍ ശിക്ഷിക്കപ്പെടണം. അവര്‍ക്ക് നമ്മുടെ നാട്ടിലുള്ള നിയമമനുസരിച്ചാണ് ശിക്ഷ നല്‍കേണ്ടത്. അവരെ ഇറ്റലിയിലേക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ രക്ഷപ്പെടുമെന്ന് ഉറപ്പാണ്. നമ്മുടെ നീതിപീഠം അവര്‍ അര്‍ഹിക്കുന്ന ശിക്ഷ തന്നെ നല്‍കണം. അവര്‍ എന്ത് നഷ്ടപരിഹാരം നല്‍കിയാലും അതൊന്നും നഷ്ടപ്പെട്ടതിന് തുല്യമാകില്ല.
Malayalam news
Kerala news in English