|

ഹര്‍ത്താല്‍ ബഹിഷ്‌ക്കരിക്കാന്‍ മല്‍സ്യബന്ധന മേഖലയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലിനെതിരെ പ്രതിഷേധങ്ങളുമായി മല്‍സ്യബന്ധന മേഖലയും. ഈ വര്‍ഷം ഹര്‍ത്താല്‍ മൂലം മല്‍സ്യബന്ധന മേഖലയ്ക്ക് ഉണ്ടായ നഷ്ടം 110 കോടി രൂപയാണ്. ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയില്‍ ഉടന്‍ അണിചേരുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

ഹര്‍ത്താല്‍ ദിനങ്ങളില്‍ ഒരു ബോട്ടിന് രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടമാണ് ഉണ്ടാകുന്നത്. മല്‍സ്യത്തൊഴിലാളികളേയും ബോട്ടുടമകളേയും കച്ചവടക്കാരേയും ഐസ് നിര്‍മ്മാണ മേഖലേയും പീലിംഗ് തൊഴിലാളികളേയും ഒരു പോലെ ഹര്‍ത്താല്‍ ബാധിക്കുന്നുണ്ട്. ശരാശരി ആയിരം രൂപയാണ് ഒരു കുട്ട മല്‍സ്യത്തിന് ലഭിക്കുന്നതെങ്കില്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ അത് 400ല്‍ താഴെയാകും.


സ്ത്രീത്തൊഴിലാളികളാണ് പീലിംഗ് മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ഒരു കുട്ട ചെമ്മീന്‍ പീലിംഗ് ചെയ്ത് കഴിയുമ്പോള്‍ സാധാരണ ആയിരം രൂപയാണ് ലഭിക്കുന്നതെങ്കില്‍ ഹര്‍ത്താലില്‍ അത് 200 ആകും. സംസ്ഥാനത്താകെ 50000 കിലോ ചെമ്മീനാണ് പീലിംഗ് നടത്തുന്നത്.

ഹര്‍ത്താല്‍ ദിനം 10000ത്തില്‍ താഴെയായി കുറയും. വ്യാപരി വ്യവസായി-മോട്ടാര്‍ വാഹന യൂണിയനുകള്‍ സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മല്‍സ്യബന്ധ മേഖലയ്ക്ക് വരും വര്‍ഷങ്ങളില്‍ കാര്യമായ ലാഭം ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് അസോസിയേഷനുകളുടെ വിലയിരുത്തല്‍.

ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം താങ്ങാന്‍ കഴിയാതെ വന്നതോടെ വ്യാണിജ്യ-വ്യവസായ മേഖലയിലെ വിവിധ സംഘടനകള്‍ ഹര്‍ത്താല്‍ ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും സ്വകാര്യ ബസുകള്‍ നിരത്തിലിരങ്ങുമെന്നും സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.


വ്യാപാരി വ്യവസായി ഏകോപന സമിതിക്കു പുറമെ വ്യാപാരി വ്യവസായി സമിതി, സ്വകാര്യ ബസ് വ്യവസായ രംഗത്തെ മൂന്നു പ്രബല സംഘടനകള്‍, ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികള്‍ അടക്കമുള്ളവര്‍ ഹര്‍ത്താലിനെതിരെ അണിചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു.