| Thursday, 2nd January 2025, 4:50 pm

കേരള ഫിനാൻഷ്യൽ കോർപറേഷൻ അനിൽ അംബാനിയുടെ തകർന്നുകൊണ്ടിരിക്കുന്ന കമ്പനിയിൽ കോടികൾ നിക്ഷേപിച്ചു: വി.ഡി സതീശൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ അനിൽ അംബാനിയുടെ തകർന്നുകൊണ്ടിരിക്കുന്ന കമ്പനിയിൽ കോടികൾ നിക്ഷേപിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ ആക്ട് 1951 അനുസരിച്ച് കെ.എഫ്.സി രൂപീകരിച്ചത് ഇടത്തരം ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും അവർക്ക് ലോൺ നൽകുന്നതിന് വേണ്ടിയുമാണ്.

വലിയ അഴിമതിയാണ് കെ.എഫ്.സിയിൽ നടന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു.

‘സംസ്ഥാനത്തെ എം.എസ്.എം ഇ അടക്കമുള്ള വ്യവസായങ്ങൾക്ക് വായ്‌പ നൽകാൻ രൂപീകരിച്ച ഈ സ്ഥാപനം 2018 മാർച്ച് 26 ന് അനിൽ അംബാനിയുടെ (ആർ.സി.എഫ്. എൽ) റിലൈൻസ് കൊമേർഷ്യൽ ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചു. മാർച്ച് 19ന് നടന്ന കെ.എഫ്.സിയുടെ ഒരു മാനേജ്‌മേന്റ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഈ പണം നിക്ഷേപിച്ചത്.

ഈ കാലഘട്ടത്തിൽ അനിൽ അംബാനിയുടെ വ്യവസായ സംരംഭങ്ങളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമായിരുന്നു. ഇത് വലിയ വാർത്തയായി നിറഞ്ഞ് നിൽക്കുന്ന സമയത്താണ് ഇത്തരം നിക്ഷേപം നടക്കുന്നത്. 2019ൽ ആ‍ർ.സി.എഫ്.എൽ പൂട്ടി. ഇതോടെ കെ.എഫ്.സിക്ക് തിരിച്ച് കിട്ടിയത് 7 കോടി 9ലക്ഷം രൂപമാത്രമാണെന്നും പലിശ അടക്കം തിരിച്ച് കിട്ടേണ്ടിയിരുന്നത് 101 കോടി രൂപയായിരുന്നു.

ഇതിൽ ഏറ്റവും രസം 2018 ലെ കെ.എഫ്.സി യുടെ ഒരു ആനുവൽ റിപ്പോർട് അതിൽ ഈ കമ്പനിയുടെ പേര് മറച്ചു എന്നതാണ്. 2019 – 20 കാലഘട്ടത്തിലും ഈ കമ്പനിയുടെ ആനുവൽ റിപ്പോർട്ടിൽ മറച്ചുവെച്ചു,’ അദ്ദേഹം പറഞ്ഞു. 2020-21ലാണ് കമ്പനിയുടെ പേര് കാണാൻ കഴിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

പണം നിക്ഷേപിക്കുമ്പോൾ കമ്പനിയുടെ സാമ്പത്തിക ഭദ്രത നോക്കണ്ടേയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കമ്പനി പൂട്ടാൻ പോകുന്നുവെന്ന് അറിഞ്ഞു കൊണ്ടാണ് ഇത്രയും പണം നിക്ഷേപിച്ചതെന്നും കുറ്റപ്പെടുത്തി. നിയമസഭയിൽ ഈ ചോദ്യം ചോദിച്ചിട്ടും ഇതുവരെ മറുപടിയില്ലെന്നും പറഞ്ഞു.

ആ‍ർ.സി.എഫ്.എല്ലുമായി ബന്ധപ്പെട്ട കരാർ രേഖകൾ സർക്കാർ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് സർക്കാർ ഇത്രയും വലിയ തുക നിക്ഷേപിച്ചത്. ഭരണത്തിന്റെ മറവിൽ നടന്നത് ഗുരുതരമായ അഴിമതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവം അടിയന്തരമായി അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. ഇതിന് പിന്നിൽ പ്രവർത്തിച്ച ഭരണനേതൃത്വത്തിലുള്ളവരെ പുറത്തുകൊണ്ടുവരണം.

ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഇത്രയും പണം നഷ്ടപ്പെട്ടിട്ട് ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ പറ്റില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. റിലയൻസ് കോമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ നിന്നും 2023-24ൽ പണം തിരികെ കിട്ടുമെന്ന് സ‍ർക്കാരിൻ്റെ വാ‍ർഷിക റിപ്പോ‍ർട്ടിൽ പറഞ്ഞിരിക്കുന്നതും വി. ഡി. സതീശൻ ചൂണ്ടിക്കാണിച്ചു.

Content Highlight: Kerala Financial Corporation invested crores in Anil Ambani’s collapsing company: VD Satheesan

Latest Stories

We use cookies to give you the best possible experience. Learn more