തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്ര വിഹിതം ലഭിക്കുന്നതില്‍ കേരളത്തിന് ക്രൂരമായ അവഗണനെയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. എയിംസ് പോലെ കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചില്ല. എയിംസ് കേരളത്തിന് കിട്ടാന്‍ ഏറ്റവും അര്‍ഹതയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റില്‍ പ്ലാന്റേഷന്‍ മേഖലക്ക് പ്രത്യേകം പദ്ധതി ആവശ്യപ്പെട്ടത് പരിഗണിച്ചില്ലെന്നും, സഹകരണ മേഖലയിലേക്കും കടന്നുകയറാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പല പ്രധാന പദ്ധതികളുടെയും തുക കുറച്ചുവെന്നും, ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് ലഭിച്ചത് ചെറിയ തോതിലുള്ള കേന്ദ്ര വിഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളുണ്ടെങ്കിലും അതിന്റെ ഗുണം താഴേത്തട്ടില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. നടപ്പ് വര്‍ഷത്തെ ചെലവായി ബജറ്റില്‍ പറയുന്നത് 1,13,099 കോടി രൂപയാണ്. അതേസമയം, വരും വര്‍ഷത്തില്‍ ചെലവായി 86,144 കോടി രൂപയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ധനമന്ത്രി വിമര്‍ശിച്ചു.
ഭക്ഷ്യ സുരക്ഷ പദ്ധതി, പി.എം.എ.വൈ, യു.എ.ഡി.എഫ് പദ്ധതികള്‍, നെല്ല്, ഗോതമ്പ് സംഭരണം തുടങ്ങിയവക്കുള്ള ബജറ്റ് വിഹിതം കുറവാണെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള ചെലവിലേക്ക് 2,14,696 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിട്ടുള്ളത്. വരും വര്‍ഷത്തില്‍ 1,57,207 കോടിയാണ് വകയിരുത്തിട്ടുള്ളത്. കണക്ക് പ്രകാരം ബജറ്റ് വിഹിതത്തില്‍ കുറവാണുള്ളതെന്നും, ഭക്ഷ്യ സുരക്ഷാ പദ്ധതിയെ ഇത് എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ബജറ്റില്‍ കര്‍ഷകരില്‍ നിന്ന് നെല്ല്, ഗോതമ്പ് എന്നിവ സംഭരണത്തിനുള്ള തുകയിലും കുറവുണ്ട്. നടപ്പ് വര്‍ഷത്തില്‍ 72,283 കോടി രൂപയാണെങ്കില്‍ വരും വര്‍ഷത്തില്‍ 59,000ത്തോളം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്നും കെ.എന്‍. ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Kerala Finance Minister KN Balagopal’s Reaction on Union Budget