മാസ്റ്ററിന് മുന്‍പ് കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നേക്കും; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച അനുകൂലമെന്ന് സംഘടനകള്‍
Malayalam Cinema
മാസ്റ്ററിന് മുന്‍പ് കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നേക്കും; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച അനുകൂലമെന്ന് സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th January 2021, 12:18 pm

കൊച്ചി :സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായി.

വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചു. ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം സെക്കന്‍ഡ് ഷോ നടത്തണമെന്ന സിനിമാ പ്രതിനിധികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. മറ്റ് ആവശ്യങ്ങളില്‍ സര്‍ക്കാരില്‍ നിന്നും അനുകൂല മറുപടി ലഭിച്ചതായി സംഘടനാ നേതാക്കള്‍ അറിയിച്ചു.

തിയേറ്റര്‍ തുറക്കുന്നതില്‍ ഉടന്‍ തീരുമാനമെന്നും സിനിമാ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഇന്ന് വൈകീട്ട് ചേരുന്ന സിനിമാ തീയേറ്റര്‍ ഉടമകള്‍ അടക്കമുള്ള സംഘടനകളുടെ യോഗം ചേര്‍ന്ന് തീയേറ്ററുകള്‍ എന്നു തുറക്കാം എന്നതില്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേമ്പര്‍ സംഘടന പ്രതിനിധികള്‍ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിക്കുകയായിരുന്നു.

പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.

എന്നാല്‍ പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്ടമാണെന്നും വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് അറിയിക്കുകയായിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശനസമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം.

50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ട് തീയേറ്റര്‍ തുറക്കല്‍ സാധ്യമല്ലെന്നും ചേംബര്‍ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ പൊങ്കല്‍ റിലീസ് ആയി 13ന് റിലീസ് ചെയ്യുന്ന വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്. ഇന്ന് നടക്കുന്ന യോഗത്തില്‍ മാസ്റ്ററിന് മുന്‍പേ തിയേറ്റര്‍ തുറക്കാനുള്ള സാധ്യതകള്‍ പരിഗണിക്കുമെന്നാണ് അറിയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ