[] കൊച്ചി:സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനൊരുങ്ങി എ ക്ലാസ് തിേയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതുന്നതോ സംവിധാനം ചെയ്യുന്നതോ നിര്‍മിക്കുന്നതോ ആയ ചിത്രങ്ങളൊന്നും ഇനി പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് ഫെഡറേഷന്റെ പൊതുയോഗത്തില്‍ തീരുമാനമെടുത്തത്.
ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് 17ന് റിലീസ് ചെയ്യാനും പൊതുയോഗത്തില്‍ തീരുമാനമായി. അതേ സമയം ഉണ്ണികൃഷ്ണനെതിരായ വിലക്ക് അംഗീകരിക്കാനാവില്ലെന്നും മറ്റ് സംഘടനകളുമായി യോഗം ചേര്‍ന്ന് സമരകാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഫെഫ്ക യോഗം അറിയിച്ചു.
ഫെഡറേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മറ്റ് സംവിധായകരെയും സിനിമാ സംഘടനാ ഭാരവാഹികളെയും പിന്തിരിപ്പിച്ചുവെന്നാരോപിച്ചാണ് ഉണ്ണികൃഷ്ണനെതിരെ ഫെഡറേഷന്‍ രംഗത്തുവന്നത്.
ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കേണ്ടെന്ന തിേയറ്ററുടമകളുടെ തീരുമാനം സിനിമാരംഗത്ത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. മെയ് എട്ടിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ഒടുവില്‍ ഒരാഴ്ചയ്ക്കുശേഷം പ്രദര്‍ശിപ്പിച്ച് തുടങ്ങാമെന്ന് ഫെഡറേഷന്‍ തീരുമാനത്തിലെത്തിയതോടെയാണ് തര്‍ക്കം തീര്‍ന്നത്.