| Tuesday, 15th July 2014, 11:08 am

സമിതി ശുപാര്‍ശകള്‍ അംഗീകരിച്ചു; കേരളത്തില്‍ ചലച്ചിത്ര നിയന്ത്രണ അതോറിറ്റി രൂപീകരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി ശുപാര്‍ശകള്‍ അംഗീകരിച്ചു. കേരളത്തില്‍ ചലച്ചിത്ര നിയന്ത്രണ അതോറിറ്റി രൂപീകരിക്കും. തിയേറ്ററുകളില്‍ ഇ-ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചലച്ചിത്രമേഖലയുടെ നവീകരണത്തിനായാണ് സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നത്. സിനിമാ മേഖലയിലെ അനാവശ്യ പ്രവണതകള്‍ ഇല്ലാതാക്കാനായി പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്ന ശുപാര്‍ശയും തിരുവഞ്ചൂര്‍ അംഗീകരിച്ചു. ഇപ്പോഴുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമൊക്കെ പരിഹരിക്കാന്‍ ഇത് പ്രയോജനപ്പെടും.

നിലവില്‍ 1958ലെ നിയമമാണ് പിന്തുടരുന്നത്. ഇതിലെ നല്ല വശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചായിരിക്കും നിയമനിര്‍മാണം. കേരളത്തില്‍ നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിക്കും.  തിരുവനന്തപുരത്ത് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മിക്കാനും തീരുമാനിച്ചു.

മലയാളസിനിമാ ശേഖരത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കും. ഇതിന് 50 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടു. സൗകര്യങ്ങള്‍ അടിസ്ഥാനമാക്കി തിയറ്ററുകള്‍ വര്‍ഗീകരിക്കും.

ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആധുനികവത്ക്കരണമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതിയുടെ മറ്റൊരു ശുപാര്‍ശ. സ്റ്റുഡിയോയെ ആധുനികവത്ക്കരിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആക്കും. സംസ്ഥാന അവാര്‍ഡുകള്‍ക്കായി പരിഗണിക്കുന്ന സിനിമകളുടെ എണ്ണം പരമാവധി 120ആയി നിജപ്പെടുത്തുമെന്നും രണ്ട് തലങ്ങളിലായി സ്‌ക്രീനിംഗ് നടത്തിയതിനുശേഷമേ അവാര്‍ഡിന് പരിഗണിക്കൂവെന്നും തിരുവഞ്ചൂര്‍ ഉറപ്പുനല്‍കി.

നല്ല പത്ത് സിനിമകള്‍ക്ക് സബ്‌സിഡി നല്‍കുമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പന്തളം സുധാകരന്‍, സംവിധായകരായ ഷാജി എന്‍.കരുണ്‍, ചലച്ചിത്രനിര്‍മാതാവ് സുരേഷ്, ജേക്കബ് പുന്നൂസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more