|

കേരളം കേന്ദ്രത്തിൽ നിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ അവഗണന നേരിട്ടു: ധനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളം സാമ്പത്തിക ഞെരുക്കത്തിന്റെ തീഷ്ണമായ ഘട്ടത്തെ അതിജീവിച്ചുവെന്നും കേന്ദ്രത്തിൽ നിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം നേരിട്ടുവെന്നും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍.

കേന്ദ്ര സര്‍ക്കാരിന്റെ നയം മൂലം സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശ്ശിക ഉണ്ടായി. എന്നാല്‍ ഇക്കാര്യം മനസിലാക്കി ജീവനക്കാര്‍ സര്‍ക്കാരിനോട് സഹകരിച്ചെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഡി.എ കുടിശ്ശികയുടെ രണ്ട് ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം നല്‍കും. ഇത് പി.എഫുമായി ലയിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ ലോഡിങ് ഒഴിവാക്കിഎന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് നല്ല നിലയിലേക്കാണ് കേരളം മുന്നോട്ടു പോകുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ധനസ്ഥിതിയില്‍ മികച്ച പുരോഗതി ഉണ്ടായെന്നും ബജറ്റ് അവതരിപ്പിച്ച് മന്ത്രി പറഞ്ഞു. തീക്ഷണമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണനയാണ്. കേന്ദ്ര അവഗണന പൊടുന്നനെ ആരംഭിച്ച ഒന്നല്ല. ധന കമ്മീഷന്‍ ഓരോ വര്‍ഷവും വിഹിതം വെട്ടിക്കുറക്കുന്നു. പ്രതിപക്ഷ പിന്തുണയോടെ ധനകാര്യ കമ്മീഷനെ സമീപിക്കാന്‍ കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.

‘ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ മികച്ച നിലയില്‍ വര്‍ധനവ് ഉണ്ടാക്കിയിട്ടും കേന്ദ്ര വിഹിതത്തില്‍ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടി വന്നു.
സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു,’ അദ്ദേഹം പറഞ്ഞു.

വയനാട് പുനരധിവാസത്തിന് 2221 കോടി ആവശ്യമാണെന്നും കേന്ദ്രം സഹായിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒപ്പം മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ ബജറ്റില്‍ അനുവദിക്കുകയും ചെയ്തു. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. അതിനായി 600 കോടി ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Content Highlight: Kerala faces biggest neglect in history from Centre: Finance Minister

Latest Stories