Advertisement
Kerala News
പബ്ബുകളോട് തത്വത്തില്‍ എതിര്‍പ്പില്ലെന്ന് എക്‌സൈസ് മന്ത്രി; 'പ്രായോഗികത പരിശോധിക്കും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 18, 06:46 pm
Tuesday, 19th November 2019, 12:16 am

കേരളത്തില്‍ പബ്ബുകള്‍ വരുന്നതിനോട് തത്വത്തില്‍ എതിര്‍പ്പില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. എന്നാല്‍ പബ്ബുകള്‍ കൊണ്ടുവരുന്നതിന്റെ പ്രായോഗികത പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ നടപടിയെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങിവെച്ചത്. ‘നാം മുന്നോട്ട്’ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി പബ്ബുകള്‍ തുറക്കുന്ന കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കാന്‍ സൗകര്യമില്ലെന്ന പരാതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

‘രാത്രി വൈകിയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഐ.ടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ട്. അതുകൊണ്ട് സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ടെന്നും’, മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ബിവ്‌റേജസ് മദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് രീതിയില്‍ കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.