Kerala News
പൈനാപ്പിളിലെ പടക്കം പൊട്ടിത്തെറിച്ച് ആന ചരിഞ്ഞതിനു സമാനമായി സംസ്ഥാനത്ത് മറ്റൊരാനയും കൊല്ലപ്പെട്ടു; സംഭവം നടന്നത് ഏപ്രിലില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 04, 04:55 am
Thursday, 4th June 2020, 10:25 am

കൊല്ലം: സ്‌ഫോടക വസ്തു വെച്ച പൈനാപ്പിള്‍ കഴിച്ചതു മൂലം ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് സമാന രീതിയില്‍ മറ്റൊരാനയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലയില്‍ ആണ് വായക്ക് മുറിവ് പറ്റിയ പിടിയാന ചരിഞ്ഞത്. ഏപ്രില്‍ മാസമാണ് ഈ ആന ചരിഞ്ഞത്.

പത്തനാംപുരം ഫോറസ്റ്റ് റേഞ്ചിലാണ് പിടിയാന ചരിഞ്ഞത്. പേര് വെളിപ്പെടുത്താത്ത ഒരു ഫോറസ്റ്റ് ഓഫീസറാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്ലം ജില്ലയിലെ പുനലൂര്‍ ഡിവിഷനിലാണ് സംഭവം നടന്നത്. താടിയെല്ല് മുറിഞ്ഞ് പോയ ആനയെ കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പറയുന്നു.

‘ അത് വളരെ ക്ഷീണത്തിലായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അടുത്തേക്ക് ചെന്നപ്പോള്‍ ആന ഓടുകയും മറ്റ് ആനകളുടെ കൂട്ടത്തില്‍ കൂടുകയും ചെയ്തു. പക്ഷെ അടുത്ത ദിവസം ആനയെ വീണ്ടും ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തി,’ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചികിത്സ നല്‍കിയെങ്കിലും ആന മരണത്തിന് കീഴടങ്ങുകയായിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്.

‘ പടക്കം നിറച്ച ഭക്ഷണം ആന കഴിച്ചെന്നാണ് സംശയിക്കുന്നത്. ഞങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്,’ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേ സമയം ഇത്തരം കേസുകളില്‍ അന്വേഷണം നടത്തുക എന്നത് എളുപ്പമല്ലെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആനകള്‍കൂട്ടമായി കിലോമീറ്ററുകളോളം സഞ്ചരിക്കും.

എവിടെ നിന്നാണ് അപകടം സംഭവിച്ചതെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ അപകടം പറ്റിയ ആനകള്‍ പെടുക അവ കൂട്ടത്തില്‍ നിന്ന് മാറി നില്‍ക്കുമ്പോഴാണ്. അതും ആഴ്ചകള്‍ കഴിഞ്ഞാണ്.

മെയ് 27 നാണ് വെള്ളിയാറില്‍ പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ച് ആന ചരിഞ്ഞത്. പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന ഒടുവില്‍ പുഴയിലേക്കിറങ്ങുകയായിരുന്നു. ഗര്‍ഭിണിയായ ആന പിന്നീട് വെള്ളത്തില്‍ തന്നെ ചരിഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക