Kerala- Electric Wonderland @2022; കേരളം മൂന്നുവര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നു
auto
Kerala- Electric Wonderland @2022; കേരളം മൂന്നുവര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നു
ഹരിമോഹന്‍
Friday, 12th April 2019, 6:42 pm

2017 ഡിസംബറിലാണ് ലണ്ടന്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, കിങ്‌സ് കോളേജ് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനറിപ്പോര്‍ട്ട് പുറത്തുവരുന്നത്. വാഹന ഉപയോഗം ഉണ്ടാക്കുന്ന മലിനീകരണത്തെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുമായിരുന്നു ഗവേഷണം. വാഹനങ്ങളുണ്ടാക്കുന്ന വായു മലിനീകരണം ഭ്രൂണവളര്‍ച്ചയെ ബാധിക്കുമെന്നായിരുന്നു കണ്ടെത്തല്‍. ജന്മനാ തൂക്കം കുറഞ്ഞ കുട്ടികള്‍ പെട്ടെന്നു രോഗബാധിതരാകും. പിന്നീട് അവരുടെ അതിജീവന സാധ്യത വളരെക്കുറവായിരിക്കും.

6.71 ലക്ഷം നവജാതശിശുക്കളില്‍ നടത്തിയ പഠനമായിരുന്നു ഇത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ കുഞ്ഞിന്റെ മാതാവ് എവിടെയാണു താമസിച്ചിരുന്നതെന്നും മലിനമാക്കപ്പെട്ട വായുവും അവരുമായുള്ള സമ്പര്‍ക്കവും എങ്ങനെയായിരുന്നുവെന്നും വിശകലനം ചെയ്താണു ഗവേഷകര്‍ നിഗമനത്തിലെത്തിയത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഓരോ വര്‍ഷവും ജനിക്കുന്ന രണ്ടുകോടി കുഞ്ഞുങ്ങളില്‍ 15-20 ശതമാനവും തൂക്കക്കുറവ് അനുഭവിക്കുന്നുണ്ട്. ഇതില്‍ അന്തരീക്ഷ മലിനീകരണവും കാരണമാണെന്നു പഠനത്തില്‍ വ്യക്തമാക്കുന്നു.

വാഹനങ്ങളില്‍ നിന്നുയരുന്ന പുകയും അതേത്തുടര്‍ന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇവ മാത്രമല്ല. ശ്വാസകോശ രോഗങ്ങളടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ അവയുണ്ടാക്കുന്നു. ഈ പ്രശ്‌നത്തിനു വിദേശരാജ്യങ്ങളില്‍ കൊണ്ടുവന്ന പരിഹാരമാര്‍ഗം വൈദ്യുതിയിലോടുന്ന വാഹനങ്ങളായിരുന്നു. അതായത്, ഇലക്ട്രിക് വാഹനങ്ങള്‍. ഇപ്പോളിതു നമ്മുടെ നാട്ടിലും നടപ്പാകാന്‍ പോകുന്നു.

 

 

 

ലക്ഷ്യം പരിസ്ഥിതി സൗഹൃദ ഗതാഗതം, പ്രതീക്ഷ നല്‍കി കെ.എസ്.ഇ.ബി

 

പരിസ്ഥിതി സൗഹൃദ ഗതാഗതമെന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാര്‍ ഇലക്ട്രിക് വാഹനപദ്ധതിയുടെ കരട് രൂപരേഖയ്ക്കു കഴിഞ്ഞവര്‍ഷം അംഗീകാരം നല്‍കിയത്. രൂപരേഖയ്ക്ക് അംഗീകാരം നല്‍കി ഒരുവര്‍ഷം പിന്നിടുമ്പോഴും ആശങ്കയുണ്ടാക്കിയിരുന്നതു വൈദ്യുതിക്കു വരുന്ന ചെലവായിരുന്നു. എന്നാല്‍ ഈ ആശങ്കയ്ക്കു വലിയതോതില്‍ ഇപ്പോള്‍ ശമനമായിരിക്കുകയാണ്. പദ്ധതിയുടെ നടത്തിപ്പിന് ഏറെ ഊര്‍ജം നല്‍കുന്ന തീരുമാനമാണ് കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നു കഴിഞ്ഞദിവസം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകളില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനാണ് കെ.എസ്.ഇ.ബി തയ്യാറായിരിക്കുന്നത്.

പൊതുബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ ശരാശരിയിലും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ തയ്യാറാണെന്നാണ് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്വീകാര്യമായ വിധത്തില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

വരുംവര്‍ഷങ്ങളിലെ സംസ്ഥാനത്തിന്റെ ഊര്‍ജ ഉപയോഗം കണക്കിലെടുത്ത് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചും അന്തര്‍സംസ്ഥാന പ്രസരണ ശൃംഖല ശക്തിപ്പെടുത്തിയും വൈദ്യുതി ലഭ്യത ഉറപ്പുവരുത്താനാണു തീരുമാനമെന്നും ഊര്‍ജ സെക്രട്ടറി ബി. അശോക് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

 


 

2022-ല്‍ ലക്ഷ്യം 10 ലക്ഷം വാഹനങ്ങള്‍

 

2020-ഓടെ വൈദ്യുതിയിലോടുന്ന രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങളും അമ്പതിനായിരം ഓട്ടോറിക്ഷയും ആയിരം ചരക്കുവണ്ടിയും മൂവായിരം ബസും 100 ഫെറി ബോട്ടുകളും ആയിരം ഗുഡ്‌സ് കാരിയറുകളും കേരളത്തില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. 2022 ആകുമ്പോഴേക്കും 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുമാണു ലക്ഷ്യം.

സംസ്ഥാനത്തെ പ്രമുഖ എന്‍ജിനീയറിങ് കോളേജുകളുമായി ബന്ധപ്പെട്ട ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്തുന്നതിനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനനിര്‍മാണത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ക്കാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് ആദ്യം പദ്ധതി അവതരിപ്പിക്കുന്നത്. ഒാേട്ടായും ബസും ബോട്ടും ഇലക്ട്രിക് ആക്കി മാറ്റാനാണു മുന്‍ഗണന. കാര്‍, ഇരുചക്ര വാഹന യാത്രികരെ ആകര്‍ഷിക്കാന്‍ റോഡ് നികുതി ഇളവുള്‍പ്പെടെ പ്രത്യേകം പദ്ധതികളുമുണ്ട്.

കെ.എസ്.ആര്‍.ടി.സിക്കും പദ്ധതിയില്‍ പങ്കാളിത്തമുണ്ട്. ഇതിനോടകം തന്നെ കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് ഓട്ടം നടത്തിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷം പരീക്ഷണയോട്ടം നടത്തിയ കെ.എസ്.ആര്‍.ടി.സി ഈവര്‍ഷമാണു കന്നിയോട്ടം നടത്തിയത്. 2025-ഓടെ കെ.എസ്.ആര്‍.ടി.സിയുടെ ആറായിരം ബസുകള്‍ ഇലക്ട്രിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുത്.

ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസിനു പൂര്‍ണ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. മൂന്നു മുതല്‍ നാലു മണിക്കൂറാണു പൂര്‍ണമായി ചാര്‍ജാകാന്‍ എടുക്കുക. ഒരു കിലോമീറ്ററിന് 0.8 യൂണിറ്റ് വൈദ്യുതിയാണു വേണ്ടത്. 120 കിലോമീറ്റര്‍ വേഗത സാധ്യമാകുമെങ്കിലും പൊതുഗതാഗതം ആയതിനാല്‍ അത് 80 കിലോമീറ്ററാകും.

ആദ്യ മൂന്നുവര്‍ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതി ഒഴിവാക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഹനനിര്‍മാണം പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. തദ്ദേശീയരായ നിര്‍മിതാക്കള്‍ക്ക് ആഗോളതലത്തിലെ പ്രമുഖരില്‍നിന്നു സാങ്കേതിക പിന്തുണ സ്വീകരിക്കാന്‍ അവസരമൊരുക്കും.

 

ചാര്‍ജ് ചെയ്യാം ഇങ്ങനെ

 

ദേശീയപാതയോരത്തും പ്രധാന റോഡുകളുടെ വശങ്ങളിലുമെല്ലാം ബാറ്ററി ചാര്‍ജിങ് സ്റ്റേഷനും സ്വാപ്പിങ് സ്റ്റേഷനുമുണ്ടാകും. ചാര്‍ജ് തീര്‍ന്ന ബാറ്ററി നല്‍കി സ്വാപ്പിങ് സ്റ്റേഷനില്‍നിന്നു മറ്റൊരു ബാറ്ററി വാങ്ങാം. ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ കെ.എസ്.ഇ.ബിയാണു നടത്തുക. സ്വാപ്പിങ് കേന്ദ്രങ്ങള്‍ സ്വകാര്യ പിന്തുണയോടെ പെട്രോള്‍ പമ്പുകള്‍ പോലെയായിരിക്കും.

ബി.പി.സി.എല്‍, ഐ.ഒ.സി.എല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പിന്തുണയും സര്‍ക്കാര്‍ തേടും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 20 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങും. 150 സ്വാപ്പിങ് സ്റ്റേഷനുകളും പരിഗണനയിലുണ്ട്. ഡിപ്പോ കേന്ദ്രീകരിച്ചായിരിക്കും ബസ് ചാര്‍ജിങ് സ്റ്റേഷന്‍. മൊബൈല്‍ ആപ്പ് വഴി ചാര്‍ജിങ് സ്റ്റേഷനുകളുടെ വിവരവും നമുക്കു ലഭ്യമാകും.

 

‘ഈ’വാഹനങ്ങള്‍ ശ്രദ്ധിക്കുക

 

സ്‌കൂട്ടറുകള്‍: വീട്ടില്‍വെച്ച് ചാര്‍ജ് ചെയ്യാവുന്ന തരത്തിലുള്ള ചെറിയ ബാറ്ററികളാണ് ഇ-സ്‌കൂട്ടറുകളിലുണ്ടാവുക. 50 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും. കൂടുതല്‍ ശേഷിയുള്ള എക്‌സ്റ്റെന്‍ഷന്‍ ബാറ്ററികളും ലഭിക്കും. പൊതുവായ ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഈ ബാറ്ററികള്‍ നല്‍കി മറ്റൊന്നു വാങ്ങാം. ഈ വര്‍ഷം തന്നെ ബജാജ് അര്‍ബനൈറ്റ് എന്ന പേരില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും നിരത്തിലെത്തും. 2020-ല്‍ അര്‍ബനൈറ്റിന്റെ മൂന്നുചക്ര വാഹനങ്ങള്‍ പുറത്തിറക്കും.

ഓട്ടോകള്‍: അടുത്തവര്‍ഷം 15,000 ഇലക്ട്രിക് ഓട്ടോകള്‍ നിരത്തിലിറക്കും. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ സഹായത്തോടെ ഇ-ഓട്ടോ സംസ്ഥാനത്തിനകത്തു നിര്‍മിക്കും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍) ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. അടുത്തിടെ കെ.എ.എല്‍ പുറത്തിറക്കിയ ഓട്ടോ നാലു മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജാകും. 110 കിലോമീറ്ററാണ് ഈ ചാര്‍ജ് ഉപയോഗിച്ച് അതിനു സഞ്ചരിക്കാനാവുക. ഒരു കിലോമീറ്ററിനു ചെലവ് വരുന്നതാകട്ടെ, 50 പൈസയും. അര്‍ബനൈറ്റിന്റെ മൂന്നുചക്ര വാഹനങ്ങള്‍ 2020-ല്‍ പുറത്തിറക്കുമെന്നു നേരത്തേ ബജാജ് അറിയിച്ചിരുന്നു.

നാലുചക്ര വാഹനങ്ങള്‍: ഇ-കാറുകള്‍ ആദ്യം ഉപയോഗിക്കുക സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായിരിക്കും. പിന്നീടിത് ടാക്‌സി കാറുകളായി അവതരിപ്പിക്കും. കാറുകളില്‍ ബില്‍റ്റ് ഇന്‍ ബാറ്ററികളുണ്ടാകും. ഇതു വീടുകളില്‍ ചാര്‍ജ് ചെയ്യാം. ദിവസം 80-100 കിലോമീറ്റര്‍ ദൂരം ഈ ബാറ്ററി ഉപയോഗിച്ച് ഓടിക്കാം. ദീര്‍ഘദൂര യാത്രകള്‍ക്ക് റേഞ്ച് എക്‌സ്റ്റെന്‍ഷന്‍ ബാറ്ററികള്‍ ലഭിക്കും. ദേശീയപാതയോരത്തും മറ്റു പ്രധാന റോഡുകളിലുമെല്ലാം ഇതിന്റെ ലഭ്യത ഉറപ്പാക്കും.

ഹെവി വാഹനങ്ങള്‍: 500 വോള്‍ട്ടില്‍ കൂടുതല്‍ ശേഷിയുള്ള ബാറ്ററികള്‍ ഉപയോഗിക്കുവയാണ് ഹെവി ഇലക്ട്രിക് വാഹനങ്ങള്‍. ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക ബസുകളിലാണ്. ബസുകള്‍ക്ക് ഡിപ്പോകളിലാണ് ചാര്‍ജിങ് സൗകര്യമുണ്ടായിരിക്കുക. ആവശ്യമെങ്കില്‍ വഴിയില്‍നിന്ന് ചാര്‍ജ് ചെയ്യാനാകും. ബാറ്ററി സ്വാപ്പിങ് സംവിധാനവുമുണ്ടാകും. വടക്കന്‍ യൂറോപ്പിലും മറ്റും പ്രചാരത്തിലുള്ള ഓട്ടോമേറ്റഡ് ബസ് ചാര്‍ജിങ് സംവിധാനവും പരിഗണനയിലുണ്ട്. കഴിഞ്ഞവര്‍ഷം ജൂണ്‍ 18-നാണു പരീക്ഷണാടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് ഓടിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായിരുന്നു ഈ പരീക്ഷണ ഓട്ടം. ഇ-ടെന്‍ഡര്‍ വഴി മഹാരാഷ്ട്രയിലെ മഹാവോയേജ് ലഭ്യമാക്കിയ ഗോള്‍ഡ് സ്റ്റോ ട്രാന്‍സ്‌പോര്‍ട്‌സിന്റെ ബി.വൈ.ഡി എന്ന ചൈനീസ് സ്ഥാപനം നിര്‍മിച്ച ബസായിരുന്നു വാടക അടിസ്ഥാനത്തില്‍ ഓടിച്ചത്. തുടര്‍ന്ന് ഈ വര്‍ഷം കന്നിയോട്ടവും നടത്തി. തിരുവനന്തപുരം കോര്‍പറേഷനില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇലക്ട്രിക്കാക്കാനാണു സര്‍ക്കാര്‍ ആദ്യം ഉദ്ദേശിക്കുത്.

 

ഇ-മൊബിലിറ്റി മേഖല

 

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ചാണിതു നടപ്പാക്കുക. ഇ-ബൈക്ക്, സ്‌കൂട്ടര്‍, ഓട്ടോ എന്നിവ അവതരിപ്പിക്കും. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സര്‍വീസിനു മാത്രം അനുമതിക്കും പദ്ധതിയുണ്ട്. അടിസ്ഥാന സൗകര്യമൊരുക്കല്‍ പൂര്‍ത്തിയായാല്‍ ഈ സ്ഥലങ്ങളില്‍ ഇ-വാഹനങ്ങള്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കും. മൂന്നാര്‍, കോവളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണു പരിഗണിക്കുന്നത്. ഇന്‍ഫോ പാര്‍ക്ക്, ടെക്‌നോ പാര്‍ക്ക് എന്നിവിടങ്ങളിലും ഇ-വാഹനം അവതരിപ്പിക്കും. കൊച്ചി മെട്രോയില്‍ അനുബന്ധ ഗതാഗതമാര്‍ഗമായും ഇ-വാഹനമുണ്ടാകുമെന്നു ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഡൂള്‍ ന്യൂസിനോടു വ്യക്തമാക്കി.

 

 

ലിഥിയത്തിനു മാത്രം സബ്‌സിഡി

 

ഇ-ഓട്ടോ വാങ്ങുന്നവര്‍ക്ക് 30,000 രൂപയോ അല്ലെങ്കില്‍ വാഹനവിലയുടെ 25 ശതമാനമോ ഇന്‍സന്റീവായി സര്‍ക്കാര്‍ നല്‍കും. ആദ്യ ഒരു വര്‍ഷത്തേക്കായിരിക്കുമിത്. വസ്തുനികുതി ഇളവും നിക്ഷേപക അലവന്‍സും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍മാതാക്കള്‍ക്കും കിട്ടും. ഇലക്ട്രിക് വാഹന നിര്‍മാണ ക്ലസ്റ്ററുകളും രൂപീകരിക്കും.

അതിനിടെ ബാറ്ററി വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി ഇനിമുതല്‍ ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കു മാത്രമേ ലഭിക്കൂവെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് ഇനിമുതല്‍ സബ്‌സിഡി ലഭിക്കാതാകുന്നത്. ഇരുചക്രവാഹനങ്ങള്‍ക്കാണ് ഇതു കര്‍ശനമാക്കിയിരിക്കുന്നത്. ഫാസ്റ്റര്‍ അഡാപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ ഇന്ത്യ (ഫെയിം) പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണിത്. സബ്‌സിഡിക്കായി പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ വകയിരുത്തിയത് പതിനായിരം കോടി രൂപയാണ്. മൂുവര്‍ഷമാണു രണ്ടാംഘട്ടത്തിന്റെ കാലാവധി.

എന്നാല്‍ സബ്‌സിഡി കുറച്ചതുവഴി അഞ്ചുമിനിറ്റുകൊണ്ട് ചാര്‍ജാവുന്ന 800 കിലോമീറ്റര്‍ വരെ ദൂരം പോകാനാകുന്ന ക്ഷമതയുള്ള ബാറ്ററികള്‍ വികസിപ്പിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുത്. വിദേശരാജ്യങ്ങള്‍ ഇത്തരം ബാറ്ററികള്‍ വികസിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.

വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ നിര്‍മാണ മേഖലയിലേക്ക് ശ്രദ്ധ

 

ഇ-വാഹന പദ്ധതിയുടെ ഭാഗമായി കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നതു നിര്‍മാണ മേഖലയിലാണ്. ഹാര്‍ഡ്വെയര്‍, സോഫ്‌റ്റ്വെയര്‍ നിര്‍മാണ മേഖലകള്‍ക്കു ഗുണകരമാകും പദ്ധതി. പവര്‍ ഇലക്ട്രോണിക്‌സ്, ബാറ്ററി പാക് അസംബ്ലി, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, ഇലക്ട്രിക് മോട്ടോഴ്‌സ് എന്നീ മേഖലകളിലെല്ലാം തൊഴിലവസരങ്ങളുണ്ടാകും. ഇതുവഴി വിദേശനിക്ഷേപവും ആകര്‍ഷിക്കാനാവും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങളും ശേഷി വികസന കേന്ദ്രങ്ങളും ഉയരും. കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്കും ഇതു ഗുണകരമാകും.

മാത്രമല്ല, ഇലക്ട്രിക് വാഹന നയത്തിനനുസരിച്ച് എന്‍ജിനീയറിങ് കോളേജുകളുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കും. സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനാണിത്.

 

പ്രതീക്ഷ നല്‍കി ഇ.വി മോട്ടോഴ്‌സും

 

അടുത്ത അഞ്ചുവര്‍ഷത്തിനകം ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനു രാജ്യമൊട്ടാകെ 6500 സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഇ.വി മോട്ടോഴ്‌സ് രൂപം നല്‍കിക്കഴിഞ്ഞു. ഡി.എല്‍.എഫ്, എ.ബി.ബി ഇന്ത്യ, ഡെല്‍റ്റ ഇലക്ട്രോണിക്‌സ് എന്നീ കമ്പനികളുമായി ചേര്‍ന്നാണ് 20 കോടി ഡോളര്‍ ചെലവുള്ള സംരംഭം തുടങ്ങുന്നത്.

നഗരങ്ങളിലെ റെസിഡന്‍ഷ്യല്‍ ഏരിയകളും ബിസിനസ് കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതയാണ് കമ്പനി പരിശോധിക്കുന്നത്. ഇവയെയെല്ലാം പ്രത്യേക സോഫ്‌റ്റ്വെയര്‍ സംവിധാനം ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. തുടക്കമെന്ന നിലയില്‍ അടുത്തവര്‍ഷം ഡല്‍ഹിയില്‍ 20 ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കും. തുടര്‍ന്നു കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

 

 

വെല്ലുവിളികളുമേറെ

 

ഇപ്പോഴും നിലനില്‍ക്കുന്ന ഒരു പ്രശ്‌നമെന്തെന്നാല്‍ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നത് ഒരു കമ്പനി മാത്രമാണ് എന്നതാണ്. മറ്റു കാറുകളുടെ വിലയ്ക്കാണ് അവ വിപണിയിലെത്തുന്നതും.

കേന്ദ്രസര്‍ക്കാരിനാണ് ഈ പ്രശ്‌നത്തില്‍ കൂടുതല്‍ ഇടപെടാനാവുത്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ക്കു കാര്യമായ നികുതിയിളവു നല്‍കുകയും സ്ഥലസൗകര്യമുള്‍പ്പെടെ ഒരുക്കുകയും വേണം.

ഇപ്പോള്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുത് മഹീന്ദ്ര മാത്രമാണ്. മറ്റ് കമ്പനികളും ഈ രംഗത്തേക്കു കടന്നുവരണം. ചൈനയിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കുന്ന ഒന്നിലധികം കമ്പനികള്‍ കാണാന്‍ കഴിയും. ആ മാതൃകയാണ് ഇവിടെ വേണ്ടത്.

കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ മാത്രമാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടുതലായി സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ളയും പറയുന്നു. ഇതൊരു തുടക്കമാണ്. രണ്ടോ മൂാേ വര്‍ഷം കഴിയുമ്പോഴാണ് ഇത്തരത്തിലേക്കു കാര്യങ്ങളെത്തൂ. ഇപ്പോളാവശ്യമായതെല്ലാം കെ.എസ്.ഇ.ബി ചെയ്യുുണ്ടെും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കെ.എസ്.ഇ.ബി വൈദ്യുതിയുടെ ചെലവ് കുറച്ചെങ്കിലും കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ ചെയ്യേണ്ടതാണ് ഇതൊക്കെ. ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കു സഞ്ചരിക്കാവുന്ന പരമാവധി ദൂരം 150 കിലോമീറ്ററാണ്. അതില്‍ക്കൂടുതല്‍ ദൂരം സഞ്ചരിക്കാവുന്ന വാഹനങ്ങളുണ്ടാക്കാനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടെങ്കിലും അവയൊന്നും നടപ്പായിട്ടില്ല.

മറ്റൊരു പ്രശ്‌നം ബാറ്ററിയുടെ കാലാവധിയാണ്. മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ ബാറ്ററി മാറേണ്ടിവരും.

ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍