| Wednesday, 5th May 2021, 9:58 am

കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരന്‍ വരണം, അഴിച്ചുപണി അനിവാര്യം: നിയുക്ത എം.എല്‍.എ സണ്ണി ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു.

പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്റിന് മാറി നില്‍ക്കാനാകില്ലെന്ന് പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് പറഞ്ഞു.

പരാജയത്തില്‍ നിന്ന് പാഠം പഠിച്ച് ശൈലി മാറ്റാന്‍ നേതൃത്വം തയ്യാറാകണം. കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് ആകണമെന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ നേതാവാണ് കെ.സുധാകരന്‍. ജനാധിപത്യപരമായാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ശരിയല്ലാത്തൊരു നിലപാട് പറഞ്ഞാലും അദ്ദേഹമത് ഉള്‍കൊള്ളും. സുധാകരന്റെ വരവില്‍ ഗ്രൂപ്പ് തടസമാവില്ലെന്നാണ് കരുതുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസ് സംഘടനാതലത്തില്‍ ആകെ അഴിച്ചുപണി അനിവാര്യമാണെന്നും കേരളത്തിലെ ഒട്ടേറെ നേതാക്കന്‍മാര്‍ക്കും ഇതേ അഭിപ്രായമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

കെ. സുധാകരന് അല്ലാതെ കോണ്‍ഗ്രസിനെ ചലിപ്പിക്കാനാകില്ലെന്നാണ് സണ്ണി ജോസഫ് പറയുന്നത്. ജനപിന്തുണയും ആജ്ഞാശക്തിയും ഉള്ള നേതാവാണ് സുധാകരനെന്നും ഇത് ആന്റണിയടക്കമുള്ള എ.ഐ.സി.സി.സി നേതൃത്വത്തിന് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.

നേതൃമാറ്റത്തിനായുള്ള മുറവിളിക്കിടെ സ്വയം മാറില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത മുല്ലപ്പള്ളി ഹൈക്കമാന്‍ഡിന് തീരുമാനമെടുക്കാമെന്ന നിലപാടിലാണ്.

കനത്ത തോല്‍വിക്ക് പിന്നാലെ ഹൈക്കമാാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകള്‍ മുല്ലപ്പള്ളി തള്ളിയിരുന്നു. പോരാട്ടത്തില്‍ തോറ്റിട്ട് സ്വയം ഇട്ടെറിഞ്ഞ് പോകാനില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയിലെന്ന പോലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്ന് മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.

അതേസമയം സ്വയം മാറാനൊരുക്കമല്ലാത്ത മുല്ലപ്പള്ളിക്കെതിരായി പാര്‍ട്ടിയില്‍ ശക്തമായി വിമര്‍ശനം ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more