| Sunday, 2nd May 2021, 7:17 pm

ഹെലികോപ്റ്ററില്‍ അങ്ങുമിങ്ങും പറന്നു; രണ്ടിടത്തും നിലം തൊടാതെ കെ. സുരേന്ദ്രന്‍

കവിത രേണുക

കേവലം 30 സീറ്റ് ലഭിച്ചാല്‍ കേരളം ഭരിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബി.ജെ.പി. അത് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്നെ നേരത്തെ പറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാവണം വിജയമുറപ്പിക്കാനായി രണ്ട് മണ്ഡലങ്ങളില്‍ കെ. സുരേന്ദ്രന്‍ ഇത്തവണ മത്സരിച്ചത്.

കഴിഞ്ഞ തവണ അക്കൗണ്ട് തുറന്ന ആ ഒരു സീറ്റില്‍ നിന്ന് വെച്ചടി വെച്ചടി കയറ്റമായിരുന്നു ബി.ജെ.പി ഇത്തവണ പ്രതീക്ഷിച്ചത്. എന്‍.ഡി.എ പ്രതീക്ഷയര്‍പ്പിച്ച പ്രധാന മണ്ഡലങ്ങള്‍ ഇവയായിരുന്നു; അങ്ങ് തെക്കൂന്ന് തുടങ്ങിയാല്‍ നേമം, തിരുവനന്തപുരം, കഴക്കൂട്ടം, കോന്നി വഴി, പാലക്കാട്, തൃശൂര്‍, മഞ്ചേശ്വരം വരെയുള്ള മണ്ഡലങ്ങള്‍.

സീറ്റുകളുടെ എണ്ണം കൂട്ടുന്നതിനായി ബി.ജെ.പി ഇത്തവണ പ്രധാനമായും കളത്തിലിറക്കിയത് ഇ. ശ്രീധരന്‍, സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിങ്ങനെ, തുറുപ്പു ചീട്ടുകളെന്ന് അവര്‍ കരുതിയ ചില വ്യക്തിത്വങ്ങളെയാണ്. ഇവരെ കൂടാതെ ഏറെ ചെളിവാരിയെറിയലുകള്‍ക്ക് ശേഷമാണെങ്കിലും ശോഭാ സുരേന്ദ്രനെയും കഴക്കൂട്ടത്ത് നിര്‍ത്തി.

വ്യക്തി പ്രഭാവം വോട്ടുകളില്‍ പ്രതിഫലിക്കാതിരുന്നില്ല. കടുത്ത മത്സരം തന്നെയാണ് ഇ. ശ്രീധരന്‍ മത്സരിച്ച പാലക്കാടും സുരേഷ് ഗോപി മത്സരിച്ച തൃശൂര്‍ മണ്ഡലത്തിലും നടന്നത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതു മുതല്‍ പാലക്കാട് മണ്ഡലത്തില്‍ ശ്രീധരനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അവസാന ഘട്ടത്തില്‍ ഈ വോട്ടു നില മാറി മറിയുകയും 3000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പില്‍ വിജയിക്കുകയുമായിരുന്നു.

തൃശൂരില്‍ സുരേഷ് ഗോപിക്ക് കടുത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്. ആദ്യ ഘട്ടത്തില്‍ മുന്നില്‍ നിന്നെങ്കിലും സുരേഷ് ഗോപി തോറ്റു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ബാലചന്ദ്രനാണ് ഇവിടെ വിജയിച്ചത്.

കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രന്‍ ഏതായാലും പുറകില്‍ നിന്നും എണ്ണുമ്പോള്‍ ഒന്നാം സ്ഥാനത്ത് തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നടന്‍ കൃഷ്ണകുമാറിനെ തിരുവനന്തപുരം മണ്ഡലത്തില്‍ നിര്‍ത്തിയെങ്കിലും ബി.ജെ.പിക്ക് രക്ഷയില്ല.

പിന്നെ പ്രതീക്ഷ നേമം മണ്ഡലമായിരുന്നു. തനിക്കുള്ളതുപോലെ വ്യക്തി പ്രഭാവമൊന്നും കുമ്മനം രാജശേഖരന് ഇല്ലെന്ന് നേരത്തെ തന്നെ നേമത്തെ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ പറഞ്ഞിരുന്നതാണ്. എന്തായാലും നേമം ഗുജറാത്തായില്ല. അതിന് കേരളം സമ്മതിച്ചതുമില്ല.

നേമത്തെ ബി.ജെ.പിയെ എതിരിടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ യു.ഡി.എഫ് മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.
നേമത്ത് കഴിഞ്ഞ തവണ തുറന്ന അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞതാണ്. അതുതന്നെ സംഭവിച്ചിരിക്കുന്നു. നേമം പൂട്ടിക്കുകയും ചെയ്തു. വേറെ എവിടെയും താമര വിരിയിക്കാനുമായില്ല.

ശബരിമലയും കൊവിഡ് പ്രതിരോധവുമൊക്കെ തെരഞ്ഞെടുപ്പ് ആയുധമാക്കിയായിരുന്നു ബി.ജെ.പി ഇത്തവണ പ്രചാരണം നടത്തിയത്. അയ്യപ്പകോപത്തിന്റെ പേരും പറഞ്ഞ് സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും അന്ധവിശ്വാസവും ആവര്‍ത്തിച്ച് പ്രയോഗിക്കാന്‍ ബി.ജെ.പിക്കാര്‍ മറന്നില്ല. ശബരിമല കേരളീയരുടെ വികാരമാണെന്നാണ് ബി.ജെ.പിക്കാര്‍ കരുതിയത്. എന്തായാലും അത് ഇത്തവണ കോന്നിയില്‍ നിന്ന് മത്സരിച്ച സുരേന്ദ്രന് മനസിലായിട്ടുണ്ടാവുമെന്നത് തീര്‍ച്ച.

സംസ്ഥാന അധ്യക്ഷനും സര്‍വ്വോപരി ബി.ജെ.പിയുടെ ശബരിമല സമരത്തിന്റെ നായകമുഖവുമായ കെ. സുരേന്ദ്രനെ രണ്ടിടത്താണ് എന്‍.ഡി.എ മത്സരിപ്പിച്ചത്. ‘അയ്യന്റെ മണ്ഡലമായ’ കോന്നിയിലും ഇങ്ങ് വടക്കേ അറ്റത്ത് മഞ്ചേശ്വരത്തും.

2016ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തിയ കെ. സുരേന്ദ്രന്‍ ഇത്തവണയും രണ്ടാം സ്ഥാനത്ത് തന്നെയുണ്ട്. അന്ന് 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചതെങ്കില്‍ ഇത്തവണ ആ ഭൂരിപക്ഷവും കൂടിയിട്ടുണ്ട്.

മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് 745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മഞ്ചേശ്വരത്തെ പ്രതീക്ഷയും സുരേന്ദ്രന് ഇല്ലാതായി.

അയ്യന്റെ മണ്ണില്‍ പിണറായി വിജയന്‍ പറഞ്ഞതു പോലെ അയ്യപ്പനും ദേവഗണങ്ങളും എല്‍.ഡി.എഫിനൊപ്പമാണ് നിന്നതെന്ന് പറയാതെ വയ്യ. കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.യു. ജനീഷ് കുമാര്‍ വന്‍ വിജയമാണ് കാഴ്ചവെച്ചത്. 8266 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജനീഷ് കുമാര്‍ സ്വന്തമാക്കിയത്.

അങ്ങ് വടക്കേ അറ്റത്തും തെക്കേ ജില്ലയായ പത്തനംതിട്ടയിലും ഓടിയോടി പ്രചരണത്തിന് എത്തേണ്ടതിനാല്‍ ഹെലികോപ്റ്ററില്‍ പറന്നാണ് കെ. സുരേന്ദ്രന്‍ ഈ ജില്ലകളില്‍ മാറി മാറി എത്തിക്കൊണ്ടിരുന്നത്. പക്ഷെ ഇന്ധന വില ഇത്രയധികം ഉയര്‍ന്നിരിക്കുന്ന ഈ കാലത്ത് പണം അത്രയും ചെലവായതല്ലാതെ മറ്റു ഗുണമൊന്നുമുണ്ടായില്ല. സര്‍ക്കാരിന് അയ്യപ്പ കോപമുണ്ടാകുമെന്നും അതുകൊണ്ട് ഈ സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകില്ലെന്നും സുരേന്ദ്രന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അവര്‍ മുന്നില്‍ കണ്ട രീതിയിലേക്കല്ല പോയതെന്ന് തന്നെയാണല്ലോ വ്യക്തമായത്.

കേരളം ചെളിക്കുണ്ടല്ല, തണ്ടൊടിഞ്ഞ താമര തുടങ്ങിയ സ്ഥിരം കളിയാക്കലുകളല്ല ഇപ്പോള്‍. കേരളം ഞങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ് കരയുന്ന ബി.ജെ.പിക്കാരുടെ അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം. എന്തായാലും ഹെലികോപ്റ്ററില്‍ കേരളത്തില്‍ പറന്നെത്തിയ നരേന്ദ്ര മോദിയും അമിത് ഷായുമൊക്കെ കരുതുന്നത് ആ സമയം കൂടി ബംഗാളിലും തമിഴ്‌നാട്ടിലും ചെലവഴിക്കാമായിരുന്നു എന്നാവും.

പ്രിയപ്പെട്ട സുരേന്ദ്രന്‍, നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നത് കേവലം സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മാത്രമല്ല, ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കൂടിയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Election Results; K surendran failure in two constituencies

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more