| Sunday, 2nd May 2021, 9:51 pm

എല്ലാത്തിനും നന്ദി, ഞങ്ങളുടെ പ്രവര്‍ത്തകരെ കൈയ്യടിച്ച് അഭിനന്ദിക്കുന്നു; കേരളത്തിലെ വമ്പന്‍ തോല്‍വിയക്ക് പിന്നാലെ മോദിയും അമിത് ഷായും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനാകാതെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. കേരളത്തിലെ ജനങ്ങളോടും ബി.ജെ.പി പ്രവര്‍ത്തകരോടും നന്ദിയറിയിക്കുന്നുവെന്ന് അമിത് ഷായും നരേന്ദ്ര മോദിയും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

‘ബി.ജെ.പിയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് കേരളത്തിലെ ജനങ്ങളോട് നന്ദി പറയുകയാണ്. സംസ്ഥാനത്ത് നില മെച്ചപ്പെടുത്തുന്നതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു കുറവും വരുത്താതെ നടത്തും. കേരളത്തിലെ കാര്യകര്‍ത്താക്കളുടെ (പ്രവര്‍ത്തകര്‍) അധ്വാനത്തെ കൈയ്യടിച്ച് അഭിനന്ദിക്കുകയാണ്,’ അമിത് ഷാ പറഞ്ഞു.

ജനങ്ങളോടും പ്രവര്‍ത്തകരോടും നന്ദി പറഞ്ഞ നരേന്ദ്ര മോദി, ബി.ജെ.പി പ്രവര്‍ത്തകര്‍ തുടര്‍ന്നും കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ നമ്മള്‍ ഇനിയും ഒന്നിച്ചു മുന്നേറുമെന്നായിരുന്നു പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞത്.

കേരളത്തിലെ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 99 സീറ്റുകളും വിജയിച്ചാണ് എല്‍.ഡി.എഫ് തുടര്‍ഭരണം നേടിയത്. ബാക്കിയുള്ള 41 സീറ്റിലും യു.ഡി.എഫ് മുന്നേറ്റം നടത്തിയപ്പോള്‍ ഒരു സീറ്റ് പോലും നേടാന്‍ ബി.ജെ.പിയ്ക്കായില്ല.

നേമത്തെ ഒ.രാജഗോപാലിന്റെ സിറ്റിംഗ് സീറ്റില്‍ കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടു. 5750 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായ വി. ശിവന്‍കുട്ടി ഇവിടെ വിജയിച്ചത്. പാലക്കാട് ഇ. ശ്രീധരനും തൃശൂരില്‍ സുരേഷ് ഗോപിയും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും പല ഘട്ടങ്ങളില്‍ ലീഡുയര്‍ത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

മോദിയും അമിത് ഷായും യോഗി ആദിത്യനാഥുമെല്ലാമെത്തി വന്‍ താരപ്രചാരണം നടത്തിയെങ്കിലും കേരളത്തില്‍ ബി.ജെ.പിയ്ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Election result 2021, PM Narendra Modi and Amit Shah response to BJP’s defeat

We use cookies to give you the best possible experience. Learn more