| Sunday, 21st November 2021, 11:33 am

ഷാഫിക്ക് 23 ലക്ഷം, ബല്‍റാമിന് പതിനെട്ടര ലക്ഷം; ചെന്നിത്തലയ്ക്ക് പാര്‍ട്ടി വിഹിതമായി ലഭിച്ചത് അഞ്ച് ലക്ഷം മാത്രം; തെരഞ്ഞെടുപ്പ് കാലത്തെ കണക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ തുക പാര്‍ട്ടി നല്‍കിയത് ത്രികോണപോരില്‍ വിജയം നേടിയ ഷാഫി പറമ്പിലിന് വേണ്ടിയാണെന്ന് റിപ്പോര്‍ട്ട്.

23 ലക്ഷം രൂപയാണ് ഷാഫിക്ക് വേണ്ടി പാര്‍ട്ടി ചെലവാക്കിയത്. അതേസമയം സ്റ്റാര്‍ കാന്‍ഡിഡേറ്റ് രമേശ് ചെന്നിത്തലക്ക് പാര്‍ട്ടി വിഹിതമായി അഞ്ച് ലക്ഷം മാത്രമാണ് ലഭിച്ചത്.
തൃത്താലയില്‍ പരാജയപ്പെട്ട വി.ടി. ബല്‍റാമിന് വേണ്ടി പതിനെട്ടര ലക്ഷമാണ് ചെലവാക്കിയത്.

കോണ്‍ഗ്രസ് 23 കോടിയാണ് പ്രചാരണത്തിന് വേണ്ടി ചെലവാക്കിയത്. ഇതില്‍, 11 കോടി സ്ഥാനാര്‍ത്ഥികള്‍ക്കും 16 കോടി പരസ്യത്തിനും ചെലവഴിച്ചു.

അതേസമയം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന കിട്ടിയത് സി.പി.ഐ.എമ്മിനാണ്. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് ലഭിച്ചത്.

കോണ്‍ഗ്രസിന് 39 കോടിയും ബി.ജെ.പിക്ക് എട്ട് കോടിയുമാണ് സംഭാവനയായി ലഭിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഹെലികോപ്റ്റര്‍, വിമാന യാത്രയ്ക്ക് മാത്രം രണ്ടര കോടിക്ക് മുകളില്‍ ചെലവായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി 43 ലക്ഷം രൂപയാണ് ബി.ജെ.പിക്ക് ചെലവായത്.

ലഭിച്ച 58,86,38,762 രൂപയില്‍ പരസ്യത്തിന് വേണ്ടി 17 കോടി സി.പി.ഐ.എം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയത് നാല് കോടി 21 ലക്ഷമാണ്. ബേപ്പൂരില്‍ മുഹമ്മദ് റിയാസിന് 22 ലക്ഷമാണ് ചെലവിനായി പാര്‍ട്ടി നല്‍കിയത്.

ആര്‍. ബിന്ദുവിന് 20 ലക്ഷം, വീണ ജോര്‍ജിന് 19 ലക്ഷം, ജെയ്ക്ക് സി. തോമസിന് 16 ലക്ഷം എന്നിങ്ങനെയാണ് ചെലവാക്കിയത്.

15 ലക്ഷം വീതമാണ് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി ബി.ജെ.പി നല്‍കിയത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച അധ്യക്ഷന്‍ കെ. സുരേന്ദ്രന് പാര്‍ട്ടി നല്‍കിയത് 40 ലക്ഷമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ആകെ നല്‍കിയത് 9 കോടി 18 ലക്ഷം രൂപയാണ്. വിമാന യാത്രക്കും ഹെലികോപ്റ്റര്‍ യാത്രക്കും മാത്രം ചെലവായത് രണ്ടേ മുക്കാല്‍ കോടി രൂപയുമാണ്. ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ യോഗി ആദിത്യനാഥ് വന്ന് പോയതിന് 25 ലക്ഷം രൂപയായി. മൂന്ന് റാലികളില്‍ പങ്കെടുത്ത മോദിക്ക് വേണ്ടി ചെലവായത് 43 ലക്ഷം രൂപയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kerala Election, Reports, CPIM, BJP, CONGRESS

Latest Stories

We use cookies to give you the best possible experience. Learn more