| Saturday, 4th September 2021, 4:20 pm

35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് പറഞ്ഞത് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി എന്ന് തോന്നിപ്പിച്ചു; സുരേന്ദ്രനെതിരെ ബി.ജെ.പി അവലോകന റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി അവലോകന റിപ്പോര്‍ട്ട്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന ദോഷം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

35 സീറ്റ് കിട്ടിയാല്‍ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ എത്തുമെന്ന പരാമര്‍ശം ബി.ജെ.പി-കോണ്‍ഗ്രസ് ധാരണയെന്ന സംശയം ജനങ്ങളില്‍ ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുതിരക്കച്ചവടം നടക്കുമെന്ന തോന്നല്‍ വോട്ടര്‍മാരില്‍ സൃഷ്ടിച്ചു.

സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴക്കൂട്ടത്ത് ശബരിമല മാത്രം വിഷയമാക്കിയത് തോല്‍വിക്ക് വഴിവെച്ചെന്നും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും രണ്ട് നിലയ്ക്ക് പ്രചാരണം നടത്തിയതായും അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

‘ഒ.രാജഗോപാലിന് നല്ല ജനകീയ എം.എല്‍.എ ആകാനായില്ല. അത് നേമം നഷ്ടപ്പെടാന്‍ ഇടയാക്കി,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേമം കേരളത്തിലെ ഗുജറാത്ത് എന്ന പ്രസ്താവന ന്യൂനപക്ഷളില്‍ വിഷയമായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഗുരുവായൂര്‍, തലശേരി മണ്ഡലങ്ങളിലെ പത്രികകള്‍ തള്ളിയത് തിരിച്ചടിയായെന്നും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ട്. പ്രചരണത്തിന്റെ നേതൃത്വം സംഘപരിവാര്‍ ഏറ്റെടുത്തപ്പോള്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനം താളം തെറ്റി. ജനങ്ങളുമായി ബന്ധമോ പരിചയമോ ഇല്ലാത്തവരാണ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്.

ബി.ഡി.ജെ.എസ് മുന്നണിയില്‍ ഉണ്ടായിരുന്നെങ്കിലും അതിന്റെ ഗുണം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ശബരിമല പോലെ മതപരമായ വിഷയങ്ങള്‍ക്ക് പുറമെ ജനകീയ വിഷയങ്ങള്‍ ബി.ജെ.പി ഏറ്റെടുക്കണമെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരാജയം പഠിച്ച സമിതികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിക്കും. ഓരോ മണ്ഡലത്തെ കുറിച്ചും സംസ്ഥാന തലത്തിലെ നിലപാടുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു

നാല് ജനറല്‍ സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്റും അടങ്ങിയ സമിതിയാണ് കെ. സുരേന്ദ്രന് റിപ്പോര്‍ട്ട് കൈമാറിയത്. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളും സന്ദര്‍ശിച്ച ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Election BJP Defeat K Surendran Review Report

We use cookies to give you the best possible experience. Learn more