| Wednesday, 10th March 2021, 12:13 pm

തീരുമാനം ഉള്‍കൊള്ളാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ബാധ്യസ്ഥരാണ്; പൊന്നാനിയില്‍ നന്ദകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ടി.എം സിദ്ധീഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്നാനി: നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പി. നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പിന്തുണ പ്രഖ്യാപിച്ച് പൊന്നാനി എരിയ കമ്മറ്റി സെക്രട്ടറി ടി.എം സിദ്ധീഖ്.

നിരന്തരമായ പരിശോധനകള്‍ക്കും കൂടിയാലോചനകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് സി.പി.ഐ.എം പാര്‍ട്ടി ഒരു അന്തിമ തീരുമാനത്തില്‍ എത്തുന്നതെന്നും ആ തീരുമാനം ഉള്‍കൊള്ളാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ബാധ്യസ്ഥരാണെന്നും സിദ്ധീഖ് പറഞ്ഞു.

അമ്പത് വര്‍ഷത്തെ തൊഴിലാളി രാഷ്ട്രീയ പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് നന്ദകുമാര്‍ എന്നും അദ്ദേഹത്തെ പൊന്നാനിയുടെ ജനപ്രതിനിധിയാകാന്‍ പാര്‍ട്ടി നിയോഗിക്കുന്നത് ഉചിതമായ കാര്യമാണെന്നും സിദ്ധീഖ് പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെ ചുവടുപിടിച്ച് പൊന്നാനിയില്‍ സംഭവിച്ച നിര്‍ഭാഗ്യകരമായ പാര്‍ട്ടി സ്‌നേഹികളുടെ വികാര പ്രകടനങ്ങളെ വര്‍ഗീയവല്‍ക്കരിച്ച് വലതുപക്ഷ ശക്തികള്‍ നടത്തുന്ന പ്രചരണത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. പൊന്നാനി രാജ്യത്തിന് മാതൃകയായ മതനിരപേക്ഷത കാത്തുസൂക്ഷിച്ചിട്ടുള്ള മണ്ണാണ്. ഈ നാടിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ ഏറെ സംഭാവനകള്‍ ചെയ്ത, അത് സംരക്ഷിക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നും സിദ്ധീഖ് പറഞ്ഞു.

നന്ദകുമാറിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് വലതുപക്ഷ വര്‍ഗീയശക്തികളെ നിരായുധരാക്കാന്‍ കാത്തിരിക്കുകയാണ് പൊന്നാനിയിലെ ജനത. ആ പാരമ്പര്യമാണ് ഈ നാടിനുള്ളത്. സ്ഥാനാര്‍ത്ഥികളുടെ മതവും ജാതിയും ദേശവും വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ മാനദണ്ഡമായ മണ്ഡലമല്ല പൊന്നാനി. അത് വീണ്ടും തെളിയിക്കപ്പെടും.

ഇക്കാലമത്രയും പാര്‍ട്ടിക്ക് വിധേയനായി, പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്തങ്ങള്‍ അംഗീകാരമായി കണ്ട് നിര്‍വഹിച്ച എളിയ സി.പി.ഐ.എം പ്രവര്‍ത്തകനാണ് താന്‍ എന്നും ടി.എം സിദ്ധീഖ് പറഞ്ഞു.

ഇനിയും എല്ലാ കാലവും അങ്ങനെ തന്നെയായിരിക്കും. പാര്‍ട്ടിയില്ലെങ്കില്‍, ടി.എം സിദ്ധീഖ് എന്ന താനില്ല. പാര്‍ട്ടിയാണ് എന്റെ വിലാസവും ശക്തിയും. വ്യക്തികളല്ല, പാര്‍ട്ടിയും പാര്‍ട്ടിയുടെ നയപരിപാടികളുമാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അത് തിരിച്ചറിയാനും ഉള്‍കൊള്ളാനും എല്ലാ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടി.എം സിദ്ധീഖിന്റെ പ്രസ്താവന പൂര്‍ണരൂപം,

പ്രിയപ്പെട്ട സഖാക്കളേ, പൊന്നാനിയിലെ വോട്ടര്‍മാരേ..

പൊന്നാനി നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി സഖാവ് പി നന്ദകുമാറിനെ പാര്‍ട്ടി നിശ്ചയിച്ചിരിക്കുകയാണ്. എല്ലാ ഘടകങ്ങളും പരിശോധിച്ച് നിരന്തരമായ പരിശോധനകള്‍ക്കും കൂടിയാലോചനകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് സി.പി.ഐ.എം പാര്‍ട്ടി ഒരു അന്തിമ തീരുമാനത്തില്‍ എത്തുന്നത്. ആ തീരുമാനം ഉള്‍കൊള്ളാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ബാധ്യസ്ഥരാണ്.

സഖാവ് നന്ദകുമാര്‍ അമ്പത് വര്‍ഷത്തെ തൊഴിലാളി രാഷ്ട്രീയ പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അദ്ധേഹത്തെ പൊന്നാനിയുടെ ജനപ്രതിനിധിയാകാന്‍ പാര്‍ട്ടി നിയോഗിക്കുന്നത് ഉചിതമായ കാര്യമാണ്. ഒരു തൊഴിലാളി നേതാവിനെ അര്‍ഹമായ രീതിയില്‍ പരിഗണിക്കാന്‍ ഇടതുപക്ഷത്തിന് വിശിഷ്യാ സി.പി.ഐ.എമ്മിന് മാത്രമാണ് കഴിയുക.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെ ചുവടുപിടിച്ച് പൊന്നാനിയില്‍ സംഭവിച്ച നിര്‍ഭാഗ്യകരമായ പാര്‍ട്ടി സ്‌നേഹികളുടെ വികാര പ്രകടനങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിച്ച് വലതുപക്ഷ ശക്തികള്‍ നടത്തുന്ന പ്രചരണത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. പൊന്നാനി രാജ്യത്തിന് മാതൃകയായ മതനിരപേക്ഷത കാത്തുസൂക്ഷിച്ചിട്ടുള്ള മണ്ണാണ്. ഈ നാടിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ ഏറെ സംഭാവനകള്‍ ചെയ്ത, അത് സംരക്ഷിക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം.

ഒരു മത വര്‍ഗ്ഗീയ ശക്തിയും പൊന്നാനിയില്‍ നിലയുറപ്പിക്കാതിരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് പൊന്നാനിയിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍. കേവലമായ രാഷ്ട്രീയ വൈകാരിക പ്രകടനങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നീചവും ക്രൂരവുമാണ്.

ഇത്തരം പ്രചരണങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യമല്ല പൊന്നാനിയുടേത്. സഖാവ് നന്ദകുമാറിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് വലതുപക്ഷ വര്‍ഗ്ഗീയ ശക്തികളെ നിരായുധരാക്കാന്‍ കാത്തിരിക്കുകയാണ് പൊന്നാനിയിലെ ജനത. ആ പാരമ്പര്യമാണ് ഈ നാടിനുള്ളത്. സ്ഥാനാര്‍ത്ഥികളുടെ മതവും ജാതിയും ദേശവും വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ മാനദണ്ഡമായ മണ്ഡലമല്ല പൊന്നാനി. അത് വീണ്ടും തെളിയിക്കപ്പെടും.

ഇക്കാലമത്രയും പാര്‍ട്ടിക്ക് വിധേയനായി, പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്തങ്ങള്‍ അംഗീകാരമായി കണ്ട് നിര്‍വഹിച്ച എളിയ സി.പി.ഐ.എം പ്രവര്‍ത്തകനാണ് ഞാന്‍.

ഇനിയും എല്ലാ കാലവും അങ്ങനെ തന്നെയായിരിക്കും. പാര്‍ട്ടിയില്ലെങ്കില്‍, ടി.എം സിദ്ധീഖ് എന്ന ഞാനില്ല. പാര്‍ട്ടിയാണ് എന്റെ വിലാസവും ശക്തിയും. വ്യക്തികളല്ല, പാര്‍ട്ടിയും പാര്‍ട്ടിയുടെ നയപരിപാടികളുമാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അത് തിരിച്ചറിയാനും ഉള്‍കൊള്ളാനും എല്ലാ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും തയ്യാറാവണം.

സഖാവ് പി.നന്ദകുമാറിനെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ സ്വപ്ന തുല്യമായ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി എല്ലാവരും മുന്നിട്ടിറങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു. അഭിവാദ്യങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021 TM Siddique announces support for Nandakumar in Ponnani

We use cookies to give you the best possible experience. Learn more