മലപ്പുറം: മലപ്പുറത്തെ മഹാ ഭൂരിപക്ഷം പേരും നല്ലവരാണെന്നും തീവ്രവാദികള്‍ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്‌സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ എ.പി അബ്ദുള്ളക്കുട്ടി.
മണ്ഡലത്തിലെ പ്രചാരണത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ പിന്തുണയോടെ മലപ്പുറം നഗരത്തെ സ്മാര്‍ട്ട് സിറ്റിയാക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറവും കേരളവും ദേശീയ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കണമെന്നും മലപ്പുറത്തെ രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെയും ചിലവ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ നിന്നും ഈടാക്കണമെന്നും എ.പി അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
കേരളത്തിലെ എട്ട് ലക്ഷം ഹെക്ടര്‍ കൃഷി ഒന്നര ലക്ഷം ഹെക്ടര്‍ കൃഷിയായി കുറഞ്ഞു. ഇന്ത്യയില്‍ തൊഴിലില്ലായ്മ ഏറ്റവും വര്‍ധിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. എല്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ രാഷ്ട്രീയ മനസ്സും വികസനവും മുരിടിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എ.പി അബ്ദുള്ളക്കുട്ടിയെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് ഉപതെരഞ്ഞെടുപ്പും നടക്കുന്നത്.
എസ്.എഫ്.ഐ നേതാവ് വി.പി സാനുവാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ലീഗ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി രാജി വെച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഒരുകൂട്ടം യുവാക്കള്‍ ആരംഭിച്ച ആത്മാഭിമാന സംരക്ഷണ സമിതിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.എ.പി. സാദിഖലി തങ്ങളാണ് സ്ഥാനാര്‍ത്ഥി.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. വി.പി.സാനുവിന് 3,29,720 വോട്ടുകളായിരുന്നു ലഭിച്ചത്. ബി.ജെ.പിയുടെ ഉണ്ണികൃഷ്ണന് 82,332 വോട്ടുകളാണ് ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Kerala Election 2021 The vast majority of people in Malappuram are good and the extremists are only a small minority; AP Abdullakutty