| Wednesday, 17th March 2021, 7:01 pm

വര്‍ക്കിംഗ് പ്രസിഡന്റിനെ വെയ്ക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് വാതമൊന്നുമില്ല; കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എം.പിയുമായ കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനുവുമായി കാസര്‍ഗോഡ് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരായ സുധാകരന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് ഉണ്ണിത്താന്റെ വിമര്‍ശനം.

മീഡിയ വണ്‍ ചാനലിന്റെ റോഡ് ടു വോട്ട് എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, ആ സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്റെ വിജയസാധ്യത കുറച്ചു എന്ന് കോണ്‍ഗ്രസിന്റെ ഒരു വര്‍ക്കിംഗ് പ്രസിഡണ്ട് പറഞ്ഞാല്‍ അദ്ദേഹത്തെ പിന്നെ ആ സ്ഥാനത്ത് കാണാന്‍ ഒരു കോണ്‍ഗ്രസുുകാരനായ തനിക്ക് സാധിക്കില്ലയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിടാന്‍ പോകുന്നു എന്ന് അദ്ദേഹം ചാക്കോയോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ അദ്ദേഹം പറയുന്ന വാക്കുകള്‍ക്ക് യാതൊരു വിലയും താന്‍ കല്‍പ്പിക്കില്ല. കെ സുധാകരന് നേതൃത്വത്തില്‍ സ്വാധീനമുള്ള കാലത്ത് അദ്ദേഹം അദ്ദേഹത്തിന്റെ പാര്‍ശ്വവര്‍ത്തികള്‍ക്ക് മാത്രമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നല്‍കിയിട്ടുള്ളുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഒരു വര്‍ക്കിംഗ് പ്രസിഡന്റിനെ വെയ്ക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് വാതമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് എതിരെ കെ.സുധാകരന്‍ രംഗത്ത് എത്തിയത്.

സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് തുടരുന്നത് മനസോടെയല്ലെന്നുമായിരുന്നു സുധാകരന്റെ പ്രസ്താവന.

ആലങ്കാരിക പദവികള്‍ തനിക്ക് ആവശ്യമില്ല. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021 Rajmohan Unnithan sharply criticizes K Sudhakaran

We use cookies to give you the best possible experience. Learn more