മാഹിയില്‍ നിന്ന് ഡീസല്‍ അടിച്ചത് കൊണ്ട് അഞ്ച് രൂപ കുറഞ്ഞു; കേരളത്തിലെ പെട്രോള്‍വില വര്‍ധനവിന് ഉത്തരവാദി പിണറായിയും തോമസ് ഐസക്കും: എ.പി അബ്ദുള്ളക്കുട്ടി
മലപ്പുറം: കേരളത്തിലെ ഇന്ധന വിലവര്‍ധനവിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്‌സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ എ.പി അബ്ദുള്ളക്കുട്ടി.
താന്‍ മാഹിയില്‍ നിന്ന് ഡീസല്‍ അടിച്ചത് കൊണ്ട് അഞ്ചു രൂപ കുറവാണെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോള്‍ വിലയെക്കുറിച്ച് കോണ്‍ഗ്രസ് പണ്ട് ചെയ്തതുപോലെ ആഗോള പ്രതിഭാസമെന്ന് പറഞ്ഞ് കൈയ്യൊഴുന്നില്ലെന്നും നരേന്ദ്രമോദിയുടെ ഭരണം മുന്നേറുമ്പോള്‍ പെട്രോള്‍ മാഫിയയെ നിലക്ക് നിര്‍ത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
‘ കേരളത്തിലെ പെട്രോള്‍വില വര്‍ധനവിന് ഉത്തരവാദി പിണറായിയും തോമസ് ഐസക്കുമാണ്. പെട്രോള്‍ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞപ്പോള്‍ കേരളം എതിര്‍ത്തിരുന്നു. ഞാന്‍ മാഹിയില്‍ നിന്നും ഡീസല്‍ അടിച്ചതുകൊണ്ടുതന്നെ അഞ്ചുരൂപ കുറവാണ്. പെട്രോള്‍ വിലയെക്കുറിച്ച് കോണ്‍ഗ്രസ് പണ്ട് ചെയ്തതുപോലെ ആഗോള പ്രതിഭാസമെന്ന് പറഞ്ഞ് കൈയ്യൊഴുന്നില്ല. നരേന്ദ്രമോദിയുടെ ഭരണം മുന്നേറുമ്പോള്‍ പെട്രോള്‍ മാഫിയയെ നിലക്ക് നിര്‍ത്തും” എന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്.
മലപ്പുറത്തെ മഹാ ഭൂരിപക്ഷം പേരും നല്ലവരാണെന്നും തീവ്രവാദികള്‍ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. നരേന്ദ്രമോദിയുടെ പിന്തുണയോടെ മലപ്പുറം നഗരത്തെ സ്മാര്‍ട്ട് സിറ്റിയാക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് ഉപതെരഞ്ഞെടുപ്പും നടക്കുന്നത്.
എസ്.എഫ്.ഐ നേതാവ് വി.പി സാനുവാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ലീഗ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക