തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്ളത്. പരിപാടികള്‍ നടപ്പിലാക്കുന്നതിനായുള്ള തൊള്ളായിരം നിര്‍ദ്ദേശങ്ങളും ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എ.കെ.ജി സെന്ററില്‍ എല്‍.ഡി.ഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടതുമുന്നണി നേതാക്കളാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.
5 വര്‍ഷക്കാലം കേരളത്തിലെ ഇടതുമുന്നണി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളുമാണ് ഇടതുമുന്നണിയുടെ കരുത്തെന്നും സംസ്ഥാനത്ത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നല്ല അംഗീകാരം കിട്ടിയ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നും യാതൊരു തരത്തിലുള്ള അപവാദപ്രചരണങ്ങളോ വര്‍ഗീയ കൂട്ടുകെട്ടോ കേരളം അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
ഇടതുപക്ഷ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷോളം വളരാന്‍ കഴിയുന്ന പ്രകടനപത്രികയാണ് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ക്ക് 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരുലക്ഷം മുതല്‍ 15 ലക്ഷം വരെ വികസന സഹായ വായ്പ നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്.
പ്രകടന പത്രികയിലെ പ്രധാനനിര്‍ദ്ദേശങ്ങള്‍.
1) 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കും. ഈ ലക്ഷ്യത്തോടെ തല്‍പ്പരരായ മുഴുവന്‍ അഭ്യസ്തവിദ്യര്‍ക്കും നൈപുണി പരിശീലനം നല്‍കും. ഇവരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും.
3) അഞ്ചു വര്‍ഷംകൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍കൂടി ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇന്നവേഷന്‍ ചലഞ്ചു പോലുള്ള സംവിധാനങ്ങള്‍ക്കു രൂപം നല്‍കും.
4) എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കും. വൈവിധ്യവല്‍ക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിക്കും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കാലോചിതമായ സേവനവേതന അവകാശങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് കെ.എസ്.ആര്‍.ടി.സി പുനരുദ്ധരിക്കും. .
5) മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കും.
6) കേരളം ഇലക്ട്രോണിക് ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബ് കെല്‍ട്രോണിനെ പുനരുദ്ധരിക്കും, സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കും. ആമ്പല്ലൂര്‍ ഇലക്ട്രോണി ഹാര്‍ഡ്വെയര്‍ പാര്‍ക്ക് പൂര്‍ത്തീകരിക്കും.
7) മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ റബര്‍ പാര്‍ക്ക്, കോഫി പാര്‍ക്ക്, റൈസ് പാര്‍ക്ക്, സ്‌പൈസസ് പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, ജില്ലാ ആഗ്രോ പാര്‍ക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കും.
8) ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കല്‍ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും. സ്‌പൈസസ് റൂട്ട് ആവിഷ്‌കരിക്കും.
9) ചെറുകിട വ്യവസായ മേഖല സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി ഉയര്‍ത്തും.
10) പ്രവാസി പുനരധിവാസം അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങള്‍, വിപണന ശൃംഖല തുടങ്ങിയ തൊഴില്‍ പദ്ധതികളില്‍ പ്രവാസികള്‍ക്കു പ്രത്യേക പരിഗണന നല്‍കും.
11) ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ശക്തിപ്പെടുത്തും. പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാന്‍ ഉണ്ടാക്കി നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഇങ്ങനെ 1 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായം നല്‍കും.
12) കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും.
13) മൃഗപരിപാലനം പാലില്‍ സ്വയം പര്യാപ്തത കൈവരിക്കും. പാല്‍ ഉത്പാദനത്തില്‍ നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ തുടര്‍വര്‍ഷങ്ങളിലും നിലനിര്‍ത്തുകയും, കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കുകയും ചെയ്യും.
14) മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടവും ഉറപ്പുവരുത്തും.
15) വിപുലമായ വയോജന സങ്കേതങ്ങള്‍. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന
16)ഉന്നത വിദ്യാഭ്യാസരംഗം വിപുലപ്പെടുത്തും.
17) അടുത്തവര്‍ഷം ഒന്നരലക്ഷം വീട് നിര്‍മ്മിക്കും
18) ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന
19) 2040 വരെ വൈദ്യുതിക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പതിനായിരം കോടിരൂപയുടെ ട്രാന്‍സ്ഗ്രില്‍ഡ് പദ്ധതിയുടെ പൂര്‍ത്തീകരണം.