‘മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും ലഭിക്കാത്ത ഭാഗ്യമല്ലെ ലഭിച്ചത്. മുതിര്‍ന്ന നേതാക്കളായ ഒ. രാജഗോപാലിനോ കുമ്മനം രാജശേഖരനോ ഈ സൗഭാഗ്യം ലഭിച്ചിട്ടില്ല, രണ്ട് സീറ്റിലാണ് സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കുന്നത്. രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നു’. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കോന്നി നിയോജ മണ്ഡലങ്ങളില്‍ ഒരുമിച്ച് മത്സരിക്കാനായി കെ.സുരേന്ദ്രന്‍ തീരുമാനിച്ചതിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രന്റെ പരാമര്‍ശമായിരുന്നു ഇത്.
മുമ്പെങ്ങുമില്ലാത്ത വിധം സാധ്യതകള്‍ കല്‍പ്പിച്ചു കൊണ്ടായിരുന്നു കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. അതിനുള്ള സൗകര്യങ്ങളും പാര്‍ട്ടി സംവിധാനം സംസ്ഥാന അധ്യക്ഷന് ഒരുക്കി കൊടുത്തു. മഞ്ചേശ്വരത്തും കോന്നിയിലും മാറി മാറി പ്രചരണം നടത്തുന്നതിനായി ഹെലികോപ്റ്റര്‍ സര്‍വീസ് അടക്കം പാര്‍ട്ടി സുരേന്ദ്രനായി ഒരുക്കിയിരുന്നു. എന്നാല്‍ സിറ്റിംഗ് സീറ്റില്‍ പോലും വിജയിക്കാനാവാതെ ഒറ്റ സീറ്റുമില്ലാതെ ബി.ജെ.പി പരാജയം നേരിടുകയായിരുന്നു.
കെ.സുരേന്ദ്രനെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്. തെരഞ്ഞെടുപ്പിന് പിന്നാലെ സുരേന്ദ്രനെതിരെയുള്ള പടയൊരുക്കം പാര്‍ട്ടിയില്‍ തന്നെ ആംരഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കാന്‍ സുരേന്ദ്രനായില്ല.
തദ്ദേശ സ്വയം ഭരണ വകുപ്പുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 3000 തദ്ദേശ സ്വയം ഭരണ സീറ്റുകളില്‍ വിജയിക്കാനുള്ള പദ്ധതിയുമായി ഇറങ്ങിയ ബി.ജെ.പിക്ക് 2015 നെക്കാള്‍ മുന്നൂറോളം സീറ്റുകള്‍ മാത്രമാണ് അധികം പിടിക്കാനായത്.
ആര്‍.എസ്.എസ് നേരിട്ട് ഇടപ്പെട്ടിട്ടും ബി.ജെ.പിക്കേറ്റ തിരിച്ചടി കനത്ത ആഘാതമാണ് നേതൃത്വത്തിന് ഉണ്ടാക്കിയത്. സംസ്ഥാന നേതാക്കള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കണമെന്ന് നിര്‍ദ്ദേശം കര്‍ശനമായി മുന്നോട്ട് വെച്ചത് ആര്‍.എസ്.എസ് ആയിരുന്നു.
ഇതിന്റെ ഭാഗമായിട്ടായിരുന്നു ബി.ജെ.പി നേതാക്കളായ എസ്.സുരേഷ്, ബി ഗോപാലകൃഷ്ണന്‍, വി.വി രാജേഷ് തുടങ്ങിയ പ്രമുഖ നേതാക്കളടക്കം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
എന്നാല്‍ വി.വി രാജേഷിന് മാത്രമാണ് വിജയം നേടാനായത്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളിലാണ് ബി ഗോപാലകൃഷ്ണനും എസ് സുരേഷും പരാജയപ്പെട്ടത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ബി.ജെ.പി മത്സരിക്കാനിറങ്ങിയത്.
ഇതോടെ ഈ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള കെ.സുരേന്ദ്രന്റെ ഭാവി ഇനിയെന്താകുമെന്നതാണ് ഉയരുന്ന ചോദ്യം.
ബി.ജെ.പി കണക്ക് കൂട്ടലുകള്‍ പാളിയ ‘സുവര്‍ണാവസരം’
2021 ലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഏറ്റവും വലിയ സാധ്യതയും വിജയവും കേരളത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും കണക്കുകൂട്ടിയിരുന്നു. മറ്റൊരിക്കലും ഇല്ലാത്ത ‘സുവര്‍ണാവസരങ്ങള്‍’ പാര്‍ട്ടി നേതൃത്വം വിലയിരുത്തുകയും ഒരു സീറ്റില്‍ നിന്ന് രണ്ടക്കമള്ള സീറ്റുകളിലേക്ക് ബി.ജെ.പി എത്തുമെന്ന് കണക്കുകൂട്ടുകയും ചെയ്തിരുന്നു.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് കാലത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ വര്‍ഗീയതയും മതവും വോട്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം അത് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു.
മറ്റൊന്ന് 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയ ശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആയില്ലെങ്കിലും പല നിയമ സഭ മണ്ഡലങ്ങളിലും ബി.ജെ.പി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തങ്ങളുടെ വോട്ടില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു.
ഇതിന് പുറമെ ജേക്കബ് തോമസ്, സുരേഷ് ഗോപി, ഇ ശ്രീധരന്‍, കൃഷ്ണകുമാര്‍, സന്ദീപ് വാര്യര്‍, സന്ദീപ് വചസ്പതി, എം.ടി രമേശ് തുടങ്ങി ബി.ജെ.പിയുടെ നിരവധി താര നേതാക്കളെയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സാധിച്ചു. എന്നാല്‍ ഇതെല്ലാം തന്നെ പാഴായി പോകുകയും ബി.ജെ.പി വോട്ടിംഗ് ശതമാനത്തില്‍ തന്നെ വന്‍ കുറവ് ഉണ്ടാവുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിനെതിരെ സ്വര്‍ണ്ണക്കടത്ത് ആരോപണം ഉയര്‍ന്നതും ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിച്ചതും പാര്‍ട്ടി നേട്ടമായി കണ്ടിരുന്നു. വി. മുരളീധരന്റെ കേന്ദ്രമന്ത്രി സ്ഥാനവും തങ്ങള്‍ക്ക് നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി.
തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം വരെ പരസ്യമായ ഗ്രൂപ്പ് പോരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷന് എതിരെ ശോഭ സുരേന്ദ്രന്‍, പി.എം വേലായുധന്‍ തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്ത് എത്തുകയും ദേശീയ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ തവണ 89 വോട്ടിന് മാത്രം തോറ്റ മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം മത്സരിക്കുന്നതിന് പകരം കോന്നിയിലും സുരേന്ദ്രന്‍ മത്സരിച്ചത് വിജയ സാധ്യത കുറച്ചുവെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
ഗ്രൂപ്പ് പോര്, വോട്ട് കച്ചവട ആരോപണം, കള്ളപ്പണം.
ശബരിമല യുവതി പ്രവേശനം തന്നെയായിരുന്നു രണ്ട് വര്‍ഷത്തിന് ശേഷവും ബി.ജെ.പിയുടെ പ്രചാരണ വിഷയം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാരണമായിരുന്നെന്നായിരുന്നു ബി.ജെ.പിയുടെ പ്രചരണം.
തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രചാരണ ആയുധമാക്കാന്‍ നിരവധി വിഷയങ്ങള്‍ ഉണ്ടായിരുന്നിട്ടും നേട്ടമുണ്ടാക്കാന്‍ കഴിയാത്തത് സംസ്ഥാന നേതൃത്വത്തിന്റെ പരാജയമായിട്ടാണ് വിമതര്‍ അടക്കം അവതരിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ശോഭാ സുരേന്ദ്രനെ പോലെയുള്ള നേതാക്കള്‍ പരസ്യമായി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. കെ. സുരേന്ദ്രനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ആര്‍.എസ്.എസിനും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരാതി നല്‍കിയിരുന്നു.
പാര്‍ട്ടിയില്‍ എല്ലാവരും സജീവമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുമെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സുരേന്ദ്രന്‍ വിളിച്ച് ചേര്‍ത്ത ഭാരവാഹി യോഗത്തില്‍ പോലും ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തില്ല.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ വിളിച്ച് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ചര്‍ച്ച ചെയ്തിരുന്നു. എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നുമായിരുന്നു കേന്ദ്രനേതൃത്വം സുരേന്ദ്രനോട് ആവശ്യപ്പെട്ടത്.
സ്ഥിതിഗതികള്‍ അനുകൂലമായിട്ടായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃതം വിലയിരുത്തിയത്. സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ആരോപണങ്ങളും ബി.ജെ.പിക്ക് വോട്ട് ആയി മാറുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഫല പ്രഖ്യാപനം വരുമ്പോള്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെല്ലാം തന്നെ അസ്ഥാനത്ത് ആവുകയായിരുന്നു.
ഇതിനിടെ ശോഭ സുരേന്ദ്രന്‍ മത്സരിക്കില്ലെന്നും പ്രചാരണമുണ്ടായി. വി മുരളീധരനെ കഴക്കൂട്ടത്ത് വീണ്ടും മത്സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ ഇവിടെ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുകയായിരുന്നു.
കേരളത്തില്‍ മുമ്പ് ഒരിക്കലും ഇടപെടാത്ത തരത്തിലാണ് ദേശീയ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. ഇതുകൂടാതെ കോടിക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തിക്കുകയും ചെയ്തിരുന്നു. എല്‍.ഇ.ഡി ഡിജിറ്റല്‍ വാള്‍ സംവിധാനത്തോടെയുള്ള ബസ് അടക്കം പ്രചരണത്തിനായി കേരളത്തില്‍ എത്തി.
ഇതിനിടെ കൊടകരയില്‍ വ്യാജ അപകടത്തിലൂടെ തട്ടിയെടുക്കാന്‍ ശ്രമിച്ച കുഴല്‍ പണം ബി.ജെ.പിക്കായി എത്തിച്ചതാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതിലൂടെ കണക്കില്‍പ്പെടാത്ത ഫണ്ടും ബി.ജെ.പി പ്രചരണത്തിനായി കേരളത്തില്‍ എത്തിയെന്നാണ് വിലയിരുത്തുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിക്ക് 2016 ലും ലോക്‌സഭ തെരഞ്ഞെടുപ്പിലും ലഭിച്ചിരുന്ന വോട്ടുകള്‍ 2021 ല്‍ എത്തുമ്പോള്‍ ‘കാണാതായിരിക്കുകയാണ്’ എല്‍.ഡി.എഫിന് ശക്തമായ മത്സരം ഒരുക്കിയ പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വോട്ടുകള്‍ കുറയുകയും ഈ വോട്ടുകള്‍ യു.ഡി.എഫിലേക്ക് എത്തുകയും ചെയ്തിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പല മണ്ഡലങ്ങളിലും പതിനായിരത്തിന് അടുത്ത് വോട്ടുകളാണ് ബി.ജെ.പിയില്‍ നിന്ന് ‘കാണാതായത്’ ഇതോടെ സുരേന്ദ്രനടക്കമുള്ള നേതൃത്വത്തിനെതിരെ വോട്ട് കച്ചവട ആരോപണവും പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ തന്നെ ഉയര്‍ത്തുന്നുണ്ട്.
സുരേന്ദ്രന്റെ ഭാവി ഇനിയെന്ത് ?
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള ദിനങ്ങള്‍ നിര്‍ണായകമാണ്. ബി.ജെ.പിയിലെ തര്‍ക്കങ്ങള്‍ വഷളാകാന്‍ കാരണം സുരേന്ദ്രനാണെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തിയിരുന്നത്. നേരത്തെ കെ.സുരേന്ദ്രനെ വിളിച്ച് വരുത്തി ആര്‍.എസ്.എസ് താക്കീത് നല്‍കിയിരുന്നു.
വിഷയം ഇത്രയും വലുതാവുന്നതുവരെ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തിയും ആര്‍.എസ്.എസ് സുരേന്ദ്രനെ അന്ന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷനെന്ന പേര് വിളിച്ചുവരുത്തരുതെന്നും സുരേന്ദ്രന് ആര്‍.എസ്.എസ് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സംസ്ഥാന അധ്യക്ഷസ്ഥാനം ഇല്ലാതായാല്‍ രാഷ്ട്രീയ വിസ്മൃതിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകുമെന്നും ആര്‍.എസ്.എസ് ഓര്‍മ്മിപ്പിച്ചിരുന്നു. ഇതിനിടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി സുരേന്ദ്രന് ഏല്‍ക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക