| Wednesday, 5th May 2021, 4:09 pm

ലീഗ് അനുഭാവിയാണ്,നിഷ്പക്ഷനായി ചാരിറ്റി തുടരും; യു.ഡി.എഫിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തവനൂര്‍: യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഫിറോസ് കുന്നംപറമ്പില്‍. താന്‍ യു.ഡി.എഫിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മരിച്ചാലും തള്ളിപ്പറയില്ലെന്നുമായിരുന്നു ഫിറോസിന്റെ പ്രതികരണം.

തന്റെ പതിനഞ്ച് മിനിറ്റുള്ള അഭിമുഖത്തില്‍ നിന്ന് കുറഞ്ഞ സമയം മാത്രം ചാനലുകള്‍ക്ക് ഇഷടമുള്ള രീതിയില്‍ എടുത്ത് വാര്‍ത്ത നല്‍കുകയായിരുന്നെന്നും ഇതാണ് തെറ്റിധാരണക്ക് കാരണമെന്നും ഫിറോസ് പറഞ്ഞു.

യു.ഡി.എഫിനെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ല. നിയോജക മണ്ഡലത്തിലെ കാര്യങ്ങളെ കുറിച്ചാണ് ആദ്യം ചോദിച്ചത്. അവസാന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചായിരുന്നു. എന്നാല്‍ ആ ഭാഗം മാത്രമാണ് ചാനലുകാര്‍ കാണിച്ചതെന്നും ഫിറോസ് പറഞ്ഞു.

യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് താന്‍ പറയുകയുണ്ടായി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയില്‍ ആണ് 20 ദിവസത്തോളം പ്രചാരണം നടത്താനായത്. തവനൂര്‍ നിയോജക മണ്ഡലത്തില്‍ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചതില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് അഭിമുഖത്തില്‍ നന്ദി അറിയിക്കുകയും ചെയ്തതാണെന്ന് ഫിറോസ് പറയുന്നു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച്, യു.ഡി.എഫിനെ തള്ളിപ്പറഞ്ഞു എന്ന് പറയുന്നത് ശരിയല്ലെന്നും ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് വിജയിച്ചതും പരാജയപ്പെട്ടതുമായ എം.എല്‍.എമാര്‍ ആശംസകള്‍ അറിയിച്ചിട്ടില്ലേ? അതേകാര്യം തന്നെയാണ് താനും പറഞ്ഞത്. പിന്നെ എന്തിനാണ് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത്? ഇലക്ഷന് മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ ഇന്ന് വരെ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

ലീഗ് അനുഭാവിയാണ് താന്‍. നിഷ്പക്ഷനായി ചാരിറ്റി തുടരും. താന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

നേരത്തെ ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. തവനൂരിലെ കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ പോലും ആവശ്യപ്പെടാതെ യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയാണ് ഫിറോസെന്നും ചാരിറ്റി പ്രവര്‍ത്തകന്‍ എന്നതില്‍ കവിഞ്ഞ് വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഫിറോസിനില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും തവനൂര്‍ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയുമായ ഇ.പി രാജീവ് പറഞ്ഞിരുന്നു.

തവനൂരില്‍ യു.ഡി.എഫ് ഒരു മുന്നൊരുക്കവും നടത്തിയില്ലെന്നും ഫിറോസ് എന്ന വ്യക്തിക്കാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നുമായിരുന്നു ഫിറോസിന്റെ പ്രതികരണം. വിശക്കുന്നവന് ഭക്ഷണം കൊടുത്തതുകൊണ്ടാണ് കേരളത്തില്‍ ഇടത് തരംഗമുണ്ടായതെന്നും മുഖ്യമന്ത്രിയുടെ ചിട്ടയായ ഭരണ മികവ് നമ്മള്‍ കണ്ടതാണെന്ന് ഫിറോസ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് വിമര്‍ശനുമായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021 FIroz Kunnamparambil said that he has not rejected the UDF

We use cookies to give you the best possible experience. Learn more