| Thursday, 25th March 2021, 5:54 pm

എന്താകും തൃത്താല യുദ്ധത്തിന്റെ വിധി?

ഷഫീഖ് താമരശ്ശേരി

തെരഞ്ഞെടുപ്പടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് മുന്നേ തന്നെ സംസ്ഥാനം ഏറെ കൗതുകത്തോടെ ഉറ്റുനോക്കിയ മണ്ഡലമാണ് പാലക്കാട് ജില്ലയിലെ തൃത്താല നിയമസഭാ മണ്ഡലം. നവമാധ്യമങ്ങളിലും മറ്റും ഇടതു സര്‍ക്കാറിനെതിരെ നിരന്തര വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്ന തൃത്താല എം.എല്‍.എയും കോണ്‍ഗ്രസിന്റെ യുവ നേതാവുമായ വി.ടി. ബല്‍റാമിനെതിരെ സി.പി.ഐ.എം ആരെ പോര്‍ക്കളത്തിലിറക്കുമെന്നത് ആകാംക്ഷയോടെയായിരുന്നു ആളുകള്‍ കാത്തിരുന്നത്.

മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ പേരുകേട്ട, സംസ്ഥാനത്തെ സി.പി.ഐ.എമ്മിന്റെ യുവമുഖങ്ങളിലൊരാളായ എം.ബി രാജേഷിനെ തന്നെ തൃത്താല തിരിച്ചുപിടിക്കാനായി എല്‍.ഡി.എഫ് രംഗത്തിറക്കി. കോണ്‍ഗ്രസിലേയും സി.പി.എമ്മിലേയും തലമുറ മാറ്റത്തിന്റെ പ്രതീകങ്ങളായി വിലയിരുത്തപ്പെടുന്ന ഇരു നേതാക്കളും പരസ്പരം മത്സരരംഗത്തിറങ്ങിയതോടെ തൃത്താല ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലമായി മാറി.

വി.ടി. ബല്‍റാം

വര്‍ഷങ്ങളോളം ഇടതുകോട്ടയായിരുന്ന തൃത്താല മണ്ഡലം 2011 ലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന വി.ടി. ബല്‍റാം പിടിച്ചെടുക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പതിവ് വാര്‍പ്പുമാതൃകകളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള ഇടപെടലുകളും നവമാധ്യമങ്ങളിലെ സജീവ സാന്നിധ്യവും, ഇടത്‌കോട്ടയായ മണ്ഡലം തിരിച്ചുപിടിച്ചതുമെല്ലാം വി.ടി ബല്‍റാമിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ശേഷം 2016 ലും വി.ടി. ബല്‍റാം മണ്ഡലം നിലനിര്‍ത്തി.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന എ.കെ.ജിക്കെതിരെ നവമാധ്യമങ്ങളില്‍ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് വി.ടി ബല്‍റാമിനെതിരെ നേരിട്ട് രംഗത്തെത്തിയ സി.പി.ഐ.എം മണ്ഡലത്തിലും പുറത്തും അദ്ദേഹവുമായി വേദി പങ്കിടുന്നത് പോലും ഒഴിവാക്കിയിരുന്നു. വി.ടി ബല്‍റാമിന്റെ പരാജയം ഉറപ്പിക്കുക എന്നത് ഇന്ന് കേരളത്തിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയാഭിമാനത്തിന്റെ കൂടി പ്രശ്‌നമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മറ്റ് മണ്ഡലങ്ങളില്‍ എളുപ്പത്തില്‍ വിജയം ഉറപ്പിക്കാന്‍ കഴിയുന്ന ഇടതുപക്ഷ നേതാവ് എം.ബി രാജേഷിനെ തന്നെ പോര്‍ക്കളത്തിലിറക്കി നേരിട്ടുള്ള പോരാട്ടത്തിനായി ഇടതുപക്ഷം തയ്യാറെടുത്തിരിക്കുന്നത്.

എം.ബി. രാജേഷ്

വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലം മുതല്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ട പേരാണ് എം.ബി. രാജേഷ്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും എം.പിയായി പാര്‍ലമെന്റിലെത്തിയതോടെ മികച്ച പാര്‍ലമെന്റേറിയനായും എം.ബി രാജേഷ് അറിയപ്പെട്ടു. പാര്‍ലെമന്റിലെ ചോദ്യോത്തര വേളകളിലെ മികച്ച പ്രകടനങ്ങളും ദേശീയ ചാനല്‍ ചര്‍ച്ചകളിലെ ഇടപെടലുകളുമെല്ലാം എം.ബി രാജേഷിനെ ദേശീയ തലത്തില്‍ തന്നെ ഇടുതുപക്ഷത്തിന്റെ യുവ മുഖമാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ വി.കെ ശ്രീകണ്ഠനോട് പരാജയപ്പെട്ട എം.ബി രാജേഷിനെ സംബന്ധിച്ച് ഈ പോരാട്ടം തൃത്താല തിരിച്ചുപിടിക്കുക എന്ന പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യത്തിനപ്പുറം ഇത് തന്റെ നിലനില്‍പ്പിന്റെ അങ്കം കൂടിയാണ്.

അതേ സമയം ഇത്തവണ എം.ബി രാജേഷിനെ കൂടി തോല്‍പ്പിച്ച് മണ്ഡലം നിലനിര്‍ത്താന്‍ വി.ടി ബല്‍റാമിന് സാധിച്ചാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായി ആ വിജയം മാറും. ഇരു പാര്‍ട്ടികളുടെയും രാഷ്ട്രീയ യുദ്ധമെന്ന നിലയിലും ഇരു സ്ഥാനാര്‍ത്ഥികളുടെയും വ്യക്തിപരമായ അഭിമാനപോരാട്ടം എന്ന നിലയിലും തൃത്താല ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ശ്രദ്ധാ കേന്ദ്രങ്ങളിലൊന്നായി മാറുകയാണ്.

തൃത്താലയുടെ ചരിത്രം

1965 ലാണ് തൃത്താല നിയമസഭാ മണ്ഡലം രൂപീകരിക്കപ്പെട്ടത്. 1965 ലും 1967 ലും തുടര്‍ച്ചയായി സി.പി.ഐ.എമ്മിന്റെ ഇ.ടി കുഞ്ഞന്‍ വിജയിച്ചപ്പോള്‍ 1970 ലെ തെരഞ്ഞെടുപ്പില്‍ ഇ.ടി കുഞ്ഞനെ പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ വി. ഈച്ചരനാണ് എം.എല്‍.എ ആയത്. ശേഷം 1977 മുതല്‍ 1987 വരെ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു തൃത്താലയില്‍ വിജയിച്ചിരുന്നത്. പിന്നീട് 1991 മുതല്‍ 2006 വരെ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും സി.പി.ഐ.എമ്മും വിജയിച്ചു. 2011 ലാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി മമ്മിക്കുട്ടിയെ പരാജയപ്പെടുത്തി വി.ടി ബല്‍റാം മണ്ഡലം പിടിച്ചെടുക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ സുബൈദ ഇസഹാകിനെ പരാജയപ്പെടുത്തി ബല്‍റാം മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു.

നേരിയ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ 2011 ലെ തെരഞ്ഞെടുപ്പില്‍ വി.ടി ബല്‍റാം 57848 വോട്ട് നേടിയപ്പോള്‍ പി. മമ്മിക്കുട്ടി നേടിയത് 54651 വോട്ടുകളാണ്. 3197 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അന്ന് വി.ടി ബല്‍റാം വിജയിച്ചപ്പോള്‍ ബി.ജെ.പിക്ക് മണ്ഡലത്തില്‍ ലഭിച്ചത് 5899 വോട്ടുകളാണ്.

പി. മമ്മിക്കുട്ടി

2016ല്‍ ഇടതുപക്ഷം വലിയ ഭൂരിപക്ഷം നേടി പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ തെരഞ്ഞെടുപ്പില്‍ കേരളത്തിലാകെ ഇടത് തരംഗം ഉണ്ടായപ്പോഴും വി.ടി ബല്‍റാം തൃത്താലയില്‍ തന്റെ ലീഡ് 3197 ല്‍ നിന്ന് 10547 ആക്കി ഉയര്‍ത്തുകയായിരുന്നു. അന്ന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി സുബൈദ ഇസഹാക് 55958 വോട്ടുകള്‍ നേടിയപ്പോള്‍ വി.ടി. ബല്‍റാം 66505 വോട്ടുകളാണ് നേടിയത്. ബി.ജെ.പിയും അത്തവണ തങ്ങളുടെ വോട്ടുകള്‍ രണ്ടര മടങ്ങോളം ഉയര്‍ത്തി 14510 വോട്ടുകള്‍ നേടുകയുണ്ടായി. മണ്ഡലത്തിലെ ബി.ജെ.പി വോട്ടുകള്‍ ഓരോ തെരഞ്ഞെടുപ്പ് പിന്നിടുമ്പോഴും കൂടിവരുന്നതായി കാണാം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോഴും ബി.ജെ.പി വീണ്ടും വോട്ടുകള്‍ ഉയര്‍ത്തി.

സുബൈദ ഇസഹാക്

പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട തൃ  ത്താലയില്‍നിന്നും 2019 ല്‍ യു.ഡി.എഫ് 58496 വോട്ടുകള്‍ നേടിയപ്പോള്‍ 50092 വോട്ടുകളാണ് എല്‍.ഡി.എഫ് നേടിയത്. ബി.ജെ.പിയാകട്ടെ 21838 വോട്ടുകള്‍ നേടി. അതായത് 2011 ല്‍ 5899 വോട്ടുകള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പിയാണ് 2019 എത്തിയപ്പോഴാക്കും തങ്ങളുടെ വോട്ട് നാലിരട്ടിയോളം വര്‍ദ്ധിപ്പിച്ചത്. ഇത്തവണ തൃത്താലയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കേരളത്തിലെ ബി.ജെ.പിയുടെ യുവമുഖങ്ങളിലാരാളായ ശങ്കു ടി. ദാസ് ആണ്.

ബി.ജെ.പി ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കുകയും വീണ്ടും വോട്ട് നില ഉയര്‍ത്തുകയും ചെയ്താല്‍ ബി.ജെ.പിയിലേക്കൊഴുകുന്ന വോട്ടുകള്‍ ഏത് പക്ഷത്ത് നിന്നായിരിക്കും എന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തൃത്താലയിലെ വിജയം. എട്ട് പഞ്ചായത്തുകളുള്ള തൃത്താല മണ്ഡലത്തില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തില്‍ എല്‍.ഡി.എഫും നാല് പഞ്ചായത്തുകളില്‍ യു.ഡി.എഫുമാണ് ഭരണം പിടിച്ചെടുത്തത്.

ശങ്കു ടി. ദാസ്

കഴിഞ്ഞ പത്ത് വര്‍ഷത്തെ മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ മുന്നോട്ടുവെച്ച് വി.ടി ബല്‍റാം തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കഴിഞ്ഞ 5 വര്‍ഷത്തെ സംസ്ഥാന ഭരണമികവും ക്ഷേമപ്രവര്‍ത്തനങ്ങളും പ്രചരണായുധമാക്കിയാണ് എം.ബി രാജേഷ് മുന്നോട്ടുപോകുന്നത്. എ.കെ.ജിയെ അപമാനിച്ച ബല്‍റാമിനെ ഏത് വിധേനയും പരാജയപ്പെടുത്താന്‍ ഇടത് പ്രവര്‍ത്തകര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. എം.ബി രാജേഷിന്റെ ഭാര്യയുടെ പേര് നിയമന വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ ഉയര്‍ത്തിക്കാണിച്ച് കോണ്‍ഗ്രസും രംഗത്ത്. വാശിയേറിയ മത്സരത്തില്‍ സംസ്ഥാനമെമ്പാടും ഉറ്റുനോക്കുന്ന തൃത്താല യുദ്ധത്തിന്റെ വിധി എന്തായിരിക്കുമെന്നത് കാത്തിരുന്ന് കാണാം.

Content Highlight: Kerala Election 2021 Analysis – Thrithala Constituency

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more