സംസ്ഥാനത്തെ ആകെയുള്ള 21871 തദ്ദേശ വാര്‍ഡുകളില്‍ 9220 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. 31,161 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഏകദേശം 1.11 വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ വോട്ട് ചെയ്യുന്നത്.
രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പോളിംഗ് സമയം. ഏഴുജില്ലകളിലും മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ടാംഘട്ടത്തില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നവംബര്‍ അഞ്ചിനാണ് വേട്ടെടുപ്പ്. എഴാം തിയ്യതിയാണ് ഫലം പുറത്ത് വരിക.
വോട്ടെടുപ്പിനോട് അനുബന്ധിച്ച് ഏഴു ജില്ലകളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 500 തദ്ദേശ സ്ഥാപനങ്ങളിലെ 9,220 വാര്‍ഡുകളിലായി മത്സരിക്കുന്ന 31,161 സ്ഥാനാര്‍ഥികളുടെ ജനവിധിയാണ് ഇന്നു നിര്‍ണയിക്കുന്നത്.
ഏഴു ജില്ലകളിലായി 1,11, 11,006 വോട്ടര്‍മാരാണു 15,096 പോളിംഗ് ബൂത്തുകളിലായി സമ്മതിദാനാവകാശം വിനിയോഗിക്കുക.
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ പെയ്യുന്നത് വോട്ടിംഗ് ശതമാനത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് വൈകുകയാണ്.
കോഴിക്കോട് ആറിടങ്ങളിലാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. കണ്ണൂര്‍ പരിയാരത്ത് 5, 6 വാര്‍ഡുകളില്‍ വെബ്കാസ്റ്റിംഗ് കാമറ തകര്‍ത്തതിനെ തുടര്‍ന്ന് പോളിംഗ് അരമണിക്കൂറോളം നിര്‍ത്തിവയ്ക്കുകയും ചെയ്തു.
കണ്ണൂര്‍ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.