'ലിംഗ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തണം': വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചയില്‍ നിര്‍ദേശം
Kerala News
'ലിംഗ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തണം': വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചയില്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th July 2022, 9:46 am

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടമൊരുക്കുന്നതിന്റെ സാധ്യത പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ച ചെയ്തു.

പാഠ്യ പദ്ധതി ചട്ടക്കൂട് പരിഷ്‌കരണ സമിതിയുടെ ചര്‍ച്ചക്കായുള്ള കരട് റിപ്പോര്‍ട്ടിലാണ് നിര്‍ദേശം വന്നത്.
പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ പരിഗണിക്കേണ്ട 25 വിഷയങ്ങള്‍ സംബന്ധിച്ച കുറിപ്പിലാണ് ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം പ്രത്യേകം ചര്‍ച്ചക്ക് വെച്ചത്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, സ്‌കൂളുകള്‍ മിക്‌സഡ് ആക്കി മാറ്റല്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നത് ചര്‍ച്ചയായതിന് പിന്നാലെയാണ് പുതിയ നടപടി.

ലിംഗഭേദത്തിന്റെ പരിഗണനയില്ലാതെ വിദ്യാര്‍ത്ഥികളെ വിദ്യാലയത്തിലെത്തിക്കാനും ക്ലാസ് മുറികളില്‍ സമത്വത്തോടെ പ്രവര്‍ത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്ന ചോദ്യമാണ് പ്രധാനമായും കരട് രേഖയില്‍ മുന്നോട്ടുവെക്കുന്നത്.

ലിംഗനീതി, ലിംഗതുല്യത എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമര്‍ശനപരമായി പരിശോധിക്കേണ്ടതുണ്ടെന്നും ചര്‍ച്ചക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.

കരട് ചട്ടക്കൂട് ജില്ല, ബ്ലോക്ക്, പഞ്ചായത്ത്/മുന്‍സിപ്പല്‍, സ്‌കൂള്‍തല ചര്‍ച്ചക്കായി നല്‍കും. ഇതിന് ശേഷമായിരിക്കും അന്തിമ പാഠ്യ പദ്ധതി ചട്ടക്കൂടിന് കരിക്കുലം കോര്‍ കമ്മിറ്റി അംഗീകാരം നല്‍കുക.

എന്നാല്‍, ഇത് വിവാദമാകാന്‍ ഇടയുള്ള വിഷയമാണെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ , പൊതു വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും സമിതിയിലുണ്ട്.

കേരളത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മിക്സഡ് സ്‌കൂളുകള്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കി സഹ വിദ്യാഭ്യാസം നടപ്പാക്കണമെന്നും, ഇതിന് മുന്നോടിയായി സ്‌കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്ക് ഇതിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നുമാണ് കമ്മീഷന്‍ ഉത്തരവിട്ടത്.

എന്നാല്‍ സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം ഒരു ദിവസം കൊണ്ട് മിക്സഡാക്കാന്‍ കഴിയില്ല എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇതിനോട് പ്രതികരിച്ചത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 11 ബോയ്‌സ് / ഗേള്‍സ് ഹൈസ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകളുകളാക്കി മാറ്റിയെന്നും, സ്‌കൂള്‍ അധികൃതരും പി.ടി.എയും തദ്ദേശഭരണ സ്ഥാപനവും സംയുക്തമായി തീരുമാനമെടുത്ത് ആവശ്യപ്പെട്ടാല്‍ കൂടുതല്‍ സ്‌കൂളുകള്‍ മിക്‌സഡ് ആക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Content Highlight: Kerala educational department instructions to allow students to sit together in classroom despite gender