ഇനിമുതല്‍ പാഠങ്ങള്‍ കാണാനും കേള്‍ക്കാനും സാധിക്കും; പാഠപുസ്തകത്തില്‍ ക്യൂ.ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്
Kerala News
ഇനിമുതല്‍ പാഠങ്ങള്‍ കാണാനും കേള്‍ക്കാനും സാധിക്കും; പാഠപുസ്തകത്തില്‍ ക്യൂ.ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2019, 10:29 pm

തിരുവനന്തപുരം: പാഠപുസ്തകം വായിക്കാന്‍ മാത്രമല്ല, കാണാനും കേള്‍ക്കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ക്യൂ.ആര്‍ കോഡ് വഴിയാണ് വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളിലെ ചാപ്റ്ററുകള്‍ കേള്‍ക്കാനും വീഡിയോ വഴി കാണാനും സാധിക്കുക.

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഒരു സ്മാര്‍ട്ട് ഫോണിന്റെയോ ടാബ്ലറ്റിന്റെയോ സഹായത്തോടെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഈ സൗകര്യം കുട്ടികള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കുന്ന ക്യു.ആര്‍ കോഡ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി. ഇത് ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.

ഒരു സ്മാര്‍ട് ഫോണിന്റെയോ ടാബിന്റേയോ സഹായത്തോടെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ദൃശ്യങ്ങളും വിഡിയോയും കാണാം. മൊബൈല്‍ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട് ക്ലാസ് മുറികളിലെ എല്‍.സി.ഡി പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം.

കുട്ടിക്ക് അമൂര്‍ത്തമായ ആശയങ്ങള്‍ മൂര്‍ത്ത ഭാവത്തില്‍ അവതരിപ്പിക്കാന്‍ ഇതുമൂലം കഴിയും. വിദ്യാര്‍ഥിക്കു ലഭിക്കുന്ന ഈ അനുഭവം എന്നും മനസ്സില്‍ തങ്ങിനില്‍ക്കും.