തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കരട് മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. അന്തിമ മാര്‍ഗനിര്‍ദേശം അഞ്ച് ദിവസത്തിനകം നല്‍കുമെന്നും വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കില്ല. പകരം കുട്ടികള്‍ക്ക് അലവന്‍സ് നല്‍കും. സ്‌കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന രീതിയില്‍ ആയിരിക്കും കുട്ടികളെ ക്ലാസില്‍ ഇരുത്തുക.
കൂട്ടം ചേരാനും അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ പാടില്ല. ശരീര ഊഷ്മാവ്, ഓക്‌സിജന്‍ എന്നിവ പരിശോധിക്കാനും സംവിധാനമൊരുക്കും എന്നിവയാണ് കരട് മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍.
ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളില്‍ വിടരുത്. ഭിന്നശേഷിക്കാരായ കുട്ടികളെ തുടക്കത്തില്‍ സ്‌കൂളില്‍ അയക്കേണ്ടതില്ല. സ്‌കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്നോടിയായി പി.ടി.എ യോഗം വിളിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ലാസുകളുടെ ക്രമീകരണം, മുന്നൊരുക്കങ്ങള്‍ എന്നിവയെക്കുറിച്ച് തീരുമാനമെടുക്കാന്‍ അധ്യാപക സംഘടനകളുമായി വിപുലമായ ചര്‍ച്ചകളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും മന്ത്രി അറിയിച്ചു.
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.