കൊച്ചി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന മഹാരാഷ്ട്രയ്ക്ക് പിന്തുണയുമായി കേരളത്തില്‍നിന്നുള്ള ഡോക്ടര്‍മാര്‍. മുംബൈ നഗരത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്.എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെത്തിയത്.
ഡോ. എസ്.എസ് സന്തോഷ് കുമാര്‍, ഡോ. സജീഷ് ഗോപാലന്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ മുംബൈയിലേക്ക് പോയിരിക്കുന്നത്. അടുത്ത ആഴ്ചയോടെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ മഹാരാഷ്ട്രയിലെത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 50 ഡോക്ടര്‍മാരും 100 നഴ്‌സുമാരുമാണ് മഹാരാഷ്ട്രയിലേക്ക് കൊവിഡ് ചികിത്സക്കായി എത്തുന്നത്. ഇതില്‍ 80 ശതമാനം പേരും കേരളത്തില്‍നിന്നുള്ളവരാണ്.
ഡോ സന്തോഷ് കുമാറാണ് കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആരോഗ്യപ്രവര്‍ത്തകരെ ഏകോപിപ്പിച്ചത്. പൊതു ആരോഗ്യ രംഗത്തുനിന്നും മുംബൈയിലേക്ക് പോകുന്ന ഏക ആരോഗ്യപ്രവര്‍ത്തകനും ഇദ്ദേഹമാണ്. ബാക്കിയുള്ളവരെല്ലാം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.
എന്തുകൊണ്ടാണ് മുംബൈയിലേക്ക് പോകാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് ഡോ സന്തോഷ് കുമാറിന്റെ മറുപടി ഇങ്ങനെ, ‘കൊവിഡ് ഏറ്റവുമധികം ബാധിച്ചത് മുംബൈയെയും മഹാരാഷ്ട്രയെയുമാണ്. മുംബൈയിലെ ഉയരുന്ന രോഗികളുടെ എണ്ണം കാരണം അവിടെയുള്ള സംവിധാനങ്ങളെല്ലാം പരുങ്ങലിലായിരിക്കുകയാണ്. കൂടാതെ, പലര്‍ക്കും തീവ്ര പരിചരണം ആവശ്യവുമാണ്. ഈ സാഹചര്യത്തിലാണ് മുംബൈയെ സഹായിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്’.
മുംബൈയ്ക്ക് കൂടുതല്‍ ഡോക്ടര്‍മാര്‍, അനസ്‌തെറ്റിസ്റ്റുകള്‍, ഫിസിഷ്യന്‍, പള്‍മോണോളജിസ്റ്റ്, ശിശുരോഗ വിദഗ്ധര്‍ എന്നിവരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് നിന്നുണ്ടായിരുന്ന അനുഭവങ്ങള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയിലെ റെയ്‌സ് കോഴ്‌സ് റോഡിലേക്കാണ് സംഘം എത്തുന്നത്. ഇവിടെ 125 ഐ.സി.യു കിടക്കകളും 600 കൊവിഡ് കിടക്കകളുമുള്ള ആശുപത്രി സജ്ജീകരിക്കാനുള്ള പ്രവര്‍ത്തനമാണ് സംഘം ഏറ്റെടുക്കുക. ബി.എം.സിയാണ് ഇവര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
കൊവിഡ് ചികിത്സക്കായി കേരളത്തില്‍നിന്നും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അയക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകരെ കേരളം അയക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക