തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.
നടപടി പുനഃപരിശോധിക്കാം എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു.
സമാനതകളില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ ആരോഗ്യമേഖല നേരിടുന്നത്. ഇത്തരമൊരു സാഹചര്യത്തിലും ചെറിയ വീഴ്ച്ചകള്‍ പോലും പര്‍വ്വതീകരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.
കൊവിഡ് കാലത്ത് ജോലിഭാരവും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് സമരക്കാര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തത്.
നിലവില്‍ അഞ്ച് പേര്‍ ചെയ്യേണ്ട ജോലി ഒരാളാണ് ചെയ്യുന്നതെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ നടപടി ആരോഗ്യ പ്രവര്‍ത്തകരെ ബലിയാടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍മാര്‍ സമരം നടത്തിവന്നത്.
5042 പേര്‍ക്ക് കൂടി സംസ്ഥാനത്ത് തിങ്കളാഴ്ച്ച കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 705 പേര്‍ക്കാണ് ജില്ലയിലെ പുതിയ രോഗികളുടെ എണ്ണം.
തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 587, തിരുവനന്തപുരം 532, കോഴിക്കോട് 609, മലപ്പുറം 545, കൊല്ലം 451, തൃശൂര്‍ 413, കോട്ടയം 348, കണ്ണൂര്‍ 212, പാലക്കാട് 188, കാസര്‍ഗോഡ് 187, ആലപ്പുഴ 194, ഇടുക്കി 36, വയനാട് 24, പത്തനംതിട്ട 12 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Higlight: Kerala Doctor’s Strike withdrawn after discussion with health minister k k shailaja