തിരുവനന്തപുരം: ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയില്‍ എട്ട് വയസുകാരിയോടും പിതാവിനോടും ക്ഷമ ചോദിച്ച് കേരളാ ഡി.ജി.പി അനില്‍ കാന്ത്.
കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജി. ജയചന്ദ്രനും മകളും തിരുവനന്തപുരത്തെത്തി ഡി.ജി.പിയെ കാണുകയായിരുന്നു. ഇതേതുടര്‍ന്ന് വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് ഡി.ജി.പി ആവശ്യപ്പെട്ടു.
സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. 25000 രൂപ കോടതി ചെലവും നല്‍കണം. ഈ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാണ് പിതാവും പെണ്‍കുട്ടിയും ഡി.ജി.പിയോട് ആവശ്യപ്പെട്ടത്.
ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണം. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.
പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ നിലപാടില്‍ കോടതി അതൃപ്തിയറിയിച്ചിരുന്നു.
അങ്ങനെയൊരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്ന് കോടതി ചോദിച്ചു. കുട്ടി കരഞ്ഞത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കുട്ടി സംഭവ സ്ഥലത്തുവെച്ച് കരഞ്ഞിട്ടുണ്ടെന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ വ്യക്തമാണ്.
കുട്ടിക്ക് നഷ്ട പരിഹാരം നല്‍കാനാവില്ലെന്നും പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം, കുറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്.
സര്‍ക്കാര്‍ ഹാജരാക്കിയ സാക്ഷി മൊഴികള്‍ പരിശോധിക്കണം. കോടതിയില്‍ വിശ്വാസമുണ്ട്. ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാല് സാക്ഷി മൊഴികളും സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. പിങ്ക് പൊലീസ് കുട്ടിയെ ചീത്ത വിളിച്ചില്ലെന്നും മോശമായി പെരുമാറിയില്ലെന്നുമാണ് മൊഴികള്‍.