| Monday, 27th November 2023, 8:04 pm

തോറ്റതിന് പിറ്റേ ദിവസം വമ്പന്‍ വിജയം; സഞ്ജു വീണപ്പോള്‍ തുണയായി വിഷ്ണുവിന്റെ സെഞ്ച്വറി, കേരളം കുതിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാം ജയവുമായി കേരളം. കെ.എസ്.സി.എ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒഡീഷയെ 78 റണ്‍സിന് പരാജയപ്പെടുത്തിയാണ് കേരളം വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മുഹമ്മദ് അസറുദ്ദീനും രോഹന്‍ എസ്. കുന്നുമ്മലിനും ഇത്തവണയും കാര്യമായി സ്‌കോറിങ്ങിലേക്ക് സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല. അസറുദ്ദീന്‍ 16 പന്തില്‍ 12 റണ്‍സ് നേടിയപ്പോള്‍ 29 പന്തില്‍ നിന്നും 17 റണ്‍സാണ് രോഹന്‍ നേടിയത്.

കരുത്തരായ മുംബൈക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും സെഞ്ച്വറിയടിച്ച സച്ചിന്‍ ബേബിക്കും ഒഡീഷക്കെതിരെ തിളങ്ങാന്‍ സാധിച്ചില്ല. സഞ്ജു 21 പന്തില്‍ 15 റണ്‍സ് നേടി രാജേഷ് മൊഹന്തിക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ 29 പന്തില്‍ നിന്നും രണ്ട് റണ്‍സാണ് സച്ചിന്‍ ബേബി നേടിയത്.

കേരളം പതറുമെന്ന് തോന്നിയ സന്ദര്‍ഭത്തില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ വിഷ്ണു വിനോദ് സെഞ്ച്വറി നേടി കേരള ഇന്നിങ്‌സിന്റെ നെടുംതൂണായി. 85 പന്തില്‍ നിന്നും 120 റണ്‍സാണ് വിഷ്ണു വിനോദ് നേടിയത്. അഞ്ച് ബൗണ്ടറിയും എട്ട് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

27 പന്തില്‍ നിന്നും പുറത്താകാതെ 48 റണ്‍സ് നേടിയ അബ്ദുള്‍ ബാസിത്തും 58 പന്തില്‍ 34 റണ്‍സ് നേടിയ അഖില്‍ സ്‌കറിയയും കേരളത്തിന് കരുത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ 286 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയില്‍ കേരളം ബാറ്റിങ് അവസാനിപ്പിച്ചു.

ഒഡീഷക്കായി അഭിഷേക് യാദവ് നാല് വിക്കറ്റ് നേടി. പ്രയാഷ് സിങ്ങും രാജേഷ് മൊഹന്തിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഗോവിന്ദ പോഡറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓപ്പണര്‍ അനുരാഗ് സാരംഗി പൂജ്യത്തിന് പുറത്തായി. അതേസമയം, സഹ ഓപ്പണറായ ശന്തനു മിശ്ര സ്‌കോര്‍ ഉയര്‍ത്തി. 116 പന്തില്‍ നിന്നും 92 റണ്‍സാണ് ശന്തനു നേടിയത്.

എന്നാല്‍ ശന്തനുവിന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നതോടെ ഒഡീഷ പരുങ്ങലിലായി. 35 പന്തില്‍ 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബിപ്ലബ് സാമന്ത്രയും 26 പന്തില്‍ 21 റണ്‍സ് നേടിയ അഭിഷേക് യാദവുമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്.

ഒടുവില്‍ 43.3 ഓവറില്‍ ഒഡീഷ 208 റണ്‍സിന് ഓള്‍ ഔട്ടായി.

കേരളത്തിനായി ശ്രേയസ് ഗോപാല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പിയും അഖില്‍ സ്‌കറിയയും രണ്ട് വിക്കറ്റ് വീതം നേടി. വൈശാഖ് ചന്ദ്രനും അഖിന്‍ സത്താറുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നേടിയത്.

വിക്കറ്റിന് പുറകില്‍ മൂന്ന് ക്യാച്ചുകളുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും മികച്ച പ്രകടനം പുറത്തെടുത്തു.

മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് വിജയവുമായി എട്ട് പോയിന്റാണ് നിലവില്‍ കേരളത്തിനുള്ളത്.

നവംബര്‍ 29നാണ് കേരളത്തിന്റെ അടുത്ത മത്സരം. ആലൂരില്‍ നടക്കുന്ന മത്സരത്തില്‍ ത്രിപുരയാണ് എതിരാളികള്‍.

Content Highlight: Kerala defeated Odisha in Vijay Hazare trophy

We use cookies to give you the best possible experience. Learn more