കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് കേരള ദളിത് പാന്തേഴ്‌സ്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ സ്വാധീനമുറപ്പിക്കാന്‍ സംഘപരിവാര്‍-ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ പദ്ധതികളെ പരാജയപ്പെടുത്തുന്നതിനായാണ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നും കേരള ദളിത് പാന്തേഴ്‌സ് സംസ്ഥാന കൗണ്‍സില്‍ പറഞ്ഞു.
അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ കെ മുരളീധരന്‍ (നേമം), ഡോ. എസ് എസ് ലാല്‍ (കഴക്കൂട്ടം), ബിന്ദുകൃഷ്ണ (കൊല്ലം), ഉല്ലാസ്സ് കോവൂര്‍ (കുന്നത്തൂര്‍), രമേശ് ചെന്നിത്തല (ഹരിപ്പാട്), റിങ്കു ചെറിയാന്‍ (റാന്നി), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), ഉമ്മന്‍ ചാണ്ടി (പുതുപ്പള്ളി), മാത്യൂ കുഴല്‍നാടന്‍ (മൂവാറ്റുപുഴ), വിഡി സതീശന്‍ (പറവൂര്‍), വി ടി ബല്‍റാം (തൃത്താല) എന്നിവര്‍ക്കും ദളിത് പാന്തേഴ്‌സ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്്.
ദളിത് പ്രശ്നങ്ങളോട് അനുഭാവം പുലര്‍ത്തുകയും ഫാസിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയിലാണ് ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നും ദളിത് പാന്തേഴ്‌സ് പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന, സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ റസാഖ് പാലേരി (കൊണ്ടോട്ടി ), ഇ സി ഐഷ ( മലപ്പുറം), സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍ (വണ്ടൂര്‍), അഡ്വ. അനില്‍കുമാര്‍ ( ചിറയിന്‍കീഴ്) ഉഷാകുമാരി (തരൂര്‍) എന്നിവരേയും
നവജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി ഉയര്‍ന്നു വന്ന യുവനേതാക്കളും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായ ഫ്രട്ടേണിറ്റി യൂത്ത് മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീം (തലശ്ശേരി), സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുജീബ് റഹ്‌മാന്‍ (പട്ടാമ്പി), അര്‍ച്ചന പ്രജിത് (ചടയമംഗലം), വൈസ് പ്രസിഡന്റ് കെ. എം ഷഫ്രിന്‍ (ആലുവ), ബി.എസ്.പി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന ബഹുജന്‍ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഖില്‍ജിത് കല്ലറ (വൈക്കം), ജനറല്‍ സെക്രട്ടറി ജോബിഷ് ബാലുശേരി (ബാലുശേരി), അഡ്വ അഞ്ചു മാത്യു (കടുത്തുരുത്തി) അശ്വിന്‍ ഭീം നാഥ് (കല്പറ്റ) എന്നിവരേയും അതത് മണ്ഡലങ്ങളില്‍ പിന്തുണക്കുന്നുവെന്നും സംഘടന പറഞ്ഞു.
ബി.ജെ.പിയും സംഘപരിവാറും അധികാരമുറപ്പിക്കാന്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയിക്കാനും തീവ്രമായ സാമൂഹ്യ ധ്രുവീകരണം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ദളിതര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരെ അപരവല്ക്കരിച്ചും തീവ്രഹിന്ദുത്വ ബോധം വളര്‍ത്തിയും കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയും ജനാധിപത്യ മതേതര സ്വഭാവത്തേയും തകര്‍ക്കാനും ആ ഇടത്തില്‍ കയറിപ്പറ്റാനും ഇവര്‍ ശ്രമിക്കുന്നുണ്ട്.
അതിനാല്‍ അവരെ പരാജയപ്പെടുത്തേണ്ടത് ഒരു ദളിത് പ്രസ്ഥാനത്തിന്റെ കടമയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിച്ച ദളിത് വിരുദ്ധ സമീപനങ്ങളിലും സാമ്പത്തിക സംവരണം നടപ്പാക്കിയതിലും കടുത്ത പ്രതിഷേധമുള്ളപ്പോള്‍ തന്നെയാണ് ഫാസിസ്റ്റ് വിരുദ്ധ സമീപനത്തിന്റെ പേരില്‍ പിന്തുണ നല്കുന്നതെന്നും കെ.ഡി.പി പറഞ്ഞു.
സംഘപരിവാര്‍ കാലത്ത് ബദല്‍ പരീക്ഷണങ്ങള്‍ക്ക് ദലിത് / നവ സാമൂഹ്യ പ്രസ്ഥാനങ്ങളും ബഹുജന്‍ രാഷ്ട്രീയ രൂപങ്ങളും തയ്യാറായിട്ടില്ല. അതുകൊണ്ടാണ് ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കെതിരെ നയനിലപാടുള്ള ഇടതുപക്ഷമെന്ന ആശയരൂപത്തെ പിന്തുണക്കുന്നതെന്നും കെ.ഡി.പി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala Dalith Panthers support most of left candidates in election