| Wednesday, 18th April 2018, 1:32 pm

'ഇനിയും ജീവിക്കാന്‍ വിടുന്നില്ലാ എങ്കില്‍ എന്നെയും കുടുംബത്തെയും അങ്ങ് കൊന്നുകളഞ്ഞേക്ക് ': സര്‍ക്കാര്‍ തിരിച്ചെടുത്ത ഭൂമിയില്‍ കുടില്‍കെട്ടി ചിത്രലേഖയുടെ സമരം

ആര്യ. പി

കണ്ണൂര്‍: “”ഒന്നുകില്‍ ജീവിക്കാന്‍ അനുവദിക്കുക, അല്ലെങ്കില്‍ കൊല്ലുക. തൊഴിലെടുത്തു ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിന് പയ്യന്നൂരിലെ പ്രാദേശിക സി.പി.ഐ.എം അനുവദിച്ചില്ല. അങ്ങനെയാണ് പുനരധിവാസം തേടി 45 കിലോമീറ്ററോളം ദൂരമുള്ള കാട്ടാമ്പള്ളിയില്‍ എത്തിയത്. അവിടെയും ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ അങ്ങ് കൊന്നുകളഞ്ഞേക്കട്ടെ””- കണ്ണൂരിലെ ദളിത് വനിത ഓട്ടോഡ്രൈവര്‍ ചിത്രലേഖയുടെ വാക്കുകളാണ് ഇത്.

കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമി റദ്ദു ചെയ്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ 17-4-18 മുതല്‍ അനിശ്ചിതകാല കുടില്‍കെട്ടി സമരം ആരംഭിച്ചിരിക്കുകയാണ് ചിത്രലേഖ. നിര്‍മാണത്തിലിരിക്കുന്ന വീടിന് മുന്‍പിലാണ് ചിത്രലേഖയുടെ സമരം. “”സി.പി.ഐ.എം എന്നെ ജീവിക്കാന്‍ അനുവദിക്കുക, അതല്ലെങ്കില്‍ എന്നെ കൊല്ലുക”” എന്ന ബാനറുമായാണ് ചിത്രലേഖ സമരം നടത്തുന്നത്.

കാട്ടാമ്പള്ളി കുതിരത്തടത്ത് മുന്‍ സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമിയാണ് ഏതാനും ദിവസം മുമ്പ് സര്‍ക്കാര്‍ തിരിച്ചെടുത്ത് ഉത്തരവിട്ടത്. ഈ ഭൂമിയില്‍ ചിത്രലേഖയുടെ വീടുനിര്‍മാണം പാതിവഴിയിലാണ്.

ചിത്രലേഖയ്ക്ക് അനുവദിച്ച അഞ്ച് സെന്റ് ഭൂമി റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ്

പയ്യന്നൂരില്‍ ചിത്രലേഖയുടെ പേരില്‍ കരമടക്കുന്ന ഭൂമിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുതുതായി അനുവദിച്ച കാട്ടാമ്പള്ളിയിലെ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍, പയ്യന്നൂരിലുള്ള സ്ഥലത്തേക്ക് തനിക്ക് പ്രവേശന സ്വാതന്ത്ര്യമില്ലെന്നും തന്റെ അമ്മമ്മയുടെ പേരിലായിരുന്ന സ്ഥലം ജീവിതമാര്‍ഗം കണ്ടെത്തുന്നതിനുള്ള വായ്പ ലഭ്യമാക്കാന്‍ തന്റെ പേരിലാക്കിയതാണെന്നും ചിത്രലേഖ പറയുന്നു.

“”ആ ഭൂമി എന്റേതാണെന്ന് വരുത്തിത്തീര്‍ത്തു. ജീവിക്കാന്‍ അനുവദിക്കാതെ നാട്ടില്‍ നിന്നും ഓടിച്ചു. എനിക്ക് അവിടെ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സ്വാതന്ത്ര്യം ഇല്ല. ആറ് സെന്റ് ഭൂമി എന്റെ പേരില്‍ കരമടയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞ് തന്നെയാണ് എനിക്ക് കാട്ടാമ്പിള്ളിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു തന്നത്. എന്നാല്‍ അത് റദ്ദ് ചെയ്തുകൊണ്ടുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഉത്തരവ് രാഷ്ട്രീയപകപോക്കലാണ്”” ചിത്രലേഖ പറയുന്നു.

കാട്ടാമ്പള്ളിയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ചിത്രലേഖയുടെ വീട്

“സി.പി.ഐ.എം ഒന്നുകില്‍ എന്നെ ജീവിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ കൊല്ലണം. ഇതിനെ പകപോക്കല്‍ എന്നാണോ വര്‍ഗശത്രുവായി കണക്കാക്കുന്നു എന്നാണോ പറയേണ്ടത് എന്നറിയില്ല. ദളിത് സംരക്ഷണം, സ്ത്രീ സംരക്ഷണം എന്നൊക്കെയുള്ള കപട നാടകമാണ് സര്‍ക്കാര്‍ നടത്തുന്നത്. തനിക്ക് ജീവന് ഭീഷണിയുണ്ട്. ഉത്തരവ് റദ്ദ് ചെയ്യുന്നതുവരെ സമരവുമായി മുന്നോട്ട് പോകും. – ചിത്രലേഖ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

തന്നെ ജീവിതം ബോളിവുഡ് സിനിമയാകുന്നു എന്നതും സി.പി.ഐ.എം നേതൃത്വത്തിന് പ്രശ്‌നമായെന്നും അതും ഇപ്പോഴത്തെ പ്രതികാര നടപടിക്ക് കാരണമായെന്നുമാണ് ചിത്രലേഖ പറയുന്നത്.

“സി.പി.ഐ.എം നമ്മളോട് ചെയ്തതും എന്റെ സമരവും എല്ലാമാണ് സിനിമയ്ക്ക് വിഷയമാകുന്നത്. ആ വിഷയം അഭ്രപാളിയിലൂടെ എത്തുക എന്നത് സി.പി.ഐ.എമ്മിന് വലിയ തിരിച്ചടിയാണ്. ആ ഒരു കാര്യം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത”. – ചിത്രലേഖ പറയുന്നു.

സ്ഥലം റദ്ദ് ചെയ്ത നടപടിക്കെതിരെ ചിത്രലേഖ ഹൈകോടതിയെ സമീപിച്ചിരുന്നു. കേസില്‍ വക്കീല്‍ തീര്‍പ്പായി ഒന്നും പറഞ്ഞിട്ടില്ലെന്നും നിയപരമായ കാര്യം നിയപരമായി തന്നെ പോകട്ടെയെന്നാണ് പറഞ്ഞതെന്നും ചിത്രലേഖ പറഞ്ഞു.

തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ചിത്രലേഖയുടെ ആവശ്യം അംഗീകരിച്ച ഹൈകോടതി കഴിഞ്ഞദിവസം മുതല്‍ ഇവര്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രലേഖയും ഭര്‍ത്താവ് ശ്രീഷ്‌കാന്തും ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ഫ്രെയ്‌സര്‍ സ്‌കോട്ടിനോടൊപ്പം

പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖ 2004 ലാണ് എടാട്ട് ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചു തുടങ്ങിയത്. അന്ന് മുതല്‍ സി.പി.ഐ.എം പ്രവര്‍ത്തകരുമായി വാക് തര്‍ക്കം ഉണ്ടാവുകയും സി.പി.ഐ.എം-സി.ഐ.ടി.യു പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പലതവണ ജോലി അവസാനിപ്പിക്കേണ്ടി വന്നെന്നുമായിരുന്നു ചിത്രലേഖുടെ പരാതി.

ഓട്ടോറിക്ഷ സ്റ്റാന്റിലിടാന്‍ പാടില്ലെന്ന് മറ്റ് ഡ്രൈവര്‍മാര്‍ വിലക്കിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് വാക്തര്‍ക്കമാകുകയും ചിത്രലേഖയുടെ ഓട്ടോ തീവച്ചു നശിപ്പിച്ച സംഭവമടക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ദളിത് യുവതിയായ താന്‍ ഓട്ടോയുമായെത്തിയപ്പോള്‍ ചിലര്‍ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നെന്നും ചിത്രലേഖ പറഞ്ഞിരുന്നു.


Also Read എ.ടി.എമ്മുകള്‍ കാലിയാവുന്നത് വരുംദിവസങ്ങളിലും തുടരും: പ്രതിസന്ധിയുടെ കാരണം വിശദീകരിച്ച് ആര്‍.ബി.ഐ വൃത്തങ്ങള്‍


“”ഓട്ടോറിക്ഷയുമായി പയ്യന്നൂര്‍ കോളേജ് ബസ് സ്‌റ്റോപ്പിന് സമീപത്തുള്ള ഓട്ടോ സ്റ്റാന്റിലെത്തിയപ്പോള്‍ പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ചില്ല. കാരണം അന്വേഷിച്ചപ്പോഴാണ് ജാതിവെറിയാണ് കാരണം എന്ന് തിരിച്ചറിഞ്ഞത്. മൂന്ന് മാസം ആ ഓട്ടോ സ്റ്റാന്റില്‍ വണ്ടി പാര്‍ക് ചെയ്യാനോ ഓടിക്കാനോ ആയില്ല. ലോണ്‍ തിരിച്ചടിക്കാന്‍ ഗതിയില്ലാതായി. ഒടുവില്‍ പെര്‍മിറ്റ് നേടി സ്റ്റാന്റില്‍ ഓട്ടോയുമായെത്തിയപ്പോള്‍ സി.ഐ.ടി.യുക്കാര്‍ ദേ പുലച്ചി ഓട്ടോ ഓടിക്കുന്നു എന്ന് അട്ടഹസിച്ചു പരിഹസിച്ചു”- ചിത്രലേഖ പറയുന്നു.

പിന്നീട് സുഹൃത്തുക്കളും പൗരാവകാശ പ്രവര്‍ത്തകരും പിരിവെടുത്തു വാങ്ങിക്കൊടുത്ത പുതിയ ഓട്ടോയും നശിപ്പിക്കപ്പെടുകയും വീടു കയറിയുള്ള ആക്രമണവും ഉണ്ടായിരുന്നു.

എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതായ സാഹചര്യത്തിലാണ് 2014-15ല്‍ നാലു മാസത്തോളം കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ കുടിലുകെട്ടി ചിത്രലേഖ രാപകല്‍ സമരം നടത്തിയത്. പിന്നീടു തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു മുന്‍പിലും ആഴ്ചകളോളം സമരം നടത്തിയതിനെ തുടര്‍ന്നാണ് 2016 മാര്‍ച്ചില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചിറയ്ക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ അഞ്ചു സെന്റ് അനുവദിച്ചത്. വീട് നിര്‍മിക്കാനായി ഫണ്ടും അനുവദിച്ചിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഫണ്ട് റദ്ദാക്കുകയായിരുന്നെന്ന് ചിത്രലേഖ പറയുന്നു.

ചിത്രലേഖയുടെ വീടിന് മുന്‍പില്‍ നായയെ കൊന്നുതള്ളിയ നിലയില്‍

ഏപ്രില്‍ 12 ന് ചിത്രലേഖയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിനുള്ളില്‍ ആരോ പട്ടിയുടെ ജഡം വികൃതമാക്കി കൊണ്ടിട്ട സംഭവവും വിവാദമായിരുന്നു. ആ സംഭവവും ഭീഷണിയായി തന്നെയാണ് കാണുന്നതെന്ന് ചിത്രലേഖ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ജനവാസ മേഖലയിലാണ് ചത്ത പട്ടിയെ കൊണ്ടിടുന്നത്. അതും ഞാന്‍ ഇവിടെ താമസിക്കുന്നുണ്ടെങ്കില്‍ പ്രശ്‌നമില്ല. അത് എന്നെ ബാധിക്കുമെന്ന് കരുതാം. നമ്മളെ ശല്യം ചെയ്തതായി കണക്കാക്കാം. എന്നാല്‍ ഇത് അങ്ങനെയല്ല. നായയുടെ കഴുത്തില്‍ കയറൊക്കെ കുരുക്കിയായിരുന്നു കൊണ്ടിട്ടത്. ഭീഷണി തന്നെയാണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് ചിത്രലേഖ പറയുന്നു.

അതേസമയം ചിത്രലേഖയുടെ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് യു.ഡി.എഫ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ ആരംഭിച്ച ചിത്രലേഖയുടെ അനിശ്ചിതകാല സമരം കോണ്‍ഗ്രസ് നേതാവ് എ.ഡി മുസ്തഫയാണ് ഉദ്ഘാടനം ചെയ്തത്.

“” സ്വാശ്രയ മെഡിക്കല്‍ കോളജില്‍ ലക്ഷങ്ങള്‍ കോഴ നല്‍കി അനധികൃതമായി പ്രവേശനം നേടിയ സമ്പന്നരെ സഹായിക്കാന്‍ പ്രത്യേക നിയമം തന്നെ നിര്‍മിച്ച സര്‍ക്കാര്‍, ഒരു ദരിദ്ര ദലിത് കുടുംബത്തോട് ഇങ്ങനെ ചെയ്യുന്നതു ലജ്ജാവഹമാണെ””ന്നായിരുന്നു ഭൂമി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിന് പിന്നാലെയുള്ള ചിത്രലേഖയുടെ പ്രതികരണം.

“”ഞാന്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്തു നേടിയ അഞ്ച് സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി. എന്നെ ഇനിയും ജീവിക്കാന്‍ വിടുന്നില്ലാ എങ്കില്‍ സഖാവ് പിണറായി എന്നെയും കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്കു തിന്നുന്നതാ നല്ലത് “” എന്നായിരുന്നു ചിത്രലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ ഒന്നും ഇതുവരെയുണ്ടായിട്ടില്ല. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ചിത്രലേഖ പറയുന്നു.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more