കറുത്ത തൊലിയോടുള്ള അടങ്ങാത്ത വിദ്വേഷത്തെക്കുറിച്ച്
മുസാഫിര്‍ അഹമ്മദ്
പഴയ കാലത്ത് അയ്യങ്കാളിയും അംബേദ്കറും നടത്തിയ സാമൂഹിക വിപ്ലവത്തെക്കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങള്‍ തൊട്ടുമുന്നിലുള്ള സമൂഹത്തില്‍ ഇപ്പോഴും ജീവിക്കുന്ന ജാതീയമായ ഉച്ഛനീചത്വങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കുന്നു. കൃഷി ഭൂമികളുടെ അവകാശികളായ ദളിതുകള്‍ തലചായ്ക്കാനൊരിടമില്ലാതെ ചരിത്രത്തിലെ മൂന്ന് സെന്റ് കോളനികളിലേക്ക് എടുത്തെറിയപ്പെട്ടുഅവിടെ നിന്ന് എഴുന്നേറ്റ് വരാനുള്ള ദളിത് വിഭാഗങ്ങളുടെ എല്ലാ ശ്രമങ്ങളും പലപ്പോഴായി അടിച്ചമര്‍ത്തപ്പെട്ടു.
ദലിതന് മൂന്ന് സെന്റ് ഭൂമിയെങ്കിലും ലഭിച്ചെത് ഭൂപരിഷ്കരണത്തിന്റെ ഫലമായാണ്. ജന്മിയുടെയും ദലിതന്റെയും ഇടയിലുള്ള ഇടനിലക്കാര്‍ക്കാണ് ഭൂപരിഷ്കരണത്തിലൂടെ കൃഷി ഭൂമി ലഭിച്ചത്. മണ്ണില്‍ പണിയെടുത്തവന് കൃഷി ഭൂമി ലഭിക്കുന്നതിന് ഭൂപരിഷ്കരണത്തിന് തുടര്‍ച്ച അനിവാര്യമായിരുന്നു. പക്ഷെ അതുണ്ടായില്ല. ഭൂപരിഷ്കരണമെന്നുള്ളത് സാമുഹിക വികാസത്തിന്റെ പൂര്‍ണ്ണമായ ഘട്ടമായിരുന്നില്ല. തുടര്‍ച്ച ആവശ്യമുണ്ടായിരുന്ന ഒരു കാല്‍വെപ്പ് മാത്രമായിരുന്നു.
ഒരു കൊലക്കേസുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഡി എച്ച് ആര് എം എന്ന പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. കേരളത്തില്‍ എത്രയോ കള്ളപ്പണക്കാരും ബൂര്‍ഷ്വാ മുതലാളിമാരുമെല്ലാം ഉണ്ടായിട്ടും ഒരു ഇടത്തരം വ്യാപാരി കൊല്ലപ്പെട്ടു. അത് ഡി എച്ച് ആര് എമ്മിന്റെ പേരിലെഴുതപ്പെട്ടു. പോലീസ് കഥകള്‍ക്കൊപ്പം മാധ്യമങ്ങളും ഉറഞ്ഞു തുള്ളി. കറുത്ത കുപ്പയാമണിഞ്ഞ ഡ്രാക്കുള കഥകളിലെ ഭീകര കഥാപാത്രങ്ങളായി ഡി എച്ച് ആര് എം അവതരിപ്പിക്കപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് ദളിത് യുവാക്കള പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു. അവരുടെ കോളനികളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഡി എച്ച് ആര് എം പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സര്‍ക്കാറിന് എന്ത് കൊണ്ട് അറായാന് കഴിഞ്ഞില്ലെന്നാണ് പ്രതിപക്ഷ നേതാവ് പോലും ചോദിച്ചത്. എന്നാല്‍ അതല്ലായിരുന്നു സത്യം. അറിയേണ്ടവര്‍ അത് അറിഞ്ഞിരുന്നു. വര്‍ക്കലയിലെ ദളിത് കോളനിയിലെ പട്ടിണിയില്‍ നിന്നും സാമൂഹ്യ പിന്നാക്കാവസ്ഥയില്‍ നിന്നും ഉയിര് കൊണ്ട ആ പ്രസ്ഥാനം നേരത്തെ തന്നെ പലരുടെയും കണ്ണിലെ കരടായിരുന്നു…
മൂന്ന് സെന്റ് കോളനികളില്‍ ഒരു പുര രണ്ടാക്കിയാണ് അവര്‍ കഴിയുന്നത്. ഒറ്റമുറിയുള്ള വീട്ടില്‍ മകന്റെ കല്യാണ ദിവസം വീടിന് പുറത്ത് കിടക്കേണ്ടി വരുന്ന മാതാപിതാക്കള്‍, വീടിന്റെ തറ മാന്തി അച്ഛന്റെ മൃതദേഹം അടക്കേണ്ടി വരുന്ന മക്കള്‍.അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് ഒരുകുഴിമാടത്തില് അടക്കേണ്ടി വരുന്നവര്‍. മൂന്ന് സെന്റും കക്കൂസും കോഴിയും താറാവും നല്കി എല്ലാവരും ചേര്‍ന്ന് തങ്ങളെ കബളിപ്പിക്കുകയായിരുന്നു ഇത്രയും കാലമെന്ന് അവര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
പാര്‍ട്ടികള്‍ക്കു വേണ്ടി കൊടിപിടിക്കാനും തല്ലാനും അവര്‍ ആട്ടിത്തെളിക്കപ്പെട്ടു. ജാഥക്ക് എണ്ണം തികക്കാന്‍ മദ്യവും പണവും നല്കി അവര്‍ അണിനിരത്തപ്പെട്ടു. അങ്ങനെ ദളിത് കോളനികള്‍ മദ്യവും മയക്കുമരുന്നും ക്രിമിനലിസവും വാഴുന്ന സ്ഥലമാണെന്ന് മൂദ്രകുത്തപ്പെട്ടു.
ഇത്രയും കാലം മുഖ്യാധാരയോട് ഒട്ടി നില്ക്കാന് ശ്രമിച്ചിട്ടും ഇപ്പോഴും പതിറ്റാണ്ടുകള്‍ പിറകില്‍ തന്നെ കഴിഞ്ഞു അവര്‍. തങ്ങള്‍ ഇത്രയും കാലം മുഖ്യധാരയുടെ വാലുകളാവുകയായിരുന്നെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണവര്‍ മുഖ്യാധാര വിട്ട് സ്വത്വരാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. ദീര്‍ഘമായ ഉറക്കം വിട്ട് വര്‍ക്കല കോളനിയിലെ ദളിതുകള്‍ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അത് പലരുടെയും ഉറക്കം കെടുത്തിത്തുടങ്ങി.
2007 ഡിസംബര്‍ 26നാണ് ദളിത് ഹ്യൂമന്‍ റൈറ്റസ് മൂവ്മെന്റ് രൂപമെടുത്തത്. ചെങ്ങറ സമരം തുടങ്ങിയ കാലഘട്ടമായിരുന്നു അത്. ഭൂമിക്ക് വേണ്ടി സംസ്ഥാനത്ത് മറ്റ് മുന്നേറ്റങ്ങളും രൂപപ്പെട്ടിരുന്നു. സ്ഥാപക ചെയര്മാന് പറവൂര്‍ സ്വദേശി പവിത്രന്. ഇദ്ദേഹത്തിന് ശേഷം വി വി ശെല്വരാജന് സ്ഥാനമേറ്റെടുത്തു. രൂപവത്കരണവും പ്രവര്‍ത്തനവുമെല്ലാം നിയമാനുസൃവും പരസ്യവുമായിരുന്നു. ദളിത് കോളനിയില്‍ നിന്ന് മദ്യവും മയക്കുമരുന്നും കുടിയിറക്കുകയെന്നതായിരുന്നു ആദ്യ ലക്ഷ്യം. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുറവ, വേട, സമദായങ്ങള് വസിക്കുന്ന കോളനികളില്‍ സംഘടന ശക്തിപ്പെട്ടു. ബോധവത്കരണം നടത്തിയും ക്യാമ്പകുകള് സംഘടിപ്പിച്ചും അങ്ങനെ ക്രമേ ദളിത് യുവാക്കള്‍ ലഹരിയില്‍ നിന്ന് വിമുക്തരായിത്തുടങ്ങി. കോളനികളിലെ മിക്ക യുവാക്കളും ഏതെങ്കിലും രാഷട്രീയ പാര്‍ട്ടികളുടെ ചാവേറുകളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. തല്ല് കൊള്ളാനും കൊടുക്കാനുമുള്ളവര്. ഇനി അങ്ങനെ തല്ലുകൊല്ലികളായി കഴിയേണ്ടെന്ന് ചിലര്‍ തീരുമാനിച്ചു. ജീവിതത്തിലേക്കുള്ള മടക്കമായിരുന്നു അത്. എന്നാല്‍ അത് പലര്‍ക്കും രുചിച്ചില്ല. കോളനിയില്‍ മദ്യമൊഴുക്കിയിരുന്നത് ആദ്യം സി പി ഐ എമ്മും പിന്നീട് ശിവസേനക്കാരുമാണെന്ന് കോളനി നിവാസികള്‍ പറയുന്നു. യുവാക്കള്‍ ലഹരി വിമുക്തരാകാന്‍ തുടങ്ങിയതോടെ ഇത്തരം സംഘടനകള്‍ ഡി ആര് എച്ച് എമ്മിനെ ശത്രുതയോടെ കാണാന്‍ തുടങ്ങി.
തിരുവനന്തപുരം തൊടുവേ കോളനിയില്‍ സംഘടനയുടെ യോഗം കലക്കാന്‍ നഗരസഭാ ചെയര്‍മാനായ സി പി ഐ എം നേതാവായിരുന്നു മുന്‍കൈയ്യെടുത്തത്. സി പി ഐ എം-ഡി ആര് എച്ച് എം പ്രവര്‍ത്തകര്‍ പ്രതികളായ പോലീസ് കേസുകള്‍ നിരവധിയുണ്ട്. പിന്നീട് ഇവിടെ ശക്തി പ്രാപിച്ച ശിവസേനയാണ് ഡി ആര് എച്ച് എമ്മിനെ എതിരിട്ടത്. അങ്ങനെിരിക്കെയാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഡി ആര് എച്ച് എം വര്‍ക്കലയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. തീരുമാനം പലരെയും വിളറി പിടിപ്പിച്ചു. സജിമോനായിരുന്നു സംഘടനയുടെ സ്ഥാനാര്‍ഥി. സജിമോന്‍ ലഭിച്ചത് അയ്യായിരത്തിലേറെ വോട്ടുകള്‍.
ഡി എച്ച് ആര് എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സി പി ഐ എമ്മുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച വരികയായിരുന്നു. ഡി എച്ച് ആര് എമ്മിന്റെ പ്രവര്‍ത്തനം ആരുമറിഞ്ഞില്ലെന്ന് പറയുന്നത് തെറ്റാണെന്നാണ് കഴിഞ്ഞ കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അറിയേണ്ടവര്‍ എല്ലാം അറിഞ്ഞിരുന്നു. പോലീസും. ദളിത് മുന്നേറ്റം ലക്ഷ്യം വെ്ച്ച് അംബേദ്കറുടെ ജീവിതം മാതൃകയാക്കി ബുദ്ധമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ഡി എച്ച് ആര് എം എങ്ങനെ വര്‍ക്കലയില്‍ കൊലക്കേസില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടുവെന്ന് അന്വേഷിക്കേണ്ടതുണ്ട്.
വര്‍ക്കല സംഭവത്തെക്കുറിച്ച് ഡി ആര് എച്ച് എം ചെയര്മാന് സെല്‍വരാജന്റെ വാക്കുകള്‍ “ആയുധ പരിശീലനം തങ്ങളുടെ അജണ്ടയിലില്ല. പോലീസില്‍ വിവരമറിയിച്ച ശേഷമാണ് ക്യാമ്പുകള്‍ നടത്താറ്. ഒരു ദളിത് കുഞ്ഞു പോലും തീവ്രവാദിയോ സാമൂഹിക വിരുദ്ധനോ ആകാതിരിക്കാനുള്ള ക്ലാസാണ് തങ്ങള്‍ നല്‍കുന്നത്. പോലീസ് പ്രചരിപ്പിക്കുന്നത് പോലെ സംഘടനാ നേതൃത്വം അറിഞ്ഞുകൊണ്ടല്ല ഈ കൊലപാതകം നടന്നത്. ഞങ്ങള്‍ ഇതെക്കുറിച്ച് ഗൗരവമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി ആര് എച്ച് എം പ്രവര്‍ത്തകര്‍ക്ക് കൊലയുമായോ മറ്റേതെങ്കിലും അക്രമപ്രവര്‍ത്തനങ്ങളുമായോ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ നിയമത്തിന് മുന്നില്‍ ഹാജരാക്കാന്‍ തങ്ങള്‍ മുന്‍കൈയ്യെടുക്കും.
ബാബാ സാഹിബ് അംബേദ്കറും അയ്യങ്കാളിയുമാണ് തങ്ങളുടെ ആദര്‍ശ പുരുഷന്മാര്. കറുപ്പ് എല്ലാവര്ക്കും സ്വീകാര്യമായ വേഷമാണ് മറ്റു പലരും കറുപ്പ് ധരിക്കുമ്പോള്‍ ഒന്നും കാണുന്നില്ല, ഞങ്ങളുടെ കറുത്ത യൂനിഫോമിനോട് ചിലര്‍ കാണിക്കുന്ന വിരോധം കറുത്ത വേഷത്തോടുള്ളതല്ല, ഞങ്ങളുടെ കറുത്ത തൊലിയോടുള്ള അടങ്ങാത്ത വിദ്വേഷമാണ്”.
16 ഒക്ടോബര്‍ 2009
മേഴ്സിയുടെ ഓര്‍മ്മകള്‍ക്ക് ശവത്തിന്റെ ഗന്ധം