| Friday, 23rd December 2022, 12:53 pm

മനപൂര്‍വം ഉണ്ടാക്കിയ നരഹത്യ, പണം നല്‍കിയിട്ടും സൗകര്യം ഒരുക്കിയില്ല; ദേശീയ ഫെഡറേഷനെതിരെ കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിന്റെ ദേശീയ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണം
മനപൂര്‍വം ഉണ്ടാക്കിയ നരഹത്യയെന്ന് കേരളാ സൈക്കിള്‍ പോളോ അസോസിയേഷന്‍. ആള്‍ ഇന്ത്യ സൈക്കിള്‍ പോളോ ഫെഡറേഷനും കേരളത്തിലെ സമാന്തര സംഘടനയുമാണ് ഇതിന് ഉത്തരവാദികളെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

കോടതിയലക്ഷ്യ ഹരജിയിലാണ് കുറ്റപ്പെടുത്തലുകളുള്ളത്. ഹരജി ജസ്റ്റിസ് വിജി അരുണ്‍ വെള്ളിയാഴ്ച പരിഗണിക്കും.

ഭക്ഷണത്തിനും താമസത്തിനുമായി 50,000 രൂപ നല്‍കിയിട്ടും മതിയായ സൗകര്യം ആള്‍ ഇന്ത്യ സൈക്കിള്‍ പോളോ ഫെഡറേഷന്‍ ഒരുക്കിയില്ലെന്നും കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ സെക്രട്ടറി ഇ.കെ. റിയാസ് പറഞ്ഞു.

ബി.എം.എസ് ഓഫീസിലാണ് ഇപ്പോഴും താമസിക്കുന്നതെന്നും ഭക്ഷണം പോലും ഫെഡറേഷന്‍ നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

‘കോടതിയുത്തരവുമായി മത്സരിക്കാനെത്തിയവര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയില്ല. അഖിലേന്ത്യാ ഫെഡറേഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് അരലക്ഷം രൂപ ഇതിനായി നേരത്തെ നല്‍കിയിരുന്നു.

എന്നാല്‍ കേരളത്തിലെ സമാന്തര സംഘടനയ്ക്കാണ് അഖിലേന്ത്യാ ഫെഡറേഷന്‍ പരിഗണന നല്‍കിയത്. ഈ സംഘടനയ്ക്ക് കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ല,’ കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ പറഞ്ഞു.

അതേസമയം, നിദ ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എം.പി എ.എം.ആരിഫ്, ചാലക്കുടി എം.പി. ബെന്നി ബഹന്നാന്‍ എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ദേശീയ സൈക്കിള്‍ പോളോ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നിദ ഫാത്തിമ ഭക്ഷ്യവിഷബാധയേറ്റ് നാഗ്പുരില്‍ മരിച്ചത്. അമ്പലപ്പുഴ വടക്ക് കാക്കാഴം സുഹ്‌റാ മന്‍സില്‍ ശിഹാബ്ദ്ദീന്‍-അന്‍സില ദമ്പതികളുടെ മകളാണ് നിദ ഫാത്തിമ.

Content Highlight: Kerala Cycle Polo Association responds on  Kerala’s national cycle polo player Nidha Fatihma passes away

We use cookies to give you the best possible experience. Learn more