തിരുവനന്തപുരം: വിവാദമായ വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ട ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സ്ഥലംമാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലംമാറ്റിയത്. ജോര്‍ജിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പെട്ടെന്നുള്ള മാറ്റത്തിന് പ്രത്യേകം കാരണമൊന്നും പറയുന്നില്ല.
ജോര്‍ജ് രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികൂട്ടിലായതിന് പിന്നാലെയാണ് എസ്.പി എ.വി ജോര്‍ജ്ജിന്റെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് പിരിച്ചു വിട്ടിരുന്നു.
റൂറല്‍ എസ്പി എ.വി. ജോര്‍ജിന്റെ നിയന്ത്രണത്തിലായിരുന്ന സ്‌ക്വാഡില്‍ അംഗങ്ങളായ മുഴുവന്‍ പൊലീസുകാരോടും എ.ആര്‍ ക്യാംപിലേക്കു മടങ്ങാനും നിര്‍ദേശിച്ചിരുന്നു.
കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയതു സ്‌ക്വാഡിലെ പൊലീസുകാരാണെന്നും അപ്പോള്‍ തന്നെ മര്‍ദനം തുടങ്ങിയതായും ശ്രീജിത്തിന്റെ അമ്മയും ബന്ധുക്കളും മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍, ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും തുടര്‍ന്ന് സ്‌ക്വാഡിലെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
പൊലീസിനകത്തെ ഇത്തരം പ്രത്യേക സ്‌ക്വാഡുകളുടെ ചട്ടവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഇന്റലിജന്‍സ് മുന്‍പ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇവരുടെ മുറകള്‍ അതിരുവിടുന്നുവെന്നും നിയന്ത്രിച്ചില്ലെങ്കില്‍ സേനയ്ക്കാകെ കളങ്കമാകുമന്നുമായിരുന്നു ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിരുന്നത്.
ഇവര്‍ കൈകാര്യം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ വടക്കന്‍ പറവൂരില്‍ മുങ്ങിമരിക്കാന്‍ ഇടയായ സാഹചര്യത്തിലായിരുന്നു അത്.
ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് പിടികൂടിയതെന്ന വസ്തുത പുറത്തുവന്നതു മുതല്‍ ഉദ്യോഗസ്ഥര്‍ക്കു പ്രതിരോധവുമായി എസ്പി എ.വി. ജോര്‍ജ് സജീവമായി രംഗത്തുനിന്നെന്നും ആരോപണവും ഉയര്‍ന്നിരുന്നു.
ചട്ടവിരുദ്ധമായി സ്‌ക്വാഡ് രൂപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്ത എസ്.പിക്കും കസ്റ്റഡി മരണത്തില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം ആരോപിച്ചത്. എസ്.പിയെ തല്‍സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണം സത്യസന്ധമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എസ്.പി എ.വി ജോര്‍ജ്ജിന് ആരാണ് ഇതിനുള്ള അധികാരം നല്‍കിയത് എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നും ആദ്യഘട്ടത്തില്‍ അത്തരമൊരു ചോദ്യം ചോദിച്ചു എന്നല്ലാതെ പിന്നീട് അദ്ദേഹം പോലും അത് ഫോളോ അപ്പ് ചെയ്തില്ലെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി തുഷാര്‍ നിര്‍മല്‍ പറയുന്നു.
“”കേരളാ പൊലീസ് നിയമത്തിലെ 21-ാം വകുപ്പ് അനുസരിച്ച് പൊലീസില്‍ പ്രത്യേക വിംഗോ, യൂണിറ്റൊ, ബ്രാഞ്ചൊ, സ്‌ക്വാഡൊ രൂപീകരിക്കുന്നതിനും അവയുടെ അധികാര പരിധിയും ഉത്തരവാദിത്തവും നിയന്ത്രണവും ഒക്കെ തീരുമാനിക്കാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാറിനാണ്. ഇവിടെ സര്‍ക്കാറല്ല റൂറല്‍ എസ്.പിയാണ് ” റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ” എന്ന സ്‌ക്വാഡ് രൂപീകരിച്ചത്. അദ്ദേഹം ഒരിക്കലും കേരള സര്‍ക്കാര്‍ ആവില്ല. റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിന് ആരാണ് ഇതിനുള്ള അധികാരം നല്‍കിയത് എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുമില്ല.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല റൂറല്‍ എസ്.പി. എ.വി. ജോര്‍ജ്ജ് ” റൂറല്‍ ടൈഗര്‍ ഫോഴ്‌സ്” രൂപീകരിച്ചതെങ്കില്‍ ഗുരുതരമായ നിയമ ലംഘനവും അച്ചടക്ക ലംഘനവുമാണ് റൂറല്‍ എസ്.പി എ.വി.ജോര്‍ജ്ജ് നടത്തിയിട്ടുള്ളത്. ഇല്ലാത്ത അധികാരം പ്രയോഗിച്ച് പൊലീസ് സേനക്ക് അകത്ത് പ്രത്യേക വിഭാഗം സൃഷ്ടിക്കുകയാണ് ജോര്‍ജ്ജ് ചെയ്തിട്ടുള്ളത്.
ഇവിടെ നിലവിലുളള ജനാധിപത്യ രീതികളെ നിയമവാഴ്ചയെ ഭരണഘടനാപരമായ അധികാര പരിധികളെ ഒക്കെ ഇത് വഴി ലംഘിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആലുവാ റൂറല്‍ എസ്.പി ക്കെതിരെ കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.””- തുഷാര്‍ പറയുന്നു.
ആലുവ റൂറല്‍ എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സില്‍ എല്ലാവരും എ.ആര്‍ ക്യാംപില്‍നിന്നുള്ള പൊലീസുകാരാണ്. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടുള്ള പൊലീസ് സ്റ്റേഷന്‍ പരിചയം തീരെയില്ലാത്തവരാണ് ഇവര്‍.
വരാപ്പുഴ ദേവസ്വംപാടത്തുനിന്നു വെള്ളിയാഴ്ച അര്‍ധരാത്രി എസ്പിയുടെ നിര്‍ദേശപ്രകാരം സ്‌ക്വാഡ് പിടികൂടിയ ശ്രീജിത്ത് അടക്കമുള്ളവരെ എന്തെല്ലാം ചെയ്തു, എവിടെയെല്ലാം കൊണ്ടുപോയി എന്ന കാര്യത്തില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും കാര്യമായ ധാരണയൊന്നുമില്ല.
വരാപ്പുഴയിലെ പൊലീസ് നടപടി എല്‍.ഡി.എഫ് നയത്തിനും 2011ലെ പൊലീസ് ആക്ടിനും വിരുദ്ധമാണെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്റെ വാക്കുകള്‍.”” സര്‍ക്കാരിന്റെ നയം ഇതല്ലെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു റൂറല്‍ എസ്പിക്ക് ഇത്തരത്തില്‍ ഒരു സ്‌ക്വാഡ് രൂപീകരിക്കാന്‍ ചട്ടമില്ല. അത്തരത്തില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിന്റെ തെളിവാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണവും സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരുടെ അറസ്റ്റും””- കാനം അഭിപ്രായപ്പെട്ടു.
പൊലീസ് സേനയ്ക്ക് അകത്ത് സി.ഐയുടെ നേതൃത്വത്തില്‍ വ്യാപകമായി ഇത്തരം സേനകള്‍ ഉണ്ട് എന്നാണ് അറിവെന്ന് തുഷാര്‍ നിര്‍മാല്‍ പ്രതികരിക്കുന്നു. ആളുകളെ പിടിക്കുക, ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യുക എന്നൊക്കെയാണ് ഇവരുടെ ലക്ഷ്യം എന്നാണ് പറയപ്പെടുന്നത്.
സിറ്റി ടാസ്‌ക് ഫോഴ്‌സ് എന്നൊരു സംഘം ഉണ്ടാക്കിയിരുന്നു. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ്. അത് പിന്നീട് എന്തായി എന്ന് അറിയില്ല. അത്തരം സംഘങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സി.ഐയുടെ നേതൃത്വത്തിലും എസ്.ഐയുടെ നേതൃത്വത്തിലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ഉണ്ട്.
ഇതിനൊക്കെ തെളിവ് ചോദിച്ചാല്‍ കൊടുക്കാന്‍ കഴിയില്ല. ഇതിന്റെ സംവിധാനത്തെ കുറിച്ച് നമുക്ക് അറിയില്ല. എത്ര വിങ്ങുകളുണ്ട്, ഗ്രൂപ്പുകളുണ്ട് എന്ന് അറിയില്ല. അവര്‍ വെളിപ്പെടുത്തുകയും ഇല്ല. മാത്രവുമല്ല ഇവര്‍ യൂണിഫോമിലായിരിക്കില്ല. ഒരാളെ ഇടിച്ചുകഴിച്ചാല്‍ ആരാണ് ഇടിച്ചതെന്ന് പോലും പറയാന്‍ കഴിയില്ല. ആ പൊലീസ് സ്റ്റേഷനില്‍ അയാള്‍ ഉണ്ടാവുകയും ഇല്ല. ഇവര്‍ ഈ ഫോഴ്‌സിന്റെ ഭാഗമായി വരുന്നവരായിക്കും. അവരുടെ പ്രസന്‍സ് നമുക്ക് തെളിയിക്കാനും കഴിയില്ല.-തുഷാര്‍ പറയുന്നു.