| Saturday, 8th June 2024, 4:17 pm

നിമിഷ സജയനെതിരായ സൈബര്‍ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടി നിമിഷ സജയനെതിരായ സൈബര്‍ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെയാണ് നിമിഷക്കെതിരെ സൈബറാക്രമണം തുടങ്ങിയത്.

നാല് വര്‍ഷം മുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയില്‍ പങ്കെടുക്കുന്നതിനിടെ നിമിഷ പറഞ്ഞ പ്രസ്താവന കുത്തിപ്പൊക്കിയാണ് സൈബര്‍ ആക്രമണം.

‘ഞാനിപ്പോള്‍ ഒരു ബോര്‍ഡ് വായിച്ചിരുന്നു. തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് എന്ന്. നമ്മള്‍ കൊടുക്കുമോ, കൊടുക്കില്ല,’ എന്നായിരുന്നു നിമിഷ സജയന്റെ പരാമര്‍ശം. ഇത് ചൂണ്ടിക്കാട്ടിയാണ് തീവ്ര വലതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നടിക്കെതിരെ ആക്രമണം നടത്തുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ ഉണ്ടായ അധിക്ഷേപത്തിന് പിന്നാലെ താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ കമന്റ് ബോക്‌സ് ഓഫ് ചെയ്തിരുന്നു. ഇപ്പോള്‍ നിമിഷ സജയന് പിന്തുണ നല്‍കികൊണ്ട് നിരവധി ആളുകളാണ് പ്രതികരിക്കുന്നത്.

സുരേഷ് ഗോപി ആരാധകരായ സൈബര്‍ തെമ്മാടികളുടെ ആക്രമണം നേരിടുന്ന നടി നിമിഷ സജയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. 70 വര്‍ഷം മുമ്പുള്ള നെഹ്റുവിന്റെ ചരിത്രം തോണ്ടുന്ന സംഘികള്‍ നാല് വര്‍ഷം മുമ്പ് നിമിഷ പറഞ്ഞൊരു പ്രസ്താവനയെയാണ് ഇപ്പോള്‍ കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ മുതല്‍ നിമിഷ സജയന്‍ സംഘപരിവാറിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. സുരേഷ് ഗോപിയുടെ രാഷ്ട്രീയ നിലപാടുകളയും ഫ്യൂഡല്‍ മനോഭാവത്തെയും, സ്ഥാനാര്‍ത്ഥിത്വത്തേയും ചോദ്യം ചെയ്യുകയും നിശിതമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത വ്യക്തി കൂടിയാണ് നിമിഷയെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

അതേസമയം നിമിഷ സജയനെതിരായ സൈബര്‍ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് കേരള കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. ഏത് വിഷയത്തിലും അഭിപ്രായം പറയാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്ന് കയറുന്ന സൈബര്‍ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് കേരള കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടത്. മലയാള സിനിമാരംഗത്ത് നിന്ന് ആര്‍.എസ്.എസിനും അതിന്റെ വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകള്‍ക്കുമെതിരായി ചെറു ശബ്ദം പോലും ഉയര്‍ന്നുവരാത്ത സന്ദര്‍ഭത്തിലാണ് നിമിഷാ സജയന്‍ പ്രതികരിച്ചതെന്നും സംഘടന ചൂണ്ടിക്കാട്ടി.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പോലുള്ള സിനിമകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച്, സാംസ്‌കാരികമായി സനാതന ആര്‍ഷഭാരതക്കാരുടെ കരണക്കുറ്റിക്ക് തന്നെ പ്രഹരമേല്‍പിച്ച നിമിഷ സജയനെ ആര്‍.എസ്.എസ് ക്രിമനലുകള്‍ വിടാതെ പിന്തുടരുകയാണെന്നും കേരള കള്‍ച്ചറല്‍ ഫോറം ചൂണ്ടിക്കാട്ടി.

സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങളിലടക്കം തന്റെ നിലപാടുകള്‍ ശക്തമായി തുറന്ന് പറഞ്ഞുകൊണ്ട് ഹിന്ദുത്വ ഫാസിസത്തിനെതിരെ നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് നിമിഷ സജയന്‍.

Content Highlight: Kerala Cultural Forum wants to stop cyber bullying against Nimisha Sajayan

Latest Stories

We use cookies to give you the best possible experience. Learn more